Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താനില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ. 'അമ്മ' അധികാര തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്.
അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നാണ് പിഷാരടിയുടെ ആവശ്യം. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷ കോടതി കേള്‍ക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവ് അംഗങ്ങളും രാജി പ്രഖ്യാപിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി വന്നത്. എന്നാല്‍ ഔദ്യോഗികമായി രാജിവയ്ക്കാതിരുന്ന ശ്വേത തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളില്‍ അടക്കം നിരപരാധിത്വം തെളിയിക്കാതെ പുറത്തു പോവില്ലെന്ന് വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു.
പിന്നാലെ ശ്വേത നടത്തിയ നിയമപോരാട്ടത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രമേഷ് പിഷാരടി കമ്മിറ്റിയില്‍ നിന്നും രാജി വച്ചിരുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ അന്‍സിബ ഹസന് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അടുത്ത മാസം 29ന് ഹാജരാകണമെന്നാണ് അന്‍സിബയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാന്‍ ആവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. എന്നാല്‍ തന്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്‍സിബ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26ന് ആണ് അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചാനലിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെണ്മക്കള്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന് തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്.
ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'അമ്മയുടെ പെണ്മക്കള്' എന്ന പേരില്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെണ്മക്കള്' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍നിന്നു ശ്വേത ലെഫ്റ്റ് അടിച്ചത്.
സംഘടനയിലെ പ്രശ്നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന് അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്നു ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
താന്‍ എക്സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
2026 ജൂലൈ 19. ന്യൂയോർക്ക് സിറ്റിയിലെ ന്യൂജേഴ്സി സ്റ്റേഡിയം ഇളകിമറിയുകയാണ്. അർജന്റീനയെ ഒരു ഗോളിന് തോല്പിച്ച്, സ്പെയിൻ ഫിഫ ലോകകപ്പ് വിജയം നേടിയ നിമിഷം! സ്പെയിൻ ടീമിന്റെയും ആരാധകരുടെയും വിജയാരവങ്ങൾക്കും അർജന്റീനയുടെയും മെസി ഫാൻസിന്റെയും ആർത്തനാദങ്ങൾക്കുമിടയിലൂടെ തനിക്കു കിട്ടിയ സ്വർണമെഡലും കൈയിലുയർത്തി, ഗാലറിയിലേക്കു നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ അരികിലൂടെ ഒരാൾ ഓടുകയാണ്.
അയാളുടെ പേരാണ് നിക്കോ വില്യംസ്! ആഫ്രിക്കൻ വംശജനായ സ്പാനിഷ് ഫുട്ബോൾ ടീം അംഗം. ഇക്കഴിഞ്ഞ ജൂലൈ 12-ന് 24-ാം പിറന്നാൾ ആഘോഷിച്ചവൻ. "മകനേ...' എന്ന വിളിയുമായി ഗാലറിയിൽനിന്നും ഇരുകൈകളും നീട്ടിനിന്ന മരിയ ആർഥർ എന്ന അവന്റെ അമ്മയെ കണ്ടതും ഈറണനിഞ്ഞ മിഴികളോടെ നിക്കോ, തന്റെ മെഡൽ അമ്മയുടെ കഴുത്തിൽ ചാർത്തി! ചുറ്റും പൊതിഞ്ഞ ചാനലുകളോടവൻ പറഞ്ഞു:
"കളിക്കളത്തിൽ എനിക്ക് വളരെവേഗം ഓടാൻ കഴിയും. എന്നാൽ, എനിക്ക് എന്റെ അമ്മയോളം വേഗത്തിൽ ഓടാനാവില്ല. കാരണം ജന്മനാടായ ആഫ്രിക്കയിലെ ഘാനയിൽനിന്ന്, രക്ഷപ്പെട്ട്, സഹാറമരുഭൂമി താണ്ടിയാണ് അമ്മയുമച്ഛനും സ്പെയിനിലെത്തിയത്! അതിനാൽ, എന്റെ അമ്മയ്ക്കാണ് ഈ മെഡലിന് എന്നേക്കാളും അർഹത!''
പ്രിയ കൂട്ടുകാരേ, ലോകം കോരിത്തിരിച്ചുനിന്ന അനുപമ നിമിഷമാണിത്! നിക്കോ പറഞ്ഞത് സത്യമാണ്. വെറും മൂന്നു പതിറ്റാണ്ടുകൾക്കു മുന്‍പ്, ആഫ്രിക്കയിലെ ഘാനയിൽനിന്നും അഭയാർത്ഥികളായി സഹാറ മരുഭൂമി കാൽനടയായി നടന്ന് സ്പെയിനിലെത്തിയ ഫെലിക്സ് വില്യംസിന്റെയും മരിയ ആർഥറിന്റെയും മക്കളാണ് സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം അംഗങ്ങളായ ഇനാക്കി വില്യംസും നിക്കോ വില്യംസും!
നിക്കോയുടെ കഥ കേട്ടപ്പോൾ ഘാനയിൽനിന്ന് സഹാറമരുഭൂമിവഴി സ്പെയിനിലെത്താനുള്ള ദൂരം ഗൂഗിൾമാപ്പിലൂടെ കണ്ടെത്താൻ ശ്രമിച്ചുനോക്കി! 5700 മുതൽ 6000 കിലോമീറ്റർ ദൂരമാണ് ആ മാതാപിതാക്കൾ നടന്നത്. കാൽനടയായി നടന്നാൽ, ഏകദേശം 130 മുതൽ 150 ദിവസങ്ങൾ നിർത്താതെ നടക്കണം, ഈ ദൂരം പൂർത്തിയാവാൻ!
ഒരുപക്ഷേ, അവർ ഘാനയിൽനിന്നും അൾജീരിയായിലൂടെ സഹാറാ കടന്ന് ഒറാനിൽനിന്ന് കപ്പൽകയറി അലിക്കാന്റ തീരത്തിറങ്ങി ആഗോസ്റ്റിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും! അല്ലെങ്കിൽ വെസ്റ്റ് സഹാറവഴി നടന്ന് മൊറോക്കോ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും!
കൂട്ടുകാരേ, നിങ്ങളുടെ ഇന്നിലേക്ക്, നിങ്ങളുടെ മാതാപിതാക്കൾ നടന്നുതീർത്ത ഇന്നലെകൾ എത്രയെന്ന് എത്രപേർക്കറിയാം! എന്റെ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളും ജീവിതത്തിൽ നിരവധി സഹാറമരുഭൂമിയാത്രകൾ നടത്തിയിട്ടുള്ളവരാണ്, തീർച്ച! ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽ പകൽ പലപ്പോഴും 60 ഡിഗ്രിയാണ് ചൂട്! ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ കൊടിയ വിശപ്പും ദാഹവും സഹിച്ച്, എത്തിച്ചേരുന്ന കാനാൻനാട്ടിൽ തേനും പാലും ഒഴുകണേയെന്ന് ഓരോ കിതപ്പിലും പാർത്ഥിച്ച്, വിയർത്തൊലിച്ചു നടന്നത്, നിക്കോയുടെ മാതാപിതാക്കൾ മാത്രമല്ല, നമ്മുടേയും മാതാപിതാക്കളാണ്!
കടബാധ്യതകളുടേയും രോഗങ്ങളുടേയും പരാജയഭീതിയുടെയും ജീവിത ഭാണ്ഡങ്ങളുമായി ജീവിതത്തിന്റെ സഹാറതാണ്ടുന്ന നമ്മുടെ മാതാപിതാക്കളുടെ ഈ ജീവിതയാത്രയിൽ, സ്നേഹത്തിന്റെ തേനരുവികളും സത്യസന്ധതയുടെ വെൺമേഘത്തണലും വിശ്വസ്തതയുടെ ദീപസ്തംഭങ്ങളുമാകാൻ മക്കളായ നമുക്ക് കഴിയണം! അവരുടെ അധ്വാനത്തിന്റെ അളവറിയണം. അവർ നമുക്കായി താണ്ടിയ സഹാറകളുടെ ദൂരമറിയണം.
അപ്പോൾ, തന്റെ പൊന്നായ അമ്മയോളം വരില്ല ഈ പൊന്നിന്റെ മെഡൽ എന്നു തിരിച്ചറിഞ്ഞ നിക്കോയേപ്പോലെ നമ്മുടെയും കഠിനാധ്വാനത്തിന്റെയും സ്ഥിരപരിശ്രമത്തിന്റെയും വേർപ്പുതുള്ളികൾ പതിച്ച ജീവിതമാകുന്ന മെഡലുയർത്തി നമുക്കും പറയാൻ കഴിയും, അമ്മ പൊന്നമ്മയല്ലമ്മേ, തങ്കമ്മയാണ്. തനിത്തങ്കംകൊണ്ടെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ തങ്കമ്മ!
സ്നേഹാശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
Movies
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. സിനിമാ സംഘടനയായ അമ്മയുടെ നിലപാടിനെയും പ്രസിഡന്റ് ശ്വേതാ മേനോന്റെ പരസ്യ പ്രസ്താവനകളെയുമാണ് വിനയൻ ചോദ്യം ചെയ്തെത്തിയത്.
ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശ്വേതയുടെ പ്രതികരണങ്ങൾ ശരിയാണെങ്കിൽ അത് നല്ല കാര്യമാണെന്ന് വ്യക്തമാക്കിയ വിനയൻ എന്നാൽ ഇതുവരെ അമ്മ എന്ന സംഘടനയോ അതിലെ പ്രമുഖരോ റിപ്പോർട്ടിനെ പരസ്യമായി പിന്തുണയ്ക്കാനോ അത് പൂർണമായി പുറത്തുവിടണമെന്ന് ആവശ്യപ്പെടാനോ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേതാ മേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നുണ്ട്… അതിൽ കണ്ട ഒരു പോസ്റ്ററാണിത്.
ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ, ഇതേവരെ ‘അമ്മ’യിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ല.
റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയാറാണോ.? കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലോ?
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ . പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്കു ചെയ്തതതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണന്ന് അതേ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടു തന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്.
നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്.
Movies
അമ്മ സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും സിനിമാ മേഖലയിലെ പവർ ഗ്രൂപ്പിനുമെതിരെ ശക്തമായി പോരാടുമെന്ന് നടി ശ്വേതാ മേനോൻ പരസ്യ നിലപാടെടുത്തിരുന്നു. ഇതിന് മറുപടിയുമായി നടി മാലാ പാർവതി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മാലാ പാർവതി ശ്വേതയെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ,ശ്വേതാ മേനോൻ നേരിട്ടെത്തി കമന്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. മാലാ പാർവതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശ്വേത കുറിച്ച വാക്കുകൾ ഇതാണ്.
‘‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ. എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈ കമന്റ് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു’.
ഹേമാ കമ്മിറ്റിക്ക് മുൻപാകെ മാലാ പാർവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചു എന്ന വാർത്തയുടെ ലിങ്കും ശ്വേത മേനോൻ ഈ കമന്റിനൊപ്പം പങ്കുവച്ചിരുന്നു.
ശ്വേതയുടെ ചോദ്യത്തിന് കമന്റുകളിലൂടെയും, പിന്നീട് ശ്വേതാ മേനോനെ നേരിട്ട് ടാഗ് ചെയ്തുകൊണ്ടുള്ള പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും മാലാ പാർവതി കൃത്യമായ മറുപടി നൽകി.
‘‘ഞാൻ സുപ്രീം കോടതിയിൽ പോയത് അതിനല്ല. പരാതിയില്ലാത്ത ഒരു പെൺകുട്ടി, കേസിൽ ഉൾപ്പെടാൻ ഇല്ല എന്ന് നിർബന്ധം പറഞ്ഞപ്പോൾ, ആ കുട്ടിയുടെ പേര് ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായി.
കാരണം ഞാൻ പറഞ്ഞ കാര്യത്തിലാണ് എഫ് ഐ ആർ ഇട്ടത്. ശ്വേത പറയുന്നത് ആരെയാണ് എന്ന് ശ്വേത തന്നെ പറയണം. ഞാൻ ഹേമ കമ്മിറ്റിയുടെ മുന്നിൽ സംസാരിച്ചത്, പരാതിക്കാരിയായല്ല. അക്കാദമികമായാണ്. അങ്ങനെയായിരുന്നു അത് രൂപകൽപ്പന ചെയ്തിരുന്നത്.
ആ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എഫ് ഐ ആർ എടുത്തു. അത് ആ പെൺകുട്ടിക്ക് താൽപര്യമില്ലാത്ത കാര്യമായിരുന്നു. ആ കുട്ടിയുടെ പേര് പറഞ്ഞത് ആ പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലാത്തതിