പ്രതീകാത്മക ചിത്രം
തുല്യത, സാമൂഹിക നീതി, വ്യക്തിസ്വാതന്ത്ര്യം, ഭരണകൂട നിലപാടുകളോടു ഭയമില്ലാതെ വിയോജിക്കാനുള്ള അവകാശം എന്നിവ ഉൾച്ചേരുമ്പോൾ മാത്രമാണ് ജനാധിപത്യം അതിന്റെ യഥാർഥ അർഥത്തിൽ പൂർണമാകുന്നത്. ഭരണഘടനയെന്നതു കേവലം ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള അധികാരപത്രമല്ല. മറിച്ച്, അത് ഏറ്റവും ദുർബലനായ മനുഷ്യന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുനിർത്തുന്ന ജീവസുറ്റ സുരക്ഷാകവചമാണ്.
തെരഞ്ഞെടുപ്പുകൾ കേവലം ഭരണാധികാരികളെ മാറ്റാനുള്ള വഴിയല്ല, മറിച്ച് ജനങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്ന വ്യവസ്ഥാപിത സമ്പ്രദായമാണ്. എന്നാൽ, ഇന്നത്തെ ലോകത്ത് പലയിടത്തും ജനാധിപത്യം ദുർബലമാക്കപ്പെടുകയും കേവല തെരഞ്ഞെടുപ്പ് ഭരണം മാത്രമായി അതു ജീർണിക്കുകയും ചെയ്യുന്ന വേദനാജനകമായ കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ യഥാർഥ മൂല്യങ്ങൾ സ്മരിക്കാനും അവ സംരക്ഷിക്കാനും അന്താരാഷ്ട്ര ജനാധിപത്യദിനം നമ്മെ ഓർമിപ്പിക്കുന്നു.
പോരാട്ടങ്ങളിലൂടെ ആർജിച്ചെടുത്ത ചരിത്രം
ചരിത്രം പരിശോധിച്ചാൽ ഇന്നത്തെ ജനാധിപത്യ അവകാശങ്ങൾ ആരും ആർക്കും വെള്ളിത്തളികയിൽ വച്ചുനീട്ടിയ ദാനമല്ലെന്നു വ്യക്തമാകും. രാജാക്കന്മാരുടെയും ഏകാധിപതികളുടെയും അപ്രമാദിത്വത്തെ ചോദ്യംചെയ്തുകൊണ്ട് സാധാരണക്കാരായ ജനങ്ങൾ രക്തംചിന്തി നടത്തിയ സഹനസമരങ്ങളാണ് ആധുനിക ജനാധിപത്യത്തിന് അടിത്തറ പാകിയത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം മുഴക്കിയ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യം രാജവാഴ്ചകളുടെ അടിത്തറയിളക്കി ലോകമെങ്ങും അലയടിച്ചു. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ ഹിറ്റ്ലറുടെ നാസിസവും മുസോളിനിയുടെ ഫാസിസവും ലോകത്തെ വിഴുങ്ങിയപ്പോൾ, പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവത്യാഗത്തിലൂടെയാണ് ജനാധിപത്യലോകം ആ ഭീകരതകളെ മറികടന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനങ്ങളെ അടിച്ചമർത്തിയ സൈനിക സ്വേച്ഛാധിപത്യത്തിനെതിരേ തൊഴിലാളികളും വിദ്യാർഥികളും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു. മനുഷ്യന്റെ അന്തസിനെ വർണത്തിന്റെ പേരിൽ തടവിലിട്ട ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണത്തെ തകർത്തെറിഞ്ഞതും നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുയർന്ന ജനാധിപത്യ പോരാട്ടമായിരുന്നു. ഇവയെല്ലാം അടിവരയിടുന്നത് ഒരൊറ്റ സത്യമാണ്: ഭരണകൂടങ്ങൾ എത്രതന്നെ ശക്തമായാലും ജനങ്ങളുടെ കൂട്ടായ മുന്നേറ്റത്തിനു മുന്നിൽ ഏകാധിപത്യങ്ങൾക്കു മുട്ടുമടക്കേണ്ടി വരും.
മതേതരത്വവും പൗരസ്വാതന്ത്ര്യവും
യൂറോപ്പിൽ നൂറ്റാണ്ടുകളോളം നിലനിന്ന മത-രാഷ്ട്രീയ കൂട്ടുകെട്ടുകൾ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയപ്പോൾ, ചിന്തകരും നവോത്ഥാനനായകരും നയിച്ച മുന്നേറ്റമാണ് മതേതര ജനാധിപത്യത്തിനു വഴിതുറന്നത്. യൂറോപ്പിലെ ജനാധിപത്യ മുന്നേറ്റങ്ങൾ ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്കു തിരിച്ചറിവു നൽകുകയും രാഷ്ട്രീയ ഇടപെടലുകളിൽനിന്നു പൂർണമായി പിൻവാങ്ങാനുള്ള തീരുമാനത്തിലേക്കു നയിക്കുകയും ചെയ്തു.
രാഷ്ട്രത്തിന്റെ നയങ്ങളിൽനിന്ന് മതത്തെയും വർഗീയതയെയും മാറ്റിനിർത്തുന്ന മതേതരത്വം എന്ന ആശയം മനുഷ്യരെ വിശ്വാസത്തിന്റെപേരിൽ വേർതിരിക്കാതെ തുല്യരായി കാണാൻ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിയിൽ ഓട്ടോമൻ ഖിലാഫത്ത് തകർത്ത് കമാൽ അതാതുർക്ക് മതേതര റിപ്പബ്ലിക് സ്ഥാപിച്ചത് ഇത്തരമൊരു വൻ വിപ്ലവമായിരുന്നു. സമകാലിക ലോകത്തും മതാധിപത്യത്തിന്റെ അന്ധകാരത്തിൽനിന്നു പുറത്തുകടക്കാനുള്ള ജനങ്ങളുടെ ത്വര അവസാനിച്ചിട്ടില്ലെന്നു തെളിയുന്നുണ്ട്. ഇറാനിൽ മതപോലീസിന്റെ ഹിജാബ് നിയമങ്ങൾക്കും യാഥാസ്ഥിതിക ഭരണത്തിനുമെതിരേ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകൾ നടത്തുന്ന ധീരമായ പ്രക്ഷോഭങ്ങൾ ഇതിന്റെ ഉദാഹരണമാണ്. മതനിയമങ്ങൾ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു മുകളിലല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ പോരാട്ടങ്ങൾ ലോക ജനാധിപത്യത്തിന് എന്നും പുതിയ ഊർജം പകരുന്നു.
ഇന്ത്യൻ ജനാധിപത്യം:അടിത്തറയും ആശങ്കകളും
നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് കൊളോണിയൽ അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ ലോകത്തിനുമുന്നിൽ തുറന്നുവച്ചത് സമാനതകളില്ലാത്ത ഒരു ജനാധിപത്യ വിസ്മയമായിരുന്നു. ദാരിദ്ര്യവും നിരക്ഷരതയും അതിരൂക്ഷമായ ഒരു വലിയ രാജ്യത്തിന് ജനാധിപത്യം നിലനിർത്താനാവില്ലെന്ന് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർ പലരും അക്കാലത്തു വിധിയെഴുതി. എന്നാൽ ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘവീക്ഷണത്തിൽ വിരചിതമായ ഭരണഘടന ജാതി, മത, ലിംഗ ഭേദമെന്യേ രാജ്യത്തെ സകല ജനങ്ങൾക്കും പൗരാവകാശം ഉറപ്പുനൽകി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സ്വതന്ത്ര സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും പരിപോഷിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിത്തറ സുരക്ഷിതമാക്കി.
എന്നാൽ ഇന്ന് ഒരു ഏകാധിപത്യ സ്വഭാവം ഭരണകൂടകേന്ദ്രങ്ങളിൽ വ്യാപിച്ചിരിക്കുന്നതായും ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധങ്ങളായി അധഃപതിച്ചതായുമുള്ള ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളെയും ഭരണകൂട വിമർശകരെയും ഇല്ലാതാക്കാനും വേട്ടയാടാനും അന്വേഷണ ഏജൻസികളെ വ്യാപകമായി ദുരുപയോഗിക്കുന്നതായും ആരോപണമുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന നിയമനിർമാണങ്ങളും നിയമപരിഷ്കാരങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്നതിനുള്ള ആയുധങ്ങളായി മാറുകയും അവരിൽ അരക്ഷിതാവസ്ഥ വർധിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ പുറത്തിറങ്ങുന്ന ജനാധിപത്യ സൂചികകളിൽ ഇന്ത്യ ‘ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യം’ അല്ലെങ്കിൽ ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം’ എന്നിങ്ങനെയുള്ള തരംതാഴ്ത്തലുകൾ നേരിടുന്നു.
ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങളുടെ ദയനീയമായ കീഴടങ്ങലാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വലിയ ദുരന്തം. വൻകിട കോർപറേറ്റ് ലോബികൾ മാധ്യമസ്ഥാപനങ്ങളുടെ നിയന്ത്രണമേറ്റെടുത്തതോടെ ജനകീയ പ്രശ്നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും മാധ്യമ ചർച്ചകളിൽനിന്ന് അപ്രത്യക്ഷമായി.
സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളാകാതെ വിട്ടുനിന്ന വർഗീയശക്തികളുടെ ആശയങ്ങളാണ് ഇന്ന് ദേശസ്നേഹത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളായും രണ്ടാംതരം പൗരന്മാരായും ചിത്രീകരിക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പു വിജയങ്ങൾക്കായി നിരന്തരം ഉപയോഗിക്കപ്പെടുന്നു. വൈവിധ്യങ്ങളെ ഭയക്കുന്ന ഇത്തരം വർഗീയ നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും സമാധാനപരമായ സഹവർത്തിത്വത്തെയും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പര്യാപ്തമാണ്.
