തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ എല്ലാ കുറ്റവും സംസ്ഥാന കായിക വകുപ്പിന്റെ തലയിൽ ചുമത്തി ജിഎസ്ടി തട്ടിപ്പു കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മൊഴി.
ആന്റോയുടെ മൊഴി
അർജന്റീന ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാൻ സംസ്ഥാന കായിക വകുപ്പാണ് തന്നെ സമീപിച്ചതെന്ന് ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫിസർക്കു നൽകിയ മൊഴിയിൽ പറയുന്നു.
മെസിയുടെ പേരിൽ നടന്ന നികുതി തട്ടിപ്പു കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി അറസ്റ്റ് ചെയ്യുന്നതിനു മുൻപ് ജിഎസ്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് കായിക വകുപ്പാണ് തങ്ങളെ സമീപിച്ചതെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്. ഇതോടെ എല്ലാ തട്ടിപ്പും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ തലയിൽ വച്ച സിപിഎം നേതൃത്വത്തിന്റെ വാദം കളവാണെന്നു വരും.
ഫുട്ബോൾ മത്സരത്തിനായി സമീപിച്ചെന്ന്
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ മത്സരം കേരളത്തിൽ നടത്താൻ താത്പര്യമുണ്ടോയെന്നു ചോദിച്ചാണ് കായിക വകുപ്പ് തങ്ങളെ സമീപിച്ചതെന്നാണ് ആന്റോയുടെ വാദം. നേരത്തേ സ്വർണാഭരണ വ്യാപാരികളുടെ സംഘടനയുമായി ഇതുസംബന്ധിച്ചു കരാറിൽ ഏർപ്പെട്ടിരുന്നു. അവർക്കു പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സ്പോണ്സറെ തെരയുന്നതെന്നാണ് സർക്കാർ പ്രതിനിധി തങ്ങളോടു പറഞ്ഞത്.
രണ്ടു മത്സരം നടത്താനുള്ള പണം ഒരു മത്സരത്തിൽ നിന്നു ലഭിക്കുമെന്നും ഇതുവഴി ഗുഡ്വിൽ ലഭിക്കുമെന്ന വിശ്വാസത്തിലുമാണ് തീരുമാനമെടുത്തത്. ഞങ്ങളെ സമീപിക്കുന്നതിനു മുൻപ് അർജന്റീനയുമായി സർക്കാർ പ്രതിനിധിസംഘം സംസാരിച്ച് എല്ലാ കാര്യത്തിലും തീരുമാനമെടുത്തിരുന്നുവെന്നാണ് അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ എസ്പിവി രൂപീകരിക്കുകയും കളി നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനാൽ സംസ്ഥാന കായിക വകുപ്പാണ് കേന്ദ്ര സർക്കാരിന്റെ അടക്കം അനുമതി വാങ്ങേണ്ടത്. അർജന്റീനയുടെ കളക്ഷൻ ഏജന്റായ ടൂർപ്രോഡ് എന്റർ എൽഎൽസി എന്ന സ്ഥാപനത്തിലേക്കു പണം അയയ്ക്കുന്നതിലൂടെ ഞങ്ങൾ ഒരു സർവീസും ഇറക്കുമതി ചെയ്തില്ല.
ടൂർപ്രോഡിലേക്ക് 139.1 കോടി രൂപ കൈമാറി
സംസ്ഥാന സർക്കാർ കേന്ദ്ര കായിക-ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയിരുന്നു. കേന്ദ്ര കായിക മന്ത്രാലയം നേരിട്ട് ആർബിഐക്ക് കൊടുത്ത അനുമതിയുടെ അടിസ്ഥാനത്തിൽ 14.5 മില്യണ് ഡോളർ (ഏകദേശം 139.1 കോടി രൂപ) ടൂർപ്രോഡ് എന്റർ എൽഎൽസി എന്ന സ്ഥാപനത്തിനു നൽകി.
എന്നാൽ, എസ്പിവി ഓർഡർ പ്രകാരം മത്സരം എങ്ങനെ കേരളത്തിൽ നടത്താമെന്ന കാര്യത്തിൽ കായിക സെക്രട്ടറി ഉത്തരവിറക്കും എന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
കരാർ പ്രകാരമുള്ള മത്സരങ്ങൾ നടത്തുകയോ മുടക്കിയ പണം തിരിച്ചു കിട്ടുകയോ ചെയ്തില്ല. പണം തിരിച്ചു കിട്ടാനായി കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് സ്വിറ്റ്സർലാൻഡിൽ പരാതി ഫയൽ ചെയ്തു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാമെന്നും ആന്റോ നൽകിയ മൊഴിയിലുണ്ട്.