പ്രതീകാത്മക ചിത്രം
ജീവിതം പ്രസാദാത്മകമാകുന്നത് നമ്മൾ കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ്. ഒരു പ്രതിസന്ധിയെ അമിതമായി വ്യാഖ്യാനിക്കാതെ, ശാന്തതയോടെ സമീപിക്കാൻ കഴിയുന്നതിലാണ് പോസിറ്റിവിറ്റി ഇരിക്കുന്നത്.
ഒരു ദിവസം വൈകിയെത്തിയ കുട്ടിയോട് അധ്യാപകൻ ചോദിച്ചു:
“പേമാരിയുടെ അപരിഹാര്യമായ ക്രൂരതയാലാണോ കുട്ടി നീ ഇന്ന് ക്ലാസിൽ വൈകിയത്?”
കുട്ടിയുടെ മറുപടി വളരെ ലളിതമായിരുന്നു: “അല്ല സാർ, മഴയായിരുന്നു.”
അധ്യാപകന്റെ അമിത വ്യാഖ്യാനങ്ങൾക്കും ആകുലതകൾക്കുമപ്പുറം, മഴയെ വെറുമൊരു ‘മഴയായി’ മാത്രം കാണാൻ ആ കുട്ടിക്ക് കഴിഞ്ഞു. തെളിഞ്ഞ കാഴ്ച!
ഒരു റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ അത് കണ്ണിനോട് ചേർത്തുവച്ചാലോ ഒരുപാട് ദൂരേക്ക് മാറ്റിപിടിച്ചാലോ സാധിക്കില്ല. ഒരു നിശ്ചിത അകലത്തിൽ നിൽക്കുമ്പോൾ മാത്രമാണ് അതിന്റെ ഭംഗി പൂർണമായി തെളിയുന്നത്. സൗന്ദര്യശാസ്ത്രം ഇതിനെ ‘സൗന്ദര്യദൂരം’ എന്ന് വിളിക്കുന്നു.
പ്രശ്നങ്ങളെ എപ്പോഴും മനസിലേക്ക് അമിതമായി അടുപ്പിച്ചുപിടിച്ച് ആകുലപ്പെടാതിരിക്കുക. ഒരു ചെറു അകലത്തിൽനിന്ന് ശാന്തതയോടെ കാര്യങ്ങളെ നോക്കിക്കണ്ട ആ കുട്ടിയെപ്പോലെ, ജീവിതത്തെ സമചിത്തതയോടെയും പ്രകാശത്തോടെയും കാണാൻ നമുക്കും സാധിക്കട്ടെ.
ശുഭചിന്താദിനാശംസകൾ
Tags : PositiveThoughts AestheticDistance Vision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash