Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്റോ ആന്റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
Kerala
പത്തനംതിട്ട: നെടുംപറമ്പിൽ ഫിനാൻസിൽനിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ചത് ആന്റോ ആന്റണി എംപി. തെരഞ്ഞെടുപ്പ് സംഭാവനയായാണ് പണം വാങ്ങിയത്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകിയെന്നും ആന്റോ പറഞ്ഞു.
രാജു പറയുന്ന രണ്ട് കോടിയെക്കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പുകളിൽ സഹായം കിട്ടിയിട്ടുണ്ട്. 2019ൽ എൻ.എം. രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചിട്ടുണ്ടെന്നും ആന്റോ പറഞ്ഞു.
ആ പണം തിരികെ നൽകിയിട്ടുണ്ട്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകി. പണം കിട്ടാനുണ്ടെങ്കിൽ നിയമപരമായി പോകട്ടേ. എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നായിരുന്നു നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്റെ ആരോപണം. ഇതിനു മറുപടി പറയുകയായിരുന്നു ആന്റോ ആന്റണി.
തന്റെ സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് മകളടക്കം അപേക്ഷിച്ചിട്ടും പണം തിരികെ തന്നില്ലെന്നും രാജു പറഞ്ഞു. 2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്തനംതിട്ടയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ആന്റോ ആന്റണി ആണ്. ആ സമയത്ത് ആന്റോ ആന്റണിയുടെ ഭാര്യ നിരവധി തവണ തന്നെ കാണാനായി ഓഫീസില്‍ വന്നു. വീട്ടിലും വന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രികളില്‍ ഭാര്യയുമൊത്ത് ആന്റോ ആന്റണിയും വീട്ടില്‍ വന്നു.
പ്രചാരണത്തിനായുള്ള ഫണ്ട് വന്നില്ല, അതുകൊണ്ട് സഹായിക്കണം എന്നു പറഞ്ഞു. രണ്ടു കോടി രൂപ ഞങ്ങളുടെ കമ്പനിയില്‍ നിന്നും അദ്ദേഹം വായ്പയായി എടുത്തിട്ടുണ്ട്. രണ്ടു മാസത്തിനകം ഈ പണം തിരിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു മാസവും കഴിഞ്ഞ് ഇപ്പോള്‍ ഏഴു വര്‍ഷമായി. ആയിരം പ്രാവിശ്യമെങ്കിലും ഞങ്ങള്‍ കൈയും കാലും പിടിച്ച് ചോദിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് പ്രതിസന്ധി വന്ന ഘട്ടത്തില്‍ തന്റെ മകളടക്കം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിട്ട് അങ്കിള്‍ എങ്ങനെയെങ്കിലും സഹായിക്കണം ഞങ്ങള്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞിട്ടുപോലും ഈ വായ്പ തിരിച്ചു തരാന്‍ അദ്ദേഹം തയാറായില്ല. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം 20 ലക്ഷം മാത്രമേ അദ്ദേഹം തിരികെ തന്നിട്ടുള്ളു. ബാക്കി പണം ആന്റോ ഇന്നുവരെ തിരികെ തന്നിട്ടില്ലെന്നും എന്‍.എം രാജു ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണയായ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തേക്ക്.
സണ്ണി ജോസഫ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങുന്പോൾ കെപിസിസി പ്രസിഡന്റിന്റെ ചുമതല പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കോ മാവേലിക്കരയുടെ ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിനോ നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത് ഇറങ്ങുന്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല മുതിർന്ന നേതാക്കളിൽ ഒരാൾക്കു നൽകുന്നതാണ് കീഴ് വഴക്കം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരുകളാണ് ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റെയും.
സണ്ണി ജോസഫ് വീണ്ടും ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പുതിയ ചുമതലയിൽ എത്തുന്ന ആൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും നിയമസഭാ മത്സരരംഗത്തുണ്ട്. മറ്റൊരു വർക്കിംഗ് പ്രസിഡന്റായ ഷാഫി പറന്പിൽ എംപിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകാൻ ധാരണയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. ബാബുവിനോട് തൃപ്പൂണിത്തുറയിൽ വീണ്ടും മത്സരിക്കാൻ അഭ്യർഥിക്കും.
കെ. ബാബു വീണ്ടും മത്സരിച്ചാൽ തൃപ്പുണിത്തുറയിൽ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണുള്ളത്. ഇക്കാര്യത്തിൽ കെ.ബാബുവിന്റെ നിലപാട് നിർണായകമാകും. ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ടെങ്കിലും എൽദോസ് കുന്നപ്പിള്ളി പെരുന്പാവൂരിൽ വീണ്ടും ജനവിധി തേടും.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം പൊതുസ്വതന്ത്രനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് ആലോചന.
ലൈംഗിക പീഡന പരാതികൾ തുടർച്ചയായി ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരൻ കണ്ണൂരിൽ ജനവിധി തേടിയപ്പോൾ എം.എം. ഹസൻ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. പിന്നീട് സ്ഥാനം വിട്ടു നൽകാത്തതിനെത്തുടർന്ന് തർക്കവുമുയർന്നിരുന്നു.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ക്രമക്കേടുണ്ടായാൽ അതു വളരെ ഗൗരവമായി പരിഗണിക്കണം.
ഈ സാഹചര്യത്തിൽ സമഗ്രവും പക്ഷപാതരഹിതവുമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം-ആന്റോ ആന്റണി ആവശ്യപ്പെട്ടു.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വിജയം ഉറപ്പെന്ന് ആന്റോ ആന്റണി എംപി. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണസജ്ജമാണെന്നും എംപിയും ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലും പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞാൽ അന്തിമ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടും. ജയസാധ്യത മുൻനിർത്തിയാകും സ്ഥാനാർഥികളെ തീരുമാനിക്കുക.
ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്ന് ആന്റോ ആന്റണി പറഞ്ഞു. സ്വർണക്കൊള്ളയ്ക്കു നേതൃത്വം നൽകിയ പിണറായി സർക്കാരിനെതിരേയുള്ള ശക്തമായവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ സർക്കാരും ജില്ലാ ഭരണകൂടവും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്.
ജില്ലയിലൊട്ടാകെ വികസന പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണ്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതികൾ പലതും അവതാളത്തിലായിരിക്കുകയാണ്.
അബാൻ മേൽപാലം, കോഴഞ്ചേരി പാലം, ജനറൽ ആശുപത്രി തുടങ്ങിയവ ഇഴഞ്ഞുനീങ്ങുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
സിപിഐയിൽനിന്നും രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മയുമായി ചർച്ച നടത്തിയെന്നും കോൺഗ്രസിൽചേരുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, എൻ. ഷൈലാജ്, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്ത