ചരിത്രത്തെയും വിജ്ഞാനത്തെയും വേട്ടയാടുന്ന അജൻഡകൾ
വിദ്യാഭ്യാസ, സാംസ്കാരിക, ചരിത്രരംഗങ്ങളിലെ കടന്നുകയറ്റമാണ് ജനാധിപത്യ വിരുദ്ധതയുടെ മറ്റൊരു അപകടകരമായ മുഖം. യുക്തിചിന്തയും ചരിത്രബോധവുമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക വഴി എളുപ്പത്തിൽ വർഗീയത കുത്തിവയ്ക്കാവുന്ന ജനക്കൂട്ടമാക്കി ജനങ്ങളെ മാറ്റാനാണു ചിലരുടെ ശ്രമമെന്ന് തീർച്ച. ഒരു രാജ്യത്തിന്റെ ചരിത്രത്തെയും അറിവുകളെയും വക്രീകരിക്കുന്നത് ആ രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെത്തന്നെ അന്ധകാരത്തിലാഴ്ത്തുന്ന ക്രൂരമായ അട്ടിമറിയാണ്.
ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കുന്ന പൗരാവകാശ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതാണ് സമകാലിക ഇന്ത്യയിലെ ഭീതിദമായ സാഹചര്യം. ഭീമ കൊറേഗാവ് കേസ്പോലുള്ള സംഭവങ്ങളിൽ ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള വയോധികരായ സാമൂഹിക പ്രവർത്തകർ വിചാരണപോലും നേരിടാനാവാതെ ജയിലിൽ മരണത്തിനു കീഴടങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മായാത്ത കളങ്കമാണ്. ഇത്തരം സംഭവങ്ങൾ ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മാഹാത്മ്യം നഷ്ടപ്പെടുത്താൻ വഴിയൊരുക്കിയിരുന്നു.
വിയോജിപ്പുകളാണ് ജനാധിപത്യത്തെ സുരക്ഷിതമാക്കുന്നതെന്ന് സുപ്രീംകോടതിതന്നെ പലപ്പോഴായി ഓർമിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രായോഗികതലത്തിൽ അത്തരം ശബ്ദങ്ങൾ കടുത്ത വേട്ടയാടലുകൾക്ക് ഇരയാകുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി വിമർശനങ്ങളാണെന്നിരിക്കേ, അതിനെ ഭയക്കുന്ന ഒരു ഭരണകൂടം യഥാർഥത്തിൽ സ്വന്തം അപചയത്തെയാണ് വെളിപ്പെടുത്തുന്നത്.
പ്രതീക്ഷയേകുന്ന തെരുവിന്റെ പ്രതിരോധങ്ങൾ
എങ്കിലും, ജനാധിപത്യം എന്നത് ഭരണഘടനയുടെ കടലാസ് പേജുകളിൽ മാത്രമല്ല, മറിച്ച് ജനങ്ങളുടെ പ്രതിരോധ ശേഷിയിലാണു ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് വർത്തമാനകാലത്തെ വലിയ പ്രതീക്ഷ. വനിതകളും വിദ്യാർഥികളും തെരുവിലിറങ്ങി ഭരണഘടനാ മൂല്യങ്ങൾക്കായി നടത്തിയ പ്രതിഷേധങ്ങളും കർഷകരുടെ സമരവും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവും പ്രതീക്ഷയുടെ നാമ്പുകളാണ്. ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശിലും കെനിയയിലും ഹോങ്കോങ്ങിലും സമീപകാലത്ത് ഭരണകൂടങ്ങളെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്. ജനാധിപത്യത്തിനു സംഭവിക്കുന്ന അപചയവും ഭരണഘടനാമൂല്യങ്ങൾ തകർക്കപ്പെടുന്നതും സാകൂതം വീക്ഷിക്കുന്ന പ്രതികരണസജ്ജരായ ഒരു പുതുതലമുറ നമുക്കു പിന്നാലെയുണ്ട് എന്നത് ആശ്വാസകരമായ ഒരു വസ്തുതയാണ്.
അംബേദ്കർ ഓർമിപ്പിച്ചതുപോലെ, ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പാക്കുന്നവർ മോശമായാൽ ഭരണഘടനയും മോശമായി മാറും; അതിനാൽ പൗരന്മാരുടെ നിരന്തര ജാഗ്രത മാത്രമാണ് ജനാധിപത്യത്തിന്റെ കാവൽ.
ഈ അന്താരാഷ്ട്ര ജനാധിപത്യ ദിനം കേവലമായ ആചരണത്തിനപ്പുറം, വെറുപ്പിന്റെയും ഫാസിസത്തിന്റെയും രാഷ്ട്രീയത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനുള്ള ആഹ്വാനമാണ്. മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിച്ചുകൊണ്ടു തുല്യനീതിയുടെ ഒരു നാളേക്കായി ഒരുമിച്ചുനിൽക്കുമെന്നു പ്രതിജ്ഞ ചെയ്യുമ്പോൾ മാത്രമാണ് നാം യഥാർഥ ജനാധിപത്യവാദികളാകുന്നത്. ഭയത്തിന്റെ ഇരുണ്ട മേഘങ്ങളെ വകഞ്ഞുമാറ്റി സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുലരി തീർച്ചയായും പുനർജനിക്കുകതന്നെ ചെയ്യും.
Tags : Democracy HistoricVictories Fascist Challenges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash