കോഴഞ്ചേരി: ജലലഭ്യതയിൽ വശ്യമനോഹരിയായി കുളിച്ചുനില്‍ക്കുകയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. സഞ്ചാരികളുടെ മനംമയക്കുന്ന വെള്ളച്ചാട്ടം കോഴഞ്ചേരി ടൗണില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലാണ്.
മഴക്കാലത്ത് അതീവ മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് അരുവിക്കുഴി വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. പാറക്കെട്ടുകളിലൂടെ തട്ടിത്തെറിച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് തുലാവര്‍ഷ കാലത്ത് പ്രത്യേക ഭംഗിയാണുള്ളത്. പച്ചപ്പ് നിറഞ്ഞ പ്രദേശത്തെ ശാന്തമായ വെള്ളച്ചാട്ടം കാഴ്ചക്കാരുടെ മനസിനും കുളിര്‍മ ഏകുന്നതാണ്. റബര്‍ തോട്ടങ്ങളാലും മറ്റ് ഫലവൃക്ഷങ്ങളാലും സമ്പന്നമായ ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ജില്ലയുടെവിവിധ ഭാഗങ്ങളിൽ നിന്ന് ഏകദിന വിനോദയാത്രയ്ക്ക് അനുയോജ്യമായ ഇടം കൂടിയാണ്
അരുവിക്കുഴി. തണുത്തകാറ്റും പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ആരവവും സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്.
പദ്ധതികൾ പാതിവഴിയിൽ
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം പ്രകൃതിയോട് ഇണങ്ങി കുറച്ചുനേരം ചെലവഴിക്കാനും ഡിടിപിസി സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് പ്രയോജപ്രദമല്ല. വെള്ളത്തിന് അധികം ആഴം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി കുളിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാനും തിരക്കുകളില്‍ നിന്നും മാറി കുറച്ചുസമയം മാനസിക ഉല്ലാസവും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് കുറിയന്നൂരിനു സമീപമുള്ള അരുവിക്കുഴി.
ശരീരത്തിന് ഉന്മേഷം പകരാന്‍ അരുവിക്കുഴിയെക്കാള് മികച്ച മറ്റൊരിടം ഇല്ലെന്നാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ പറയുന്നത്.അരുവിക്കുഴിയുടെ സാധ്യതകൾ മനസിലാക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ലക്ഷകണക്കിനു രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. വിശ്രമസ്ഥലം, കഫേസെന്ററുകൾ, ശൗചാലയം, ഇരിപ്പിടങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിർമിച്ചു. എന്നാൽ സ്ഥിരമായ ഒരു സംവിധാനം ഇല്ലാത്തതിനാൽ വെള്ളം കുറയുന്പോഴേക്കും പ്രദേശം കാടുകയറും. വേനല്‍ക്കാലത്തും വെള്ളം എത്തിക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കേണ്ടത്. അങ്ങനെ നടപ്പിലാക്കിയാല്‍ അരുവിക്കുഴിക്ക് ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കും.
അരുവിക്കുഴി വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന തോട്ടപ്പുഴശേരി പഞ്ചായത്തിലാണ് പ്രശസ്തമായ ചരല്‍കുന്ന് ക്യാമ്പ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. ചരല്‍കുന്ന് ക്യാമ്പ് സെന്ററും അരുവിക്കുഴി വെള്ളച്ചാട്ടവും ഉള്‍പ്പെടുത്തി ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
സ്ഥിരമായ സംവിധാനത്തിനു പദ്ധതി ഉണ്ടാകണം
മഴക്കാലത്തെ വെള്ളം സംഭരിച്ചു നിർത്തുകയും വേനൽക്കാലത്തും വെള്ളച്ചാട്ടം നിലനിർത്തുകയും ചെയ്യുന്ന തരത്തിലുള്ള സംവിധാനം ഉണ്ടായാൽ കൂടുതല്‍ സഞ്ചാരികളെ അരുവിക്കുഴിയില്‍ എത്തിക്കാന്‍ സാധിക്കും. അഡ്വഞ്ചര്‍ ടൂറിസത്തിന് വളരെ സാധ്യതയുള്ള സ്ഥലമായ അരുവിക്കുഴിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. സ്ഥലം എംഎല്‍എ അബിന്‍ വര്‍ക്കിയുമായി ചേര്‍ന്ന് വിശദമായ ഒരു ഡിപിആര്‍ തയാറാക്കി അരുവിക്കുഴി ടൂറിസം പദ്ധതി ഏറ്റെടുക്കാൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കും.
- ടി.കെ. രാമചന്ദ്രന്‍നായര്‍, പ്രസിഡന്റ്,
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്.