തലശേരി: എവറസ്റ്റിന്റെ ബേസ് ക്യാന്പിലേക്കുള്ള ട്രക്കിങ്ങിനിടെ തലശേരി സ്വദേശി നേപ്പാളിൽ മരിച്ചു. എരഞ്ഞോളി ചുങ്കം അങ്കണവാടിക്കു സമീപം പടിഞ്ഞാറേപ്പുരയ്ക്കൽ കെ.വി. ബാലകൃഷ്ണൻ-രാജമണി ദന്പതികളുടെ മകൻ അഞ്ജുനാഥാണ് (31 ) മരിച്ചത്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ 19ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
പർവതാരോഹണ വേളയിൽ അനുഭപ്പെടുന്ന അക്യൂട്ട് മൗണ്ടൻ സിക്നസാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കാഠ്മണ്ഡുവിൽ പോസ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. അപർണ, അശ്വതി, അക്ഷയ് എന്നിവർ സഹോദരങ്ങളാണ്.
ഗൾഫിൽ കരാട്ടെ അധ്യാപകനായ അഞ്ജുനാഥ് ‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു.