കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലായിരുന്നു, നമ്മുടെ തോട്ടങ്ങളും തോട്ടവിളകളും. പക്ഷേ, ഇന്ന് അവ രോഗശയ്യയിൽ. സുഖംപ്രാപിച്ച് വീണ്ടും ശക്തമായിത്തീരാൻ ആവശ്യമായ ഔഷധം എന്താണെന്ന് നമുക്കറിയാം. പക്ഷേ, പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങളുടെ ഇടയിൽപ്പെട്ട് ചതഞ്ഞരയുകയാണ് ഈ മേഖല.
ആദ്യം സ്വല്പം ചരിത്രം. 19-ാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിലാണ് ബ്രിട്ടീഷ് സംരംഭകർ, റബറും പിന്നീട് മറ്റു തോട്ടവിളകളും നമ്മുടെ കിഴക്കൻ മലയോരങ്ങളിൽ കൃഷി ചെയ്യാൻ തുടങ്ങിയത്. സായ്പന്മാരുടെ തോട്ടങ്ങൾ കണ്ട് നാട്ടുകാരായ വൻ ഭൂവുടമകളും ഇടത്തരക്കാരും രംഗത്തിറങ്ങിയതോടെ പ്ലാന്റേഷനുകൾ ചെറുകിട മേഖലയിലേക്കും വ്യാപിക്കാൻ തുടങ്ങി, പ്രത്യേകിച്ചും റബർ. ഒന്നാം ലോകയുദ്ധം കഴിഞ്ഞ് 1920കളിൽ റബർ ഉത്പാദിപ്പിച്ച ചെറുകിട കർഷകർ ഉൾപ്പെടെയുള്ളവർ വൻ നേട്ടം നേടി. ഒരു റാത്തൽ റബറിന് 12 രൂപയായിരുന്നു അന്നത്തെ വില. ഒരു പവൻ സ്വർണനാണയത്തിനും വില അന്ന് 12 രൂപ! 1947ൽ രാജ്യം സ്വതന്ത്രമായതോടെ വിദേശികളായ ഉടമകൾ തോട്ടം വിറ്റ് നാടുവിട്ടു.
പിന്നീട് 1957ൽ അധികാരത്തിലെത്തിയ ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന കാർഷികബന്ധ ബില്ലിൽ നെല്ലും തെങ്ങും ഉൾപ്പെടെയുള്ള പ്രധാന വിളകൾ കൃഷി ചെയ്തിരുന്ന ഭൂമിക്ക് പരിധി നിർണയിച്ചപ്പോഴും റബർ, തേയില, കാപ്പി, ഏലം എന്നീ നാണ്യവിളകൾ കൃഷി ചെയ്തിരുന്ന ഭൂമിയെ ഭൂപരിധി നിർണയ നിയമത്തിൽനിന്ന് ഒഴിവാക്കി. ഈ ഇളവ് നൽകാൻ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പ്രേരിപ്പിച്ചത് ഈ മേഖല സന്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണ് എന്ന തിരിച്ചറിവാണോ അതോ, തോട്ടം മേഖലയിൽ അന്ന് പാർട്ടിയുടെ ശക്തിദുർഗങ്ങളായ തൊഴിലാളി യൂണിയനുകളുടെ സാന്നിധ്യമാണോ എന്നറിഞ്ഞുകൂടാ.
ഏതായാലും ലഭിച്ച ഇളവ് ഉപയോഗിച്ച് കേരളത്തിലെ ഇടനാട്ടിലും കിഴക്കൻ മലയോരങ്ങളിലും റബർകൃഷി ഉത്സാഹപൂർവം പ്രചരിപ്പിച്ച കർഷകസമൂഹത്തെയാണ് കേരളം കണ്ടത്. 20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കേരളത്തിൽ എട്ടു ലക്ഷം ഹെക്ടറിലായിരുന്നു റബർ തോട്ടങ്ങൾ തലയുയർത്തി നിന്നത്. ലോകത്തിൽ റബറിന്റെ ഏറ്റവും ഉയർന്ന ഉത്പാദനക്ഷമത കൈവരിച്ച് ചരിത്രം സൃഷ്ടിക്കാനും കേരളത്തിലെ ചെറുകിട റബർ കർഷകർക്കായി.
അപചയത്തിന്റെ കഥ
2013ൽ കേരളത്തിലെ റബർ ഉത്പാദനം ഒന്പതര ലക്ഷം ടൺ. ലോക്സഭാ തെരഞ്ഞെടുപ്പ് സമീപിക്കുന്നു. രാഷ്ട്രീയ കക്ഷികളെല്ലാം ടയർ വ്യവസായത്തിന്റെ പിടിയിൽ. ഇറക്കുമതിയുടെ അതിപ്രസരം. ഉത്പാദനത്തിന്റെ പത്തു ശതമാനം മാത്രമായിരുന്നു അക്കാലം വരെ ഒരോ കൊല്ലവും ഇറക്കുമതി റബർ. രണ്ടും മൂന്നും ലക്ഷം ടൺ ഇറക്കുമതി റബർ ഗോഡൗണിൽ നിറഞ്ഞപ്പോൾ വ്യവസായികൾ വിപണിയിൽനിന്ന് കർഷകന്റെ റബർ വാങ്ങാതെ മാറിനിന്നു. അതോടെ നാട്ടിൽ റബറിന് വിലയിടിഞ്ഞു. പല തോട്ടങ്ങളും ടാപ്പിംഗ് നിർത്താൻ നിർബന്ധിതരായി. 2015 ആയപ്പോഴേക്കും ഉത്പാദനം അഞ്ചു ലക്ഷം ടണ്ണായി കുറഞ്ഞു. അതോടൊപ്പം ഇറക്കുമതി റബറിന്റെ അളവും അഞ്ചു ലക്ഷം ടൺ ആയി ഉയർന്നു! അതോടെ കേരള സന്പദ്വ്യവസ്ഥയുടെ നെടുംതൂണായിരുന്ന റബർതോട്ട വ്യവസായം തകർന്നു.
