ഹരിപ്പാട്: ലഹരിമാഫിയ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ മാരക ലഹരിഗുളികകളുമായി രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ കനകക്കുന്ന് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കൈതവന ശങ്കരശേരിവേലിൽ മനു ശങ്കർ (32), ആലപ്പുഴ പഴവീട് വലിയപുരയ്ക്കൽ ഷിജോ (34) എന്നിവരാണ് അറസ്റ്റിലായത്.
കനകക്കുന്ന് ഇൻസ്പെക്ടർ സി. അമലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വിപണനത്തിനായി സൂക്ഷിച്ചിരുന്ന 56 നിരോധിക്കപ്പെട്ട ലഹരിഗുളികകൾ പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം മുതുകുളം ഹൈസ്കൂൾ മുക്കിന് സമീപം വച്ചാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പ്രദേശത്തെ സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരിഗുളികകളുടെ വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.
പിടിയിലായവർ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മുൻപ് കാപ നിയമപ്രകാരം നടപടി നേരിടുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ഇവർ, ജയിൽമോചിതരായ ശേഷവും ലഹരിവിൽപന തുടരുകയായിരുന്നു.
കനകക്കുന്ന് ഇൻസ്പെക്ടർക്കൊപ്പം സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, ഗോപകുമാർ, സജീഷ്, അനി, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : narcotic pills arrest police