ലഗാൻ ചിത്രത്തിൽ ആമിർ ഖാനും സഹതാരങ്ങളും.
1890-കളിൽ ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ, അതിജീവനത്തിനായി ഇംഗ്ലീഷുകാര്‍ക്കെതിരേ ബാറ്റ് വീശിയ ഭുവനെയും അവന്റെ കൂട്ടുകാരെയും ഇന്ത്യന്‍ സിനിമാലോകം നെഞ്ചിലേറ്റിയിട്ട് കാൽ നൂറ്റാണ്ടു തികയുന്നു. അശുതോഷ് ഗൊവാരിക്കർ എന്ന സംവിധായകനും ആമിർ ഖാൻ എന്ന അഭിനേതാവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. 2001 ജൂൺ 15-ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസിന്റെ സില്‍വര്‍ ജൂബിലി വേളയില്‍, ലഗാന്റെ ചരിത്രവിജയം വീണ്ടും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് രാജ്യാന്തര ചലച്ചിത്രലോകം.
ഇന്ത്യക്കു വെളിയിൽ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവമായ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ പതിനേഴാമത് എഡിഷനിലാണ് ലഗാന്റെ 25-ാം വാര്‍ഷികം സവിശേഷമായി ആഘോഷിക്കുന്നത്. ഓസ്ട്രേലിയയില്‍ നടക്കുന്ന സുവര്ണാഘോഷത്തില് പങ്കെടുക്കാന്‍ ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ ആമിര്‍ ഖാന് നേരിട്ടെത്തുകയും ചെയ്യന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 23 വരെ നടക്കുന്ന മെല്‍ബണ്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ലഗാന്റെ പ്രത്യേക പ്രദര്‍ശനത്തോടെയായിരിക്കും. ജൂലൈ 9-ന് ഇതിന്റെ മുന്നോടിയായുള്ള പ്രാരംഭ ചടങ്ങുകള്‍ക്കു തുടക്കമാകും. മെല്‍ബണിലെ പ്രശസ്തമായ എസിഎംഐ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍, ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരമായ നികുതി പിരിവിനെതിരേ, ഒരു കൂട്ടം ഗ്രാമീണര്‍ നടത്തിയ ക്രിക്കറ്റ് മത്സരത്തിലൂടെയുള്ള അതിജീവനകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആമിർ ഖാനൊപ്പം, ഗ്രേസി സിംഗ്, റേച്ചൽ ഷെല്ലി, പോൾ ബ്ലാക്ക്തോൺ, സുഹാസിനി മുലയ്, കുൽഭൂഷൻ ഘർബന്ധ, രഘു വീർ യാദവ്, രാജേഷ് വിവേക്, പ്രദീപ് റാവത്, ദയ ശങ്കർ പാണ്ഡെ തുടങ്ങിയ താരനിരയുമുണ്ട്.
മുന്‍പൊരു അഭിമുഖത്തിൽ, ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ആമിര്‍ ഖാന് ഏറെ വൈകാരികമായി സംസാരിച്ചിരുന്നു:
ലഗാന്‍ ചിത്രീകരണവേളയിൽ ഞങ്ങളെല്ലാവരും അക്ഷരാര്‍ഥത്തില്‍ നടുവൊടിഞ്ഞു ജോലി ചെയ്യുകയായിരുന്നു. എങ്കിലും ഞങ്ങളുടെ മനസുനിറയെ സന്തോഷം മാത്രമായിരുന്നു. ലഗാന്റെ സഞ്ചാരത്തിൽ എന്നോടൊപ്പമുണ്ടായിരുന്നവരോട് എനിക്കു വലിയ നന്ദിയുണ്ട്. സംവിധായകൻ, എഴുത്തുകാർ, അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍, വിതരണക്കാര്‍, എനിക്ക് പൂര്‍ണ പിന്തുണ നല്കിയ ചലച്ചിത്ര ലോകത്തെ ആദരണീയവ്യക്തികള്, തിയറ്റര്‍ ഉടമകള്‍, എല്ലാവര്ക്കുമപരി ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍... എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ഈ യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നു.

പ്രേക്ഷകരുടെ മനസിൽ വർഷങ്ങളോളം നിലനിൽക്കുന്ന ഒന്നായിരിക്കണം ലഗാൻ എന്നായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് സംവിധായകൻ അശുതോഷ് ഗൊവാരിക്കർ നേരത്തെയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അസാധ്യമായ സ്വപ്നം യാഥാർഥ്യമായതിൽ എനിക്കും എന്റെ മുഴുവൻ സഹപ്രവർത്തകർക്കും ഏറെ അഭിമാനമുണ്ട്. പ്രതിസന്ധിയിലകപ്പെട്ട ഒരു ജനത, ഒന്നിച്ചു പോരാടി ജയിച്ച കഥയാണ് ലഗാൻ - ഗൊവാരിക്കർ പറഞ്ഞു.
ബോളിവുഡിന്റെ ചരിത്രം തിരുത്തുകയും ഇന്ത്യൻ സിനിമയെ ഓസ്കറിന്റെ പടിവാതിൽക്കൽ വരെ എത്തിക്കുകയും ചെയ്ത വിപ്ലവ ചിത്രമാണ് ലഗാൻ. നിരവധി ആഗോളവേദികളിൽ ഇന്ത്യൻ അഭ്രകാവ്യങ്ങളുടെ കരുത്തുതെളിയിച്ച ഇതിഹാസ തുല്യമായ സൃഷ്ടിയാണ് ലഗാൻ. എ.ആർ. റഹ്മാന്റെ വിസ്മയിപ്പിക്കുന്ന സംഗീതവും, ജാവേദ് അക്തറിന്റെ വരികളും, അമിതാഭ് ബച്ചന്റെ ഗംഭീരമായ ആഖ്യാനവും ഒത്തുചേർന്ന ലഗാൻ, 74-ാമത് ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ അവസാന അഞ്ചിൽ ഇടംനേടിയ ചിത്രമാണ്.

കാൽനൂറ്റാണ്ട് പിന്നിടുന്പോഴും ലഗാൻ എന്ന അത്ഭുത സിനിമയും, അതിനുവേണ്ടി ഒരു കൂട്ടം മനുഷ്യർ കണ്ട അസാധ്യമായ സ്വപ്നവും എന്നും ചലച്ചിത്രലോകത്തിനും പുതുതലമുറയ്ക്കും പ്രചോദനമായിരിക്കും..!
Tags : Lagaan Indian Film Festival of Melbourne Aamir Khan Ashutosh Gowariker K.P. Saxena Amitabh Bachchan A. R. Rahman Aamir Khan Productions IFFM