കോട്ടയം: സംസ്ഥാനത്ത് ആദ്യമായി അനസ്തേഷ്യയില്‍ എംഡി നേടിയ ഡോ. മേരി ജോര്‍ജ് (94) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് വൈസ്പ്രിന്സിപ്പലായും അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്യോഗ വിദഗ്ധനുമായിരുന്ന പരേതനായ ഗാന്ധിനഗര്‍ പുള്ളോലിക്കല്‍ ഡോ. ജോര്‍ജ് ജേക്കബിന്റെ ഭാര്യയാണ്. വേളൂര്‍ മണപ്പുറം കുടുംബാംഗമാണ് മേരി ജോര്‍ജ്. മൃതദേഹം നാളെ രാവിലെ 6.30നു ഗാന്ധിനഗറിലെ വസതിയില്‍ എത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 3.30നു പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയില്‍.
കോട്ടയം മെഡിക്കല്‍ കോളജ് അനസ്തേഷ്യ വിഭാഗത്തിലെ ആദ്യപ്രഫസറായ മേരി ജോര്‍ജ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ആദ്യ വനിതയുമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി സേവനം ചെയ്തിട്ടുണ്ട്. സിഎംസി വെല്ലൂരില്‍നിന്ന് എംബിബിഎസ് നേടിയ ഡോ. മേരി ജോര്‍ജ് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സസില്നിന്നാണ് എംഡി നേടിയത്. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളില്‍നിന്ന് വിദഗ്ധ പരിശീലനവും നേടി. ഡോ. മേരി ജോര്‍ജ് വകുപ്പ് മേധാവി ആയിരിക്കുമ്പോഴാണു കോട്ടയം മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ കോഴ്സ് ആരംഭിച്ചത്.
കയര്‍ ബോര്‍ഡ് ആദ്യ ചെയര്മാന് എം.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകളാണ്. മക്കള്‍: ദീപാ ജോര്‍ജ്, ഡോ. തോമസ് ജോര്‍ജ് (ഇന്റർവെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോര്‍ജ് (കണ്‍സല്‍ട്ടന്റ് പീഡിയാട്രിഷന്, ബോസ്റ്റണ്‍ യുഎസ്),
മരുമക്കള്‍: കൊല്ലാട് മുല്ലശേരില്‍ ജോര്‍ജ് പോള്‍ (ഡല്‍ഹി), വടവുകോട് കാടായത്ത് സ്നേഹ തോമസ്, കോട്ടയം തിരുവാതുക്കല്‍ ഡോ. അജിത്ത് തോമസ് (കണ്‍സല്‍റ്റന്റ് ന്യൂറോസര്ജന് യുഎസ്).
Tags : Dr. Mary George funeral anesthesia Kottayam Medical College Vice Principal