ശസ്ത്രക്രിയ നിർദേശിക്കപ്പെടുമ്പോൾ മനസ്സിൽ ഉയർന്നുവരുന്ന ആശങ്കകളിലൊന്ന് ശസ്ത്രക്രിയയുടെ വേദനയേക്കാൾ, അനസ്തെഷ്യ നൽകി മയക്കുന്നതിനെക്കുറിച്ചുള്ള ഭയമാണ് പലരെയും അലട്ടുന്നത്.
സിനിമകളിലും കഥകളിലും കാണുന്ന അശാസ്ത്രീയമായ വിവരങ്ങളും കേട്ടുകേൾവികളും മൂലം രൂപപ്പെടുന്ന ഈ ഭയം പലപ്പോഴും രോഗികളെ അനാവശ്യ സമ്മർദത്തിലാക്കുന്നു.
എന്നാൽ ആധുനിക മരുന്നുകളുടെ ലഭ്യതയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ സഹായത്തോടെ അനസ്തേഷ്യ വിഭാഗം ഇന്ന് ഏറ്റവും സുരക്ഷിതമായ വൈദ്യശാസ്ത്ര ശാഖയായി മാറിയിരിക്കുന്നു.
അനസ്തെഷ്യയെക്കുറിച്ച് പൊതുസമൂഹത്തിനിടയിലുള്ള പ്രധാന തെറ്റിദ്ധാരണകളും അവയ്ക്കു പിന്നിലെ യഥാർഥ ശാസ്ത്രവും വിശദമായി അറിഞ്ഞിരിക്കാം.
തെറ്റിദ്ധാരണ 1: ശസ്ത്രക്രിയ നടക്കുമ്പോൾ പെട്ടെന്ന് ബോധം വരികയും വേദന അറിയുകയും ചെയ്യുമോ? പലരും ഭയപ്പെടുന്ന ഒന്നാണ് ശസ്ത്രക്രിയയ്ക്കിടയിൽ മയക്കം വിട്ടുമാറി ബോധം തിരികെ വരുമോ എന്ന സംശയം.
യാഥാർഥ്യം: സാധാരണ ശസ്ത്രക്രിയകളിൽ അനസ്തെഷ്യ നൽകിയ രോഗിക്ക് അപൂർവമായി മാത്രം ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് അനസ്തെഷ്യ അവെയർനസ്.
സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ? ബോധത്തിന്റെ ആഴം അളക്കുന്ന "ബിഐഎസ് മോണിറ്ററിംഗ്' (Bispectral Index Monitoring) പോലുള്ള അത്യാധുനിക സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ശസ്ത്രക്രിയയിലുടനീളം അനസ്തെറ്റിസ്റ്റിന്റെ നിരന്തരമായ മേൽനോട്ടം.
മരുന്നിന്റെ അളവ് കുറയുന്നതിന്റെ നേരിയ ലക്ഷണങ്ങൾ മോണിറ്ററിൽ കണ്ടാൽ പോലും ഡോക്ടർ ഉടൻ തന്നെ മരുന്നിന്റെ അളവ് ക്രമീകരിക്കും. അതിനാൽ ശസ്ത്രക്രിയയ്ക്കിടെ വേദന അറിയാനുള്ള സാധ്യത തികച്ചും അപൂർവമാണ്.
തെറ്റിദ്ധാരണ 2: അനസ്തെഷ്യ നൽകിയാൽ പിന്നെ ഉണരാതിരിക്കുമോ?
അനസ്തെഷ്യ നൽകിയാൽ പൂർണമായും ഉണരില്ലെന്നും അപായസാധ്യതയുണ്ടെന്നുമുള്ള ഭയമാണ് മറ്റൊന്ന്.
യാഥാർഥ്യം: ആധുനിക അനസ്തെഷ്യയിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് അനസ്തെഷ്യ മൂലം ജീവഹാനി സംഭവിക്കാനുള്ള സാധ്യത ലക്ഷത്തിൽ ഒന്നിലും താഴെ മാത്രമാണ്.
സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ? കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉള്ള വൈദ്യശാസ്ത്ര മേഖലയാണ് അനസ്തെഷ്യ. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പ്രീ-അനസ്തെറ്റിക് ചെക്കപ്പ് (പിഎസി) വഴി രോഗിയുടെ ആരോഗ്യസ്ഥിതി പൂർണമായി പഠിച്ച ശേഷമാണ് അനുയോജ്യമായ മരുന്നുകൾ തിരഞ്ഞെടുക്കുന്നത്.
ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്സിജന്റെ അളവ് (SpO2), ശ്വാസോച്ഛ്വാസം (Capnography) എന്നിവ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നത്.
തെറ്റിദ്ധാരണ 3: അനസ്തെഷ്യ ഓർമ്മശക്തിയെ പൂർണ്ണമായി നശിപ്പിക്കും. അനസ്തേഷ്യ മരുന്നുകൾ തലച്ചോറിനെ കേടുവരുത്തുമെന്നും ഓർമ്മശക്തി എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നുമുള്ള വിചാരം വ്യാപകമാണ്.
യാഥാർഥ്യം: അനസ്തെഷ്യ മരുന്നുകൾ സ്ഥിരമായി ഓർമ്മശക്തി നഷ്ടപ്പെടുത്തില്ല. ശസ്ത്രക്രിയയ്ക്ക് തൊട്ടുശേഷമുള്ള മണിക്കൂറുകളിൽ അല്പം ക്ഷീണമോ കാര്യങ്ങൾ ഓർത്തെടുക്കാൻ ചെറിയ ബുദ്ധിമുട്ടോ തോന്നുമായിരിക്കും. ഇതിനെ പോസ്റ്റ് ഓപ്പറേറ്റീവ് ഡെലീറിയം എന്ന് വിളിക്കുന്നു.
ആർക്കാണ് സാധ്യത? പ്രായമായവരിലും മുൻപേ തന്നെ ഓർമക്കുറവുള്ളവരിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ താത്കാലികമായ ഓർമക്കുറവ് കണ്ടേക്കാം. എന്നാൽ ഇത് മരുന്നിന്റെ പ്രഭാവം കുറയുന്നതോടെ ഏതാനും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ പൂർണമായും സാധാരണ നിലയിലാകും.
തെറ്റിധാരണ 4: മയക്കം ഉണരുമ്പോൾ മനസ്സിലെ രഹസ്യങ്ങൾ അറിയാതെ വിളിച്ചുപറയും!
അനസ്തെഷ്യ ഒരു ട്രൂത്ത് സിറം പോലെ പ്രവർത്തിക്കുമെന്നും മയക്കം വിട്ടുണരുന്ന ഘട്ടത്തിൽ വ്യക്തിപരമായ രഹസ്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നുപറഞ്ഞു പോകുമെന്നുമുള്ള ഭയം ചിലർക്കുണ്ട്.
യാഥാർഥ്യം: അനസ്തെഷ്യ മരുന്നുകളിൽ വ്യക്തിയെക്കൊണ്ട് സത്യം പറയിപ്പിക്കുന്ന യാതൊരു ചേരുവകളുമില്ല.
എന്താണ് സംഭവിക്കുന്നത്? മയക്കത്തിൽ നിന്ന് പൂർണ ബോധത്തിലേക്ക് തിരിച്ചെത്തുന്ന ചില മിനിറ്റുകളിൽ രോഗി വ്യക്തമല്ലാത്ത വാക്കുകൾ പറയുകയോ, ആശയക്കുഴപ്പത്തോടെ സംസാരിക്കുകയോ ചെയ്തേക്കാം.
അത് തലച്ചോറിൽ മരുന്നിന്റെ പ്രഭാവം കുറഞ്ഞുവരുന്നതിന്റെ താത്കാലിക അവസ്ഥ മാത്രമാണ്. കൂടാതെ രോഗിയുടെ സ്വകാര്യതയും വിവരങ്ങളും പൂർണമായി സംരക്ഷിക്കാൻ മെഡിക്കൽ ടീം ബാധ്യസ്ഥരുമാണ്.
സുരക്ഷിതമായ അനസ്തെഷ്യയ്ക്ക് രോഗികൾ ചെയ്യേണ്ട കാര്യങ്ങൾ
അനസ്തേഷ്യയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിൽ രോഗികളുടെ സഹകരണവും വളരെ പ്രധാനമാണ്. ശസ്ത്രക്രിയയ്ക്ക് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക:
ആരോഗ്യവിവരങ്ങൾ മറച്ചുവയ്ക്കരുത്. പ്രമേഹം, അലർജി, ഉയർന്ന രക്തസമ്മർദം, ആസ്ത്മ, ഹൃദയരോഗങ്ങൾ എന്നിവയുണ്ടെങ്കിൽ അത് ഡോക്ടറോട് തുറന്നുപറയുക.
പുകവലി, മദ്യപാനം എന്നിവയുടെ ഉപയോഗമുണ്ടെങ്കിൽ അത് മറച്ചുവയ്ക്കാതെ വിദഗ്ധനെ അറിയിക്കണം. ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടർ നിർദേശിക്കുന്ന സമയം മുതൽ ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കുക.
കഴിക്കുന്ന മരുന്നുകൾ: നിങ്ങൾ പതിവായി കഴിക്കുന്ന മരുന്നുകളെക്കുറിച്ച് അനസ്തെറ്റിസ്റ്റിനോട് കൃത്യമായി ചോദിച്ചു മനസിലാക്കുക. പ്രത്യേകിച്ച് ഹൃദ്രോഗികൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ കൃത്യമായി ഡോക്ടറെ അറിയിക്കുക.
അജ്ഞതയിൽ നിന്നാണ് ഭയം ജനിക്കുന്നത്. അതിനാൽ കൃത്യമായ ശാസ്ത്രീയ അറിവ് ആ ഭയത്തെ ആത്മവിശ്വാസമാക്കി മാറ്റും.
ശസ്ത്രക്രിയ വേളയിൽ രോഗിയെ വെറുമൊരു ഉറക്കത്തിലേക്ക് നയിക്കുക എന്നതിലുപരി യാതൊരു വേദനയുമില്ലാതെ, ജീവന്റെ ഓരോ തുടിപ്പും കൃത്യമായി കാത്തുസൂക്ഷിക്കുന്ന ഒരു സുരക്ഷാകവചമാണ്.
അത്യാധുനിക സാങ്കേതികവിദ്യയും നിരന്തരമായ നിരീക്ഷണ സംവിധാനവും അനസ്തേഷ്യോളജിസ്റ്റുകളുടെ നിരീക്ഷണവും ചേരുമ്പോൾ ഈ പ്രക്രിയ സുരക്ഷിതമാണ്.
അപവാദങ്ങളിലും അശാസ്ത്രീയമായ കേട്ടുകേൾവികളിലും വിശ്വസിച്ച് അനാവശ്യമായി ഭയപ്പെടേണ്ടതില്ല. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള കൺസൾട്ടേഷനിൽ (പിഎസി) നിങ്ങളുടെ ചെറിയ സംശയങ്ങളും ആശങ്കകളും അനസ്തെറ്റിസ്റ്റുമായി തുറന്നു സംസാരിക്കുക.
ഡോക്ടറും രോഗിയും തമ്മിലുള്ള പരസ്പരവിശ്വാസവും കൃത്യമായ മുൻകരുതലുകളുമാണ് സുരക്ഷിതമായ ശസ്ത്രക്രിയയ്ക്കും വേഗത്തിലുള്ള വീണ്ടെടുപ്പിനും ഏറ്റവും പ്രധാനം.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ശ്രീദേവി ഹരി
സീനിയർ കൺസൾട്ടന്റ് അനസ്തേഷ്യോളജി, ആസ്റ്റർ മിംസ് കോട്ടക്കൽ.