കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വേറുതേ വിട്ടതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ. കേസിൽ തങ്ങളെ പ്രതികളാക്കിയതിനു പിന്നിൽ ലീഗും കോൺഗ്രസും പിന്നീട് ബിജെപിയിൽ ചേർന്ന ഒരു ഐപിഎസ് ഓഫിസറും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ജയരാജൻ പ്രതികരിച്ചു.
2012 ഫെബ്രുവരി 19 മുതൽ പട്ടുവം പഞ്ചായത്തിലെ അരിയിൽ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ അക്രമങ്ങൾ തുടർച്ചയായി നടന്നിരുന്നു. വായനശാലകളും ക്ലബ്ബുകളും സിപിഎം പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം ഓഫിസ് പച്ച പെയിന്റടിച്ച് വികൃതമാക്കി. അന്നത്തെ എംഎൽഎ ടി.വി.രാജേഷിനും സിപിഎം നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമൊപ്പം അരിയിലിൽ എത്തിയപ്പോൾ ലീഗ് ഓഫിസിനും പള്ളിക്കും സമീപത്തുവച്ച് തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ തനിക്കും ചില മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കണ്ണപുരം സ്റ്റേഷൻ പരിധിയിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. അന്ന് കേരളം ഭരിച്ചിരുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും സമ്മർദത്തിനു വഴങ്ങി പൊലീസിനെ പാവകളിപ്പിക്കുകയായിരുന്നു. തളിപ്പറമ്പിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ട് താൽക്കാലിക ജീവനക്കാരെ സാക്ഷികളാക്കി വ്യാജ മൊഴി ഉണ്ടാക്കി. ഗൾഫിൽനിന്നെത്തിയ സാക്ഷി കോടതിയിൽ കള്ളസാക്ഷി പറയാൻ തയാറായില്ലെന്നും ജയരാജൻ അവകാശപ്പെട്ടു.
ഈ ഗൂഢാലോചന സിദ്ധാന്തമാണ് ഇപ്പോൾ പൊളിഞ്ഞുവീണതെന്നും ലീഗ് നേതൃത്വം ജനങ്ങളോടു മാപ്പ് പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.