ശ്വേത മേനോന്, പിഷാരടി
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ വീണ്ടും നേതൃത്വ പ്രതിസന്ധി. സംഘടനയില്‍നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ശ്വേതാ മേനോന് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് ഇന്നലെ ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷം കണ്‍വീനര്‍ രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പുവരെ ഈ സംഘടനയെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്വമാണ് താനടക്കമുള്ള അംഗങ്ങള്‍ക്കുള്ളതെന്നും പിഷാരടി പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ രാജിക്കത്ത് നേരില്‍ക്കണ്ടിട്ടില്ല. അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരനാണ് പറഞ്ഞത്. ആരും രാജിക്കത്ത് ഔദ്യോഗികമായി അയച്ചിട്ടില്ലെന്നും പിഷാരടി വ്യക്തമാക്കി. പൊതുസമൂഹത്തെ ഉള്‍പ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു.
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല: ശ്വേത മേനോന്
തന്റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയുടെ പടിയിറങ്ങില്ലെന്ന് ശ്വേത മേനോന്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേത മേനോന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇത്രയും ദിവസം മൗനം പാലിച്ചത് ‘അമ്മ’ക്ക് വേണ്ടിയായിരുന്നു. തന്റെ മൗനം മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാര്‍ഥ താത്പര്യക്കാര്‍ അമ്മയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ശ്വേത കുറിച്ചു.
Tags : Pisharody Shweta Menon AMMA innocence resignation letters