ഫൈസാബാദ് ബാർ അസോസിയേഷൻ അംഗങ്ങൾ നടത്തിയ പ്രതിഷേധ മാർച്ച്
അയോധ്യ: രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിക്കും മറ്റു ഭാരവാഹികൾക്കും എതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് ബാർ അസോസിയേഷൻ അംഗങ്ങൾ പ്രതിഷേധമാർച്ച് നടത്തി.
തുടർന്ന് രാമക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്കെതിരേ അഭിഭാഷകർ പോലീസിൽ പരാതി സമർപ്പിച്ചുവെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ പ്രസിഡന്റ് കലിക പ്രസാദ് മിശ്ര പറഞ്ഞു.
ചന്പത് റായിക്കു പുറമേ രാമക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർക്കെതിരേയും കേസെടുക്കണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്.
കോടതിവളപ്പിൽനിന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് രാം ജന്മഭൂമി പോലീസ് സ്റ്റേഷനിലേക്കാണ് എൺപതോളം അഭിഭാഷകർ മാർച്ച് നടത്തിയത്. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. ക്ഷേത്രക്കൊള്ളയിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
പ്രതികളുടെ വക്കാലത്ത് എടുക്കില്ലെന്ന് നേരത്തേ ബാർ അസോസിയേഷൻ അറിയിച്ചിരുന്നു. ഏതെങ്കിലും അഭിഭാഷകൻ പ്രതികളുടെ വക്കാലത്ത് എടുത്താൽ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന് ബാർ അസോസിയേഷൻ മുന്നറിയിപ്പു നല്കിയിരുന്നു.
Tags : Champat Rai Lawyers protest demanding case