മുമ്പ് മലേഷ്യയിലും മറ്റും റബർതോട്ടങ്ങൾ പ്രതിസന്ധിയിലായപ്പോൾ അവിടെ കർഷകർ എണ്ണപ്പന മുതലായ മറ്റു വിളകളിലേക്ക് തിരിഞ്ഞു. ഇവിടെ സർക്കാർ നിശ്ചയിച്ചറിയിച്ചിരുന്ന വിളകളല്ലാതെ എണ്ണപ്പനയോ പഴവർഗങ്ങളോ കൃഷി ചെയ്താൽ ഭൂപരിധി നിർണയത്തിന്റെ കുരുക്കിൽ അകപ്പെടും. വലിയ റബർതോട്ടങ്ങൾ രോഗശയ്യയിൽ.
തേയിലത്തോട്ടങ്ങളുടെ കാര്യം അതിലും ദയനീയം. സോവ്യറ്റ് യൂണിയനിലേക്കുള്ള കയറ്റുമതിയായിരുന്നു ഇന്ത്യൻ തേയിലയുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കിയിരുന്നത്. പക്ഷേ, 1990ൽ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ആ വിപണി നമുക്കു നഷ്ടമായി. കൂടാതെ തേയിലത്തോട്ടങ്ങൾ സ്ഥിതിചെയ്യുന്ന ഹൈറേഞ്ച് പ്രദേശത്തുണ്ടായ പ്രകൃതിദുരന്തങ്ങൾ, ഉരുൾപൊട്ടൽ - വരുമാനം കുറഞ്ഞതോടെ തോട്ടങ്ങളിൽ കോൺടൂർ ബണ്ടുകളും മറ്റും വേണ്ടവിധത്തിൽ സംരക്ഷിച്ച് നിലനിർത്താൻ കഴിയാത്ത അവസ്ഥ. ഉയർന്ന കൂലിനിരക്കുകൾ, വിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യം (ഈ പ്രശ്നം റബർ മേഖലയെയും അലട്ടുന്നു- വിദഗ്ധ ടാപ്പർമാരുടെ അഭാവം), തോട്ടങ്ങളിൽ തൊഴിലാളികളുടെ വീടുകൾ മുതലായവ കെട്ടി സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാൻ വിഷമിക്കുന്ന തോട്ടങ്ങൾ, ലാഭമുണ്ടാക്കാൻ കഴിയുന്ന പുതിയ പ്രവർത്തനമേഖലയിലേക്ക് കടന്നാൽ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഭൂപരിധി നിയമത്തിന്റെ വാൾ.
പ്രശ്നം പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളുമായി അഞ്ചാറുവർഷം മുന്പ് സർക്കാരിനെ സമീപിച്ചപ്പോൾ കിട്ടിയത്, ഒരു പുതിയ പ്ലാന്റേഷൻ വകുപ്പ്, കൂടുതൽ ചുവപ്പുനാടയോ?
ഈ സാഹചര്യത്തിൽ സ്വർണമുട്ട ഓരോന്ന് പ്രതിദിനം നൽകാൻ കഴിയുന്ന നമ്മുടെ പ്ലാന്റേഷൻ മേഖലയെന്ന താറാവിനെ സംരക്ഷിച്ചു വളർത്താതെ വഴിയെന്ത്? ഇന്ന് നേരിടുന്ന പ്രതിസന്ധിയിൽ പോലും ഈ മേഖലയുടെ ശരാശരി വാർഷിക വിറ്റുവരവ് 15,000 കോടി രൂപ. അതിൽ കയറ്റുമതി 3000 കോടി രൂപയ്ക്ക്. ഈ മേഖലയിൽ നേരിട്ട് തൊഴിൽ ചെയ്തു ജീവിക്കുന്നവർ 70,000 തൊഴിലാളി കുടുംബങ്ങൾ. അതേസമയം മൊത്തം പ്രവർത്തനച്ചെലവിന്റെ മൂന്നിൽ രണ്ടുഭാഗവും തൊഴിലാളികളുടെ ശന്പളവും മറ്റാനുകൂല്യങ്ങളുമായി ചെലവാക്കുന്ന സ്ഥിതി. ലോകവിപണി വൻ അനിശ്ചിതാവസ്ഥയിൽ തുടരുന്നു. കേന്ദ്രസർക്കാരാണെങ്കിൽ കേരളത്തിലെ തോട്ടങ്ങളോട് പുലർത്തുന്നത് ചിറ്റമ്മനയം. സാന്പത്തികസഹായം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ അനുഭാവപൂർവമായ ഇടപെടൽ തോട്ടം മേഖലയുടെ നിലനിൽപ്പിന് അത്യാവശ്യം.
Tags : gardens Let's save Let's save gardens