ജപ്പാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സൗഹൃദ സംഭാഷണത്തിൽ
ന്യൂഡല്‍ഹി: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ തീരുമാനം. നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള നവ സാങ്കേതികവിദ്യകള്‍, ഊര്‍ജ വിതരണ ശൃംഖല, വാണിജ്യ, വ്യാപാര, നിക്ഷേപ സഹകരണം തുടങ്ങി സാമ്പത്തിക സുരക്ഷ വരെയുള്ള മേഖലകളിലായിരിക്കും സഹകരണം ശക്തിപ്പെടുത്തുക.
തന്ത്രപരവും സൈനികവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാന് ഉച്ചകോടിയില്‍ ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇതിനായി ശ്രമം ഊര്‍ജിതമാക്കും.
സ്വതന്ത്രവും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക്കാണ് ഇരുരാജ്യങ്ങള്‍ക്കും പൊതുവായ മുന്‍ഗണനയെന്ന് തകായിച്ചി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മഹാസാഗര്‍ സംരംഭവും ജപ്പാന്റെ പുതുക്കിയ ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്തോ-പസഫിക് (എഫ്ഒഐപി) നയവുമായി വളരെ യോജിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംയുക്ത നാവികാഭ്യാസം കൂട്ടും. ഇന്ത്യയില്‍ നാവിക അറ്റകുറ്റപ്പണികളും നിര്‍മാണപദ്ധതികളും ശക്തിപ്പെടുത്തും. നിര്‍ണായക ധാതുവിതരണ ശൃംഖലകളില്‍ അടിയന്തരമായി പ്രതിരോധശേഷി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അവര്‍ വിശദീകരിച്ചു.
നിര്‍മിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി എന്നിവയില്‍ പുതുതലമുറ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യക്കും ജപ്പാനും കഴിയുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വിപണിസാധ്യതയും ഒരുമിച്ച് സെമികണ്ടക്ടറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണായക ധാതുക്കള്‍ എന്നിവയില്‍ ആഗോള വിതരണശൃംഖലകള്‍ നിര്‍മിക്കാനാകും. എയ്റോസ്പേസ്, പ്രതിരോധം എന്നിവയില്‍ വിപുല സഹകരണത്തിനു സാധ്യതകളുണ്ട്.
പൊതു-സ്വകാര്യ മേഖലകളുടെ ഏകീകൃത ശ്രമങ്ങളിലൂടെ ഇന്ത്യയും ജാപ്പനീസ് കമ്പനികളും തമ്മില്‍ 120 സഹകരണരേഖകള് പ്രഖ്യാപിച്ചു. ചാണകം ഉപയോഗിച്ച് ഇന്ത്യയിലാകെ 1,000 ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കും. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാകുമിത്. ജപ്പാനുമായി ചേര്‍ന്ന് ബയോഗ്യാസ് ഫോര്‍ ഗ്രോത്ത് പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് ജപ്പാന് സഹായം നല്‍കും. പവര്‍ ഏഷ്യ സംരംഭത്തിനു കീഴില്‍ ഇന്ത്യയുടെ പെട്രോളിയം സംഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ച നടത്തുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. 17 തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപങ്ങള്‍ക്കു സഹകരിക്കും.
സാമ്പത്തിക സുരക്ഷ, നിര്‍മിത ബുദ്ധി, ഊര്‍ജ പ്രതിരോധശേഷി എന്നീ മൂന്നു സുപ്രധാന രേഖകള്‍ ഉച്ചകോടിക്കുശേഷം ഇരു രാജ്യങ്ങളും അംഗീകരിച്ചു. സാമ്പത്തിക സുരക്ഷ, ശുദ്ധ ഊര്‍ജം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.
രണ്ടു ട്രില്യണ്‍ യെന്‍ വിലമതിക്കുന്ന 120 സഹകരണ സംരംഭങ്ങള്‍ ഇന്ത്യയും ജപ്പാനും കണ്ടെത്തിയിട്ടുണ്ടെന്ന് ജപ്പാന്റെ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി മസാനാവോ ഒസാക്കി എക്സില്‍ അറിയിച്ചു.
പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പത്തു ട്രില്യണ്‍ യെന്‍ (12.5 ബില്യണ്‍ ഡോളര്‍) നിക്ഷേപം ഉറപ്പാക്കണമെന്ന് താജ് പാലസ് ഹോട്ടലിൽ നടന്ന ഇന്ത്യ-ജപ്പാൻ സാന്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജപ്പാനെ പ്രതിനിധീകരിച്ച് 150ലധികം വ്യവസായ സംരംഭങ്ങളുടെ പ്രതിനിധികൾ സാന്പത്തികഫോറത്തിൽ പങ്കെടുത്തു.
ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ രാജ്യത്തെ നാലാമത്തെ കാര്‍ നിര്‍മാണ യൂണിറ്റ് ഹരിയാനയിലെ ഖാര്‍ഖോഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി സനേ തകായിച്ചിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.മൊത്തം 35,000 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ സുസുകി പ്ലാന്റില്‍ പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍ വില്‍ക്കുന്ന സുസുകി കാറുകളുടെ മൂന്നില്‍ രണ്ടു ഭാഗവും ഇന്ത്യയില്‍ നിര്‍മിച്ച് നൂറിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു.
ജപ്പാന്റെ വൈദഗ്ധ്യവും നിക്ഷേപവും ഇന്ത്യയുടെ വേഗവും സ്കെയിലും സംയോജിപ്പിക്കുന്നത് ലോകത്തിനാകെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മാരുതി സുസുകിയുടെ വാഹനനിര്മാണകേന്ദ്രം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്തത്.