പൈനാപ്പിൾ കൃഷി
കൊച്ചി: വനമേഖലയിലെ പൈനാപ്പിള്‍ കൃഷിക്ക് മുന്‍കൂര്‍ അനുമതി വേണമെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാരിനാണ് വനഭൂമിയുടെ നിയന്ത്രണമെങ്കിലും വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.
പൈനാപ്പിള്‍ പോലുള്ള തോട്ടകൃഷി വനേതര പ്രവര്‍ത്തനമാണ്. അതിനാല്‍, അതിരപ്പിള്ളി, കല്ലാല്‍ ഭാഗത്തും പൈനാപ്പിള്‍ കൃഷിക്ക് അനുമതി ആവശ്യമാണെന്ന് വനം- പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്ലാന്റേഷന് കോര്പറേഷന് വനമേഖലയില്‍ നടത്തുന്ന പൈനാപ്പിള്‍ കൃഷിക്കെതിരേ പെരുമ്പാവൂര്‍ സ്വദേശി ഏഞ്ചല്‍സ് നായര്‍ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
റബര്‍, എണ്ണപ്പന കൃഷിക്കായി 1970 ല്‍ 50 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്ത 600 ഹെക്ടറോളം വരുന്ന വനഭൂമിയിലാണ് കോര്പറേഷന് പൈനാപ്പിള്‍ കൃഷി നടത്തുന്നത്. പാട്ടക്കാലാവധി 2020 ല്‍ പൂര്‍ത്തിയായതാണ്. ഇതിനായി മുന്‍കൂര്‍ അനുമതി തേടി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍വേയിലൂടെയും രേഖ പരിശോധനയിലൂടെയും വനമേഖലയിലാണോ ഭൂമി എന്നത് സംസ്ഥാന സര്‍ക്കാരാണു നിര്‍ണയിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Tags : Pineapple cultivation forest government