പ്രതീകാത്മക ചിത്രം
നിവിൻ പോളി നായകനായ ‘സർവ്വം മായ’ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ ഒരു ചോദ്യം ബാക്കിയാകും: ആരാണ് സിനിമയിലെ ആ ‘ഡെലൂലു’? കേവലം നായകന്റെ ചിത്തഭ്രമമോ, അതോ ഗതികിട്ടാത്ത ആത്മാവോ? ഈ സങ്കീർണമായ ചോദ്യത്തിനുള്ള ഉത്തരത്തിനായി സിനിമയുടെ അന്ത്യത്തിൽനിന്ന് നാം വീണ്ടും ടൈറ്റിൽ സോങ്ങിലേക്ക് മടങ്ങിയെത്തേണ്ടിവരുന്നു. 1980ൽ പുറത്തിറങ്ങിയ എയർ ഹോസ്റ്റസ് എന്ന സിനിമയിലെ ‘ഒന്നാനാം കുന്നുമ്മേൽ’ എന്ന ഗാനമാണ് ഇവിടെ ടൈറ്റിൽ സോങ്ങായി ഉപയോഗിച്ചിരിക്കുന്നത്:
“കാവേരി തീരത്തോ കാട്ടരുവിയോരത്തോ, ആരാരോ സ്വപ്നംകൊണ്ടൊരു കളിവീടുണ്ടാക്കി...”
എയർ ഹോസ്റ്റസ് എന്ന സിനിമയിൽ ഭാര്യയും ഭർത്താവും കുട്ടികളും ചേർന്ന ഒരു സാധാരണ കുടുംബജീവിതത്തിന്റെ സന്തോഷവും സ്വപ്നവുമാണ് ഈ ഗാനം ആവിഷ്കരിച്ചത്. എന്നാൽ ‘സർവ്വം മായ’യിൽ എത്തുമ്പോൾ അതേ വരികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അർഥം കൈവരുന്നു. ഇവിടെ സംഭവിക്കുന്നത് കേവലം പഴയൊരു പാട്ടിന്റെ പുനരുപയോഗമല്ല. ഭൂതകാലത്തിലെ സംഗീതം ഉപയോഗപ്പെടുത്തി പുതിയ കാലത്തിന്റെ അർഥം വ്യാഖ്യാനിക്കുന്നു. വർത്തമാനകാലം ഭൂതകാലത്തെ ഓർക്കുക മാത്രമല്ല, ഭൂതകാലത്തെ ഉപയോഗിച്ച് സ്വന്തം അർഥങ്ങളെ വായിക്കുകയും നിർമിക്കുകയും ചെയ്യുന്നു.
കല്യാണി പ്രിയദർശൻ പ്രധാന റോളിലെത്തുന്ന ‘ലോക’യിൽ നായികയായ ചന്ദ്ര കടന്നുവരുന്ന ഭാഗത്ത് എൺപതുകളിലെ കിളിയേ കിളിയേ എന്ന ഗാനം ഉപയോഗിക്കുന്നത് കേവലം ആ രംഗത്തിന് മോടി കൂട്ടാൻ മാത്രമാണോ? “ഉയരങ്ങളിലൂടെ പലനാടുകൾ തേടി ഒരു കിന്നാരം മൂളും...” എന്ന ശീലുകൾ യക്ഷിക്കും പക്ഷിക്കും ഒരുപോലെ ഇണങ്ങുന്നില്ലേ?
സൂചകമായി പുതിയ അർഥബന്ധം സ്ഥാപിക്കുന്നു. പഴയത് റീമിക്സായും പുനരുപയോഗമായും സിനിമയിൽ ഉപയോഗിക്കുന്നത് പഴയ അർഥത്തെ നിലനിർത്താനല്ല പുതിയ കാലത്തിനനുസരിച്ച് അതിനെ പരിഷ്കരിക്കാനാണ്. ‘മഞ്ഞുമ്മൽ ബോയ്സി’ൽ എൺപതുകളിലെ ഗുണ സിനിമയിലെ “കൺമണി അൻപോട് കാതലൻ...” എന്ന പ്രണയഗാനം, അതിന്റെ സർവതീവ്രതയോടുംകൂടി അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും ഗാനമായി പരിണമിച്ചു. ഭരതന്റെ പ്രണയചാരുത ദൃശ്യമായും ശ്രാവ്യമായും നിറഞ്ഞൊഴുകിയ ദേവരാഗത്തിലെ ഗാനം പ്രേമലുവിൽ പുതിയൊരു ദൃശ്യഭാഷയിൽ കണ്ടു. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലും 80കളിലെ ഭരതന്റെ ‘കാതോടു കാതോരത്തിലെ’ “ദേവദൂതർ പാടി...” എന്ന ഗാനം വ്യത്യസ്തമായ ഭാവത്തിൽ കാണുന്നു.
‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൽ, എൺപതുകളിൽ പുറത്തിറങ്ങാതെപോയ അന്ന എന്ന സിനിമയിലെ “യവനകഥയിലെ...” എന്ന ഗാനം പശ്ചാത്തലമായി കടന്നുവരുന്നത് തികച്ചും സവിശേഷമായ ഒരു കാലനിർമിതിക്കുവേണ്ടിയാണ്. സമകാലികമായ പ്രണയസങ്കൽപങ്ങളിൽനിന്നു മാറി, എൺപതുകളിലെ കാല്പനികവും നിഷ്കളങ്കവുമായ പ്രണയഭാവങ്ങളെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. സംഗീതത്തിന് ഭൗതികമായ സ്പർശമുണ്ടായിരുന്ന അനലോഗ് കാസറ്റ് കാലത്തിന്റെ സാംസ്കാരിക സ്മൃതികളെ ഉണർത്തുകവഴി, സിനിമ എൺപതുകളുടെ വൈകാരിക ഭൂമിക രൂപപ്പെടുത്തുന്നു. മുണ്ടക്കയത്തെ എൺപതുകളുടെ ഭാവമുള്ള വീടും പരിസരങ്ങളും ശ്രാവ്യപശ്ചാത്തലത്തോട് ഇഴചേരുമ്പോൾ, എൺപതുകൾ എന്നത് കേവലമൊരു നൊസ്റ്റാൾജിയയിലൊതുങ്ങാതെ ചലച്ചിത്രാഖ്യാനത്തെ നിർണയിക്കുന്ന കൃത്യമായ ഒരു സ്ഥല-കാല സൂചകമായി മാറുകയാണ്.
എൺപതുകളുടെ മായികലോകം
ചലച്ചിത്രങ്ങളും ഗാനങ്ങളും അടുത്തിടെ തരംഗമായ സുകുമാരകുറുപ്പുമെല്ലാം ചേർന്ന് എൺപതുകളുടെ മായികലോകംതന്നെ നിർമിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് എൺപതുകളുടെ പോർട്രെയ്റ്റ്. എഐ പോർട്രെയ്റ്റുകളിലൂടെ എൺപതുകളിലെ വിന്റേജ് സൗന്ദര്യത്തിലേക്ക് സഞ്ചരിക്കാത്തവരായി ഇന്ന് സമൂഹമാധ്യമങ്ങളിൽ ആരുമുണ്ടാകില്ല. താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഈ ‘റെട്രോ-പോർട്രെയിറ്റ്’ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതൊരു വെറും ഡിജിറ്റൽ ട്രെൻഡ് മാത്രമല്ല; എൺപതുകളെന്ന കാലഘട്ടത്തോടും അന്നത്തെ സാംസ്കാരിക പശ്ചാത്തലത്തോടുമുള്ള ഇന്നത്തെ സമൂഹത്തിന്റെ കടുത്ത ആരാധനകൂടിയാണിത്. സിനിമകൾ പഴയ പാട്ടുകളെയും ദൃശ്യങ്ങളെയും പുതിയ അർഥത്തിൽ പുനരാവിഷ്കരിക്കുന്നതുപോലെ തന്നെയാണിത്. ഗൃഹാതുരത്വവും ഫാന്റസിയും സമന്വയിപ്പിച്ച്, എൺപതുകളുടെ സൗന്ദര്യത്തെ സ്വന്തം വ്യക്തിത്വത്തോട് ചേർത്തുപിടിക്കാനുള്ള പുതിയ കാലത്തിന്റെ ശ്രമമായാണ് ഈ ചിത്രങ്ങളെ നമ്മൾ കാണേണ്ടത്.
ഫിലിം കാമറകളുടെ വിന്റേജ് ഫീലിന് പോക്കുവെയിൽ നിറവും, നേർത്ത തരികളും, സോഫ്റ്റ് ഫോക്കസ് ഫ്രെയിമിന്റെ വശങ്ങളിലേക്ക് നിറം മങ്ങിപ്പോകുന്ന രീതി, പശ്ചാത്തലത്തിൽ ബജാജ് സ്കൂട്ടർ, അംബാസഡർ കാർ, സ്റ്റുഡിയോ കർട്ടനുകൾ വസ്ത്രധാരണവും പഴയകാല ഹെയർസ്റ്റൈലുകളും സിനിമാതാരങ്ങളുടെ ശരീരപ്രകൃതിയും ചേർന്ന് 80കളിലെത്തുന്നു. എൺപതുകളിലെ സിനിമാതാരങ്ങളും അവരുടെ ഫാഷനും ചലച്ചിത്രപശ്ചാത്തലങ്ങളും എഐ ടൂളുകൾ സൂക്ഷ്മായി പഠിച്ചു നിർമിച്ചതാണ് നാം കാണുന്ന എൺപതുകൾ. വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും അന്തരികമായി കൗതുകകരമായ സമാനതയാണ് റെട്രോ പോർട്രെയ്റ്റുകളുടെ പ്രത്യേകത.
ഉത്തരാധുനിക സാംസ്കാരിക വിമർശനത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പാസ്റ്റിഷ്’ (Pastiche) എന്ന ആശയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മേൽപറഞ്ഞ പ്രവണതകൾ. ചരിത്രപരമായ ആഴങ്ങളോ, അന്നത്തെ കാലത്തെ രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യങ്ങളോ ഇല്ലാതെ, ഭൂതകാലത്തിന്റെ ശൈലികളെയും ദൃശ്യങ്ങളെയും (ഹെയർസ്റ്റൈൽ, വസ്ത്രധാരണം, ഫോട്ടോയിലെ കളർ ടോൺ) കേവലം ഉപരിപ്ലവമായി അനുകരിക്കുന്ന ശൈലിയാണ് പാസ്റ്റിഷ്. എൺപതുകളുടെ ഫാഷൻ തരംഗവും ഉടനെ പ്രതീക്ഷിക്കാം. വിപണി അതിനുള്ള തയാറെടുപ്പിലാണ്.
ഇപ്പോഴുള്ളതുപോലെ എല്ലാ ആന്തരിക വൈരുധ്യങ്ങളും ഹിംസകളും ഉള്ള കാലമായിരുന്നു അത്. അടിയന്തരാവസ്ഥയുടെ കനലുകൾ അണഞ്ഞിട്ടുണ്ടായിരുന്നില്ല. ശരാശരി മലയാളിയുടെ സ്വപ്നമായിരുന്നു ഗൾഫ്. സൂപ്പർ താരങ്ങൾ സ്ക്രീനുകളിൽ മനുഷ്യർക്കുവേണ്ടി മതിയാവോളം പ്രണയിച്ചു. തിയറ്റർ വിട്ടിറങ്ങിവരുടെ കൂടെയിറങ്ങിയ പാട്ടുകൾ അക്കാലത്ത് എല്ലാവരും കാത്തിരുന്നിരുന്നു; കത്തുകൾക്കും ആകാശവാണിയിലെ പാട്ടുകൾക്കും മറ്റു പലതിനും
വേണ്ടി. എൺപതുകൾ മടങ്ങിവരുന്ന സാധ്യതയില്ല. പിന്നെ നമുക്ക് എൺപതുകളുടെ ഇമേജുകൊണ്ട് ഇങ്ങനെ ചെറിയ കളികൾ കളിക്കാം. വേഗംകൊണ്ട് സ്ഥലത്തെ ജയിച്ച മനുഷ്യന് കാലത്തെ ഇനിയും തൊടാൻ കഴിഞ്ഞിട്ടില്ലല്ലോ.
കാലാഹിനാപരിഗ്രസ്ഥമാം ലോകവുമെന്ന് എഴുത്തച്ഛന്റെ കിളിപ്പാട്ടിലെ പാമ്പിന്റെ പിടി അല്പംപോലും അയയ്ക്കാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. വാർധക്യവും മരണവുമായി പിടിതരാത്ത കാലത്തെ എഐ എഡിറ്റിംഗിന്റെ വിരുതുകൊണ്ട് നമുക്ക് അല്പകാലത്തേക്ക് തോൽപിക്കാം. പക്ഷേ, പാട്ടിന്റെയും അർഥത്തിന്റെയും ചന്തം ചാർത്തിയ കാലങ്ങളായിരുന്നു അത്. അതുകൊണ്ടാണ് സിനിമാക്കാർ ഇടയ്ക്കിടെ പാട്ടും അർഥവും തേടി എൺപതുകളിലേക്ക് പോകുന്നത്.
Tags : sunlight Reflection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash