National
ന്യൂഡല്‍ഹി: അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് വായ്പ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു. സിബിഐ, ഇഡി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. വായ്പ നല്കിയ ബാങ്കുകള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും, പൊതുപണം ഉള്‍പ്പെട്ട വിഷയമായതിനാല്‍ അന്വേഷണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ വഴി വന്‍തുക വകമാറ്റിയെന്നും ബാങ്കുകളെ കബളിപ്പിച്ചെന്നുമാണ് ആരോപണം. സന്നദ്ധ സംഘടനയായ 'സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍'നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
എട്ട് ആഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ റെയ്ഡുകള്‍, പിടിച്ചെടുത്ത രേഖകൾ, ചോദ്യം ചെയ്ത വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണം.
നേരത്തെ ഇതേ കേസുകളില്‍ സെബി അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും അഞ്ച് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
National
ന്യൂഡൽഹി: വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖൻ അനിൽ അംബാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസിന്റെ രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഈ മാസം 14ന് ഹാജരാകാനാണു നിർദേശം. ചോദ്യംചെയ്യലിനു ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു (പിഎംഎൽഎ) കീഴിൽ അനിലിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
അനിൽ അംബാനിയുടെ കന്പനികൾ എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ ക്രമക്കേടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് വായ്പയെ ടുക്കുകയും ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചുവെന്നുമാണ് ആരോപണം.
ഇഡി നൽകുന്ന വിവരമനുസരിച്ച് വായ്പയായെടുത്ത 40,185 കോടി രൂപ ഇനിയും കന്പനികൾ അടയ്ക്കാനുണ്ട്. അഞ്ച് ബാങ്കുകളാകട്ടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകൾ വഞ്ചനാപരമാണെന്നും പ്രഖ്യാപിച്ചു.
വായ്പയെടുത്ത പണം കന്പനികളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വായ്പയുടെ നിശ്ചിത ശതമാനം തുക ബന്ധപ്പെട്ട കന്പനികളിലേക്കു മറിച്ച് പഴയ കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്ന് ഇഡി ആരോപിക്കുന്നു. ചില ഫണ്ടുകൾ വിദേശത്തേക്കു മറിച്ചെന്നും അനുമാനമുണ്ട്.
കേസിൽ അനിൽ അംബാനിയെ ഓഗസ്റ്റിലും ഇഡി ചോദ്യം ചെയ്തിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖനെതിരേ സമ്മർദം മുറുക്കുകയാണ് ഇഡി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ അനിൽ അംബാനിയുടെ 3000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞദിവസം ഇഡി കണ്ടുകെട്ടിയിരുന്നു.
Business
2008ല്‍ ഫോര്‍ബ്സ് പട്ടികയില്‍ 43 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരില്‍ അഞ്ചാമന്. തൊട്ടുപുറകില്‍ 42 ബില്യണ്‍ ഡോളറുമായി അനുജൻ അനില്‍ അംബാനി ആറാം സ്ഥാനത്ത്. 2025ല്‍ 92.5 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരില്‍ 18-ാമത്. അനില്‍ പട്ടികയ്ക്കു പുറത്ത്.
അധികാരത്തർക്കം
ധീരുഭായ് അംബാനി കെട്ടിപ്പടുത്ത റിലയന്‍സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെങ്കോല്‍ മക്കള്‍ക്കു കൈമാറിയപ്പോള്‍ മാറിയത് റിലയന്‍സിന്റെ ചരിത്രം തന്നെയാണ്. മുകേഷിന്റെയും അനില്‍ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ല്‍ വില്പത്രം തയാറാക്കാതെ മരിച്ചപ്പോള്‍, മുകേഷിനെ ചെയര്‍മാനും അനിലിനെ മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു.
28,000 കോടി രൂപയായിരുന്നു റിലയന്‍സ് കമ്പനിയുടെ അന്നത്തെ മൂല്യം. രണ്ടു സഹോദരങ്ങളും ഒന്നിച്ചുനീങ്ങുമെന്നു തോന്നി. എന്നാല്‍, അംബാനി സഹോദരങ്ങള്‍ക്കിടയില്‍ അധികാര തര്‍ക്കമുണ്ടെന്ന വാര്‍ത്ത പുറത്തുവരാന്‍ അധിക സമയംവേണ്ടിവന്നില്ല.
വിഭജനം
ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ അമ്മ കോകിലബെന്‍ മുന്നോട്ടിറങ്ങി. ഭര്‍ത്താവ് ധീരുഭായ് അംബാനി സ്ഥാപിച്ച റിലയന്‍സ് സാമ്രാജ്യം രണ്ടായി വിഭജിക്കുകയേ മാര്‍ഗമുള്ളൂവെന്ന് മനസിലാക്കി. 2005 ല്‍ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു.
മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അനില്‍ നയിക്കുന്ന റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പും പിറവിയെടുത്തു. അനില്‍ ടെലികോം, വൈദ്യുതി ഉല്പാദനം, ധനകാര്യ സേവന ബിസിനസുകള്‍ ഏറ്റെടുത്തപ്പോള്‍, മുകേഷ് എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ് ബിസിനസുകള്‍ നിലനിര്‍ത്തി. 2010 വരെ അവര്‍ ബിസിനസില്‍ പരസ്പരം മത്സരിക്കില്ലെന്ന കരാറിലും ഒപ്പുവച്ചു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നേവല്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നടത്തുന്ന ബിസിനസുകള്‍. 2008ല്‍ അദ്ദേഹം റിലയന്‍സ് പവര്‍ ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) ആരംഭിച്ചു.
നിക്ഷേപകരില്‍നിന്നു വന്‍ താത്പര്യം നേടിയതോടെ ഈ ഐപിഒ ഒരു മിനിറ്റിനുള്ളില്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ മൂലധന വിപണിയിലെ ഏറ്റവും വേഗമേറിയ സബ്സ്ക്രിപ്ഷന് അതായിരുന്നു. ഇതിലൂടെ 11,563 കോടി രൂപ സമാഹരിച്ചു. ഐപിഒയുടെ ആവേശത്തില്‍, അനിലിന്റെ ആസ്തി ഏകദേശം 42 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, അദ്ദേഹം ലോകത്തിലെ ആറാമത്തെ ധനികനായ വ്യക്തിയായി.
ആദ്യ അടി
മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസായിരുന്നു, കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതകം കുഴിച്ചെടുത്തിരുന്നത്. മുഖ്യ ഉപഭോക്താവ് അനിലിന്റെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സും. അവര്‍ തമ്മിലുള്ള വിഭജന കരാറില്‍ പറഞ്ഞ പകുതി വിലയ്ക്കു പകരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഉയര്‍ന്ന വിലക്കേ നല്‍കൂവെന്ന് മുകേഷ് നിലപാടെടുത്തു.
സുപ്രീംകോടതിയില്‍നിന്നു അനുകൂല വിധിയും നേടി. ഇതോടെ കുറഞ്ഞ പ്രകൃതി വാതക വില മുന്നില്‍ക്കണ്ട് തുടങ്ങിയ റിലയന്‍സ് പവറിന്റെ (റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഉപ കമ്പനി) വൈദ്യുത പദ്ധതികളും ഇതിനായെടുത്ത വായ്പകളുടെ തിരിച്ചടവും പ്രശ്നത്തിലായി. ഇതായിരുന്നു അനിലിനേറ്റ ആദ്യ തിരിച്ചടി
റിലയന്‍സ് കമ്യൂണിക്കേഷന്റെ പതനം
അനില്‍ ഏറ്റെടുത്ത ഏറ്റവും പ്രതീക്ഷ നല്കുന്ന ബിസിനസായിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അഥവാ ആര്‍കോം.2002-ല്‍ റിലയന്‍സ് ഇന്‍ഫോകോം എന്ന പേരില്‍ ആര്‍കോം ആരംഭിച്ചപ്പോള്‍, അന്ന് വളര്‍ന്നുവരുന്ന ഒരു സാങ്കേതികവിദ്യയായിരുന്ന സിഡിഎംഎ (കോഡ് ഡിവിഷന് മള്‍ട്ടിപ്പിള്‍ ആക്സസ്) പ്ലാറ്റ്ഫോമാണ് അവര്‍ തെരഞ്ഞെടുത്തത്. എയര്‍ടെല്‍, ഹച്ച് തുടങ്ങിയ എതിരാളികള്‍ ജിഎസ്എം (ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍) ഉപയോഗിച്ചിരുന്നു.
ടെലികോം വ്യവസായം വളര്‍ന്നപ്പോള്‍, ആര്‍കോമിന്റെ സിഡിഎംഎ റിലയന്‍സിനു പ്രതികൂലമായി. അവ 2ജി, 3ജി എന്നിവയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. 4ജി വന്നതോടെ നഷ്ടം പൂര്‍ണമായി.റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉപയോഗിച്ചിരുന്ന സിഡിഎംഎ സാങ്കേതികവിദ്യ 4 ജിക്കു യോജിക്കാത്തതായിരുന്നു. ഇരുവരും തമ്മില്‍ മത്സരമൊഴിവാക്കുന്ന കരാര്‍ രണ്ടു ഗ്രൂപ്പും റദ്ദുചെയ്തു.
മുകേഷിന്റെ വരവ്
2010ല്‍ നോണ്‍-കോമ്പീറ്റ് ക്ലോസ് അവസാനിച്ചതിനുശേഷം, അനില്‍ പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് 2016ല്‍ മുകേഷ് ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് വാങ്ങി ടെലികോ വ്യവസായത്തിലേക്കു കടന്നു. വളരെ കുറഞ്ഞ വിലയ്ക്ക് ഫോണും സേവനവും നല്കിയ മുകേഷിന്റെ തന്ത്രം എല്ലാ ടെലികോം കമ്പനികളേയും പ്രതിസന്ധിയിലാക്കി.
സ്പെക്ട്രത്തിനും സേവന ശൃംഖല വിപുലമാക്കാനും വന്‍തോതില്‍ കടമെടുത്തിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇതോടെ തകര്‍ന്നടിഞ്ഞു. 2016ല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ആരംഭിച്ചുകൊണ്ട് മുകേഷ് ടെലികോ വ്യവസായത്തില്‍ കൊടുങ്കാറ്റായി മാറി, ഇത് ആര്‍കോമിന് മാത്രമല്ല, മുഴുവന്‍ ടെലികോം വ്യവസായത്തിനും ഭീഷണി ഉയര്‍ത്തി.
അങ്ങനെ മുകേഷ് ഇതോടെ അനിലിന്റെ സമ്പത്ത് 2008 ലെ 42 ബില്യണില്‍നിന്ന് 2011ല്‍ 8.8 ബില്യണിലേക്കു കൂപ്പു കുത്തി. മൂന്നു വര്‍ഷംകൊണ്ട് 80 ശതമാനം ഇടിവ്. പെരുകുന്ന നഷ്ടങ്ങള്‍ക്കും കടബാധ്യതകള്‍ക്കും ഇടയില്‍, ആര്‍കോം 2017 ല്‍ അതിന്റെ വയര്‍ലെസ് പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടി. പിന്നീട് അനില്‍ മറ്റ് ബിസിനസുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
ആസ്തികള്‍ വില്‍ക്കുന്നതിനും കടം വീട്ടുന്നതിനുമുള്ള കട പരിഹാര പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 2019ല്‍ ആര്‍കോം കടം തിരിച്ചടയ്ക്കാന്‍ ആസ്തികള്‍ വില്ക്കാന് കഴിയാത്തതിനാല്‍ പാപ്പരത്തത്തിന് അപേക്ഷ നല്കി.
നഷ്ടം തീര്‍ക്കാന്‍ വിൽപ്പന
2014ല്‍ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ബിഗ് സിനിമാസ് തിയേറ്റര്‍ ശൃംഖല വിറ്റു. 2018ല്‍ മുംബൈയിലെ വൈദ്യുതി വിതരണ ബിസിനസ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അദാനി ട്രാന്സ്മിഷന് 18800 കോടി രൂപയ്ക്ക് വിറ്റു. ഭൂമി ഏറ്റെടുക്കല്‍, ഇന്ധനലഭ്യത പ്രശ്നങ്ങള്‍ കാരണം 2014ല്‍ ദാദ്രി വൈദ്യുത പദ്ധതിയില്‍നിന്നും റിലയന്‍സ് എനര്‍ജി പിന്‍വാങ്ങി.
2018ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അവരുടെ സ്പെക്ട്രം 18000 കോടിക്ക് ജിയോയ്ക്കു വില്ക്കാന് ധാരണയായെങ്കിലും സ്പെക്ട്രം വാങ്ങുന്നയാള്‍ കുടിശിക കൂടി അടക്കണമെന്ന് ടെലികോം വകുപ്പ് നിബന്ധന മൂലം ഇതും മുടങ്ങി.
പ്രതിസന്ധിയുടെ ഘോഷയാത്ര
ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി അനില്‍ ഗ്രൂപ്പ് കമ്പനികള്‍ പ്രതിസന്ധി നേരിട്ടു. വായ്പാ തിരിച്ചടവ് മുടങ്ങി, പാപ്പരാത്തനടപടികളിലേക്കു നീങ്ങി. ഇതിനിടയിലും റിലയന്‍സ് ക്യാപിറ്റല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. റിലയന്‍സ് മ്യുച്വല്‍ ഫണ്ട്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് എന്നീ മുന്‍നിര സ്ഥാപനങ്ങളും റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേര്‍ഷ്യല്‍ ഫിനാന്‍സ് എന്നിവയും റിലയന്‍സ് ക്യാപ്പിറ്റലിനു കീഴിലായിരുന്നു.
കടബാധ്യത തീര്‍ക്കാന്‍ ഇന്ത്യയിലെതന്നെ മികച്ച മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ റിലയന്‍സ് മ്യുച്വല്‍ ഫണ്ടും വില്ക്കാന് അനില്‍ നിര്ന്ധിതനായി. പക്ഷേ, സെബി നിയന്ത്രണത്തിലുള്ള മ്യുച്വല്‍ ഫണ്ടിലെ നിക്ഷേപവും ലാഭവും യൂണിറ്റ് ഉടമകള്‍ക്കുള്ളതാണ്. അതു വക മാറ്റാന്‍ സാധ്യമല്ല.
സ്വന്തം കമ്പനികളുടെ ഓഹരികള്‍ അനില്‍ പണയം വച്ച് കടമെടുത്തിരുന്നു. 2019ല്‍ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇവയുടെ ഈടില്‍ വായ്പ കൊടുത്ത കമ്പനികള്‍ പണയപ്പെടുത്തിയ ഓഹരികള്‍ വില്ക്കാന് തുടങ്ങി. ഇതു വിലത്തകര്‍ച്ച കൂട്ടി. മാത്രമല്ല ഇതോടെ പ്രമോട്ടറായ അനിലിന്റെ ഭൂരിപക്ഷ വിഹിതം വന്‍തോതില്‍ കുറഞ്ഞു.
തുടരുന്ന കോടതി നടപടികള്‍
2019ല്‍ ആര്കോമിനെതിരേ എറിക്സണ് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകരിച്ചു. ആ സമയത്ത്, ആര്‍കോം 1,100 കോടിയിലധികം രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്ന് എറിക്സണ് അവകാശപ്പെട്ടു.
എറിക്സണിനുള്ള കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ സുപ്രീം കോടതി അനില്‍ അനിലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഒരു മാസത്തിനുള്ളില്‍ എറിക്സണ് 453 കോടി രൂപ നാലാഴ്ചക്കുള്ളില്‍ കൊടുക്കാന്‍ നിര്‍ദേശിച്ചു, ഇല്ലെങ്കില്‍ ജയില്‍ ശിക്ഷയും. ഈ പണം കൊടുത്ത് അനുജനെ രക്ഷിച്ചത് മുകേഷായിരുന്നു.
ആസ്തികള്‍ വട്ടപൂജ്യം
റിലയന്‍സ് കമ്യൂണിക്കേഷൻ മൂന്നു ചൈനീസ് ബാങ്കുകള്‍ നല്കിയ വായ്പ മുടക്കം വരുത്തിയ കേസിന്റെ വിചരാണ യുകെ കോടതിയിലായിരുന്നു. 700 മില്യണ്‍ ഡോളറിലധികമാണ് ഈ ബാങ്കുള്‍ വായ്പയായി നല്‍കിയത്.
2020 മേയില്‍ യുകെ കോടതി അനിലിനോട് ജൂണ്‍ 12നോ അതിനു മുമ്പോ കോടതി ചെലവുകള്‍ ഉള്‍പ്പെടെ 7.17 മില്യണ്‍ ഡോളര്‍ ബാങ്കുകള്‍ക്കു തിരിച്ചടയ്ക്കാന്‍ നിര്‍ദേശം നല്കി. സെപ്റ്റംബറില്‍ 25 കോടതിയിലെത്തിയ അനില്‍ അംബാനി തന്റെ ആസ്തികള്‍ വട്ടപൂജ്യമാണെന്നു കോടതിയില്‍ വ്യക്തമാക്കി.
സെബിയുടെ വിലക്ക്
കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് 2024ല്‍ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍നിന്ന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി.
റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വഴിതിരിച്ചുവിട്ടതിന് ആ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തി. റിലയന് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി ആസൂത്രണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
സുപ്രീം കോടതിയുടെ വിധി
2024ല്‍ അടുത്ത തിരിച്ചടിയുമേറ്റു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ മെട്രോ വിഭാഗമായ ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡും (ഡിഎഎഇപിഎല്) ഡല്‍ഹി മെട്രോ കോര്‍പറേഷനും (ഡിഎംആര്‍സി) തമ്മിലുള്ള തകര്‍ത്തില്‍ ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീകോടതി അസാധുവാക്കി.
ആര്ബിട്രേഷന് തുകയായി ഡിഎഎഇപിഎല്ലിന് ലഭിക്കാനിരുന്ന 8000 കോടി രൂപ ഡിഎംആര്‍സി നല്‍കേണ്ടതില്ലെന്നാണ് വിധി വന്നത്. മാത്രമല്ല ഡിഎംആര്‍സി നല്കിയ 3,300 കോടി രൂപ അനിലിന്റെ കമ്പനി തിരികെ നൽകാനും കോടതി ഉത്തവിട്ടു.
തട്ടിപ്പായി പ്രഖ്യാപിച്ച് എസ്ബിഐ
അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടറായിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്റെ ലോണ്‍ അക്കൗണ്ടുകള്‍ ഈ വര്‍ഷം ജൂലൈയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പ് വിഭാഗത്തില്‍പ്പെടുത്തി. ഇതിനുപിന്നാലെ ഈ നടപടി ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചു. ഇതിനിടെ ആര്‍കോമിന് തട്ടിപ്പ് വിഭാഗത്തില്‍നിന്നു കനറാ ബാങ്ക് ഒഴിവാക്കിയ നടപടി മുന്‍ ഡയറക്ടറായിരുന്ന അനിലിന് ആശ്വാസമായി.
ആര്‍കോം നിലവില്‍ പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുകയാണ്. അനില്‍ അംബാനിയുടെ പല കമ്പനികളും തിരിച്ചടികളിലൂടെ പോകുമ്പോഴും ഈ വര്‍ഷം റിലയന്‍സ് ഇന്‍ഫ്രായും റിലയന്‍സ് പവറും ലാഭത്തിലേക്കുവരുന്ന പ്രകടനം നടത്തി. ഇതോടെ അനില്‍ അംബാനി ഇതിന്റെ സഹസ്ഥാപനമായ റിലയന്‍സ് ഡിഫന്‍സിന് പല വിദേശ കമ്പനികളില്‍നിന്ന് ആയുധങ്ങളും നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള കരാറുകള്‍ ലഭിച്ചു.
സ്വത്ത് കണ്ടുകെട്ടി
വായ്പ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ 7500 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി എന്നതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.
National
ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ 7500 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി.
അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡൽഹിയിലെ റിലയൻസ് സെന്റർ പ്രോപ്പർട്ടി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലെ നാൽപ്പതോളം സ്വത്തുക്കൾ എന്നിവയാണ് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയത് .
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നീ കന്പനികൾ സ്വരൂപിച്ച പൊതുഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഇത് വെളുപ്പിച്ചെന്നുമാണ് കേസ്. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് 2,965 കോടി രൂപയാണ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചിരുന്നത്. ഇതേകാലയളവിൽ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ 2,045 കോടി രൂപയും നിക്ഷേപിച്ചു.
2019 ഡിസംബറിൽ ഈ നിക്ഷേപങ്ങൾ നിഷ്ക്രിയമായി മാറി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന് 1,353 കോടി രൂപയും റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിന് 1,984 കോടി രൂപയും കുടിശികയായെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് കാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കന്പനികളിൽ നിന്നുള്ള ഓഹരികൾ കടലാസ് കന്പനികൾ വഴിതിരിച്ചുവിട്ട് 28,874 കോടി രൂപ തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ദിവസം അന്വേഷണാത്മക റി പ്പോർട്ട് ന്യൂസ് പോർട്ടലായ കോബ്രാപോസ്റ്റ് പുറത്തുവിട്ടിരുന്നു.
Business
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി വിലയിൽ ഇന്നലെ അപ്പർ സർക്യൂട്ടിലെത്തി. ഓഹരി ഒന്നിന് 19.25 രൂപ (4.99%) ഉയർന്ന് 404.65ലെത്തി. റിലയൻസ് ഇൻഫ്രയുടെ പ്രതിരോധവിഭാഗമായ റിലയൻസ് ഡിഫൻസിന് 600 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചെന്ന പ്രഖ്യാപനത്തെത്തുടർന്നാണ് ഓഹരി കുതിച്ചത്.
ജർമൻ പ്രതിരോധ, വെടിക്കോപ്പ് നിർമാതാക്കളായ റെയിൻമെറ്റാൽ വാഫെ മ്യൂണിഷൻ ജിഎംബിഎച്ചിൽനിന്ന് കയറ്റുമതി ഓർഡർ നേടിയതായി റിലയൻസ് ഇൻഫ്ര അറിയിച്ചു. ഹൈടെക് വെടിമരുന്ന് മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നാണിതെന്ന് കന്പനി അറിയിച്ചു.