ബ്രൗൺ വെബ് സീരീസിൽ കരിഷ്മ കപുർ.
ബോളിവുഡിന്റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.
ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.
തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.
ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.
Tags : Brown Web Series Karisma Kapoor Bollywood News