NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
Kerala
പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര് പറഞ്ഞു.
അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി.
കരടികള് ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
Kerala
കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർആർടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.