നടന് ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്തു. ഇന്നലെയാണ് കടവന്ത്ര പോലീസ് മൊഴിയെടുത്തത്.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവര്‍ മൊഴി നല്കി. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അന്‍സിബ
അതിനിടെ, നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുകയാണ് അന്‍സിബ. നടി ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ് തൃപ്പൂണിത്തുറ, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, കേസിന് നമ്പറിടുകയും സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അടുത്ത 17 ന് മുമ്പ് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തുകൊണ്ട് ഈ സംഭവത്തില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നതിനാണ് പോലീസ് കോടതിയില്‍ മറുപടി നല്‍കേണ്ടത്.
പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐക്കെതിരെയും നടി ലക്ഷ്മി പ്രിയക്കെതിരെയും അന്‍സിബ നല്കിയ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
അതേസമയം ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന് സംഘടനാ നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തു വന്നതോടയാണ് വിവാദങ്ങളുടെ തുടക്കം. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നിരുന്നു.
കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും നീന കുറുപ്പ് സംഘടനക്ക് പരാതി നല്കി. അതേസമയം, അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മ അന്‍സിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുള്പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 21 നാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്.