എൻ. ചന്ദ്രശേഖരന്‍
മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന്‍റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം ഈ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, നോയൽ ടാറ്റ നിർദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തി.
ടാറ്റാ സൺസിന്‍റെ ലിസ്റ്റിംഗ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ബോർഡിന്‍റെ ഈ നിർണായക തീരുമാനം. ചന്ദ്രശേഖരന് കാലാവധി നീട്ടിനൽകിയ വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി.
നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് പൂർത്തിയാകുമ്പോൾ പദവിയിൽനിന്ന് പടിയിറങ്ങാൻ താൻ തീരുമാനിച്ചതായി എൻ. ചന്ദ്രശേഖരൻ മുൻപ് ബോർഡിനെ അറിയിച്ചിരുന്നു. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി എന്നിവ ഏകകണ്ഠമായി ശിപാർശ ചെയ്തിരുന്നതാണ്. എന്നാൽ, 2026 ഫെബ്രുവരി 24-ന് നടന്ന ബോർഡ് യോഗത്തിൽ നോയൽ ടാറ്റയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പ്രമേയം നടപ്പിലായിരുന്നില്ല.
ബോർഡിൽ ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ പുനർനിയമനത്തിന് താനില്ലെന്നും സ്ഥാപനത്തിന്‍റെ സുഗമമായ അധികാര കൈമാറ്റത്തിനായി പിൻഗാമിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 2026 ഓഗസ്റ്റിലാണ് ചന്ദ്രശേഖരൻ ബോർഡിന് പ്രസ്താവന നൽകിയത്. ഈ തർക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ ബോർഡ് യോഗം എൻ. ചന്ദ്രശേഖരന്‍റെ കാലാവധി നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
Tags : Tata NChandrasekaran Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs