ബി ടൗണിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാനും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളി ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിലായിരുന്നു ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും മനോഹരവുമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ പങ്കുവച്ച ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഐവറി, സിൽവർ-ഗ്രേ കോമ്പിനേഷനിലുള്ള ഫ്ലോറൽ എംബ്രോയ്ഡറി ലെഹങ്കയും പോൽക്കി ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് ഗൗരി സ്പ്രാറ്റ് ചിത്രങ്ങളിൽ തിളങ്ങുന്നത്. നടി എല്ലി അവ്റാം ഗൗരിക്കൊപ്പമുള്ള സ്നേഹനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആമിറിന്റെ അടുത്ത സുഹൃത്തുക്കളും പ്രമുഖ സംവിധായകരുമായ അശുതോഷ് ഗോവാരിക്കർ, അമീൻ ഹാജി, പ്രസൂൺ ജോഷി എന്നിവരുടെ രസകരമായ ഗ്രൂപ്പ് സെൽഫികളും ആരാധകർ ഏറ്റെടുത്തു.