മഞ്ചേശ്വരം: അപകടാവസ്ഥയിലായ ഉദ്യാവര്‍ തോട്ട ഗവ. മുസ്ലിം എല്‍പി സ്കൂളിലെയും അങ്കണവാടിയിലേയും കുട്ടികളെ തൊട്ടടുത്ത സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റി ക്ലാസ്റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പരാതിയില്‍ ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി തൊട്ടടുത്തുള്ള മസ്ജിദ് കെട്ടിടത്തിലേക്ക് അങ്കണവാടിയും എല്‍പി സ്കൂളും മാറ്റാന്‍ തീരുമാനമായത്.
അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ സ്കൂളും അങ്കണവാടിയും ഇതുവരെ പ്രവര്‍ത്തിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ കളക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി.
പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നത് ഉള്‍പ്പടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന മഞ്ചേശ്വരം പഞ്ചായത്ത്, സ്കൂള്‍ അധ്യാപക രക്ഷകര്‍തൃസമിതി, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്ത യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്കി.