ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിന്ന് ചൈന പുറത്ത്. കനത്ത മഴയും ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും ഇടാനാവാതെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി.
ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. വനിതാ ടി20 റാങ്കിംഗിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഈ റാങ്ക് വ്യത്യാസമാണ് ബംഗ്ലാദേശിന് തുണയായത്. അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിനായി 20ന് ഇറങ്ങും.
ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക. ആകെ എട്ടു ടീമുകൾ മാത്രമാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. മറ്റൊരു ക്വാർട്ടറിൽ തായ്ലൻഡിനെ വീഴ്ത്തി പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു.
നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക് വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
36-1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. അവസാനം കഷ്ടിച്ചാണ് പാക്കിസ്ഥാൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് ടീമിന്റെ ജയം.
Tags : AsianGames Cricket China Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash