ലണ്ടൻ: മാസങ്ങളായി ലേബർ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വിരാമമിട്ട് സർ കീയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവച്ചു.
ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രഖ്യാപനത്തിൽ പാർട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുൻനിർത്തിയാണു രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. 411 എം പി മാരുടെ പിന്തുണയുമായി 2024 ജൂലൈ അഞ്ചിന് അധികാരത്തിലെത്തിയ സ്റ്റാർമർ രണ്ടു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് രാജിവച്ചൊഴിയുന്നത്.
സെപ്റ്റംബർ ആദ്യ വാരം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതു വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. പത്തു വർഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാർമർ (63).
സ്റ്റാർമർക്ക് പകരക്കാരനായി ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവ് ആൻഡി ബേർനാം എത്തുമെന്നു കരുതപ്പെടുന്നു. ഒരുമാസം മുന്പ് പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതനീക്കങ്ങളാണ് പെട്ടെന്നു ശക്തി പ്രാപിച്ച് സ്റ്റാർമറുടെ രാജിയിലേക്കു വഴിതെളിച്ചത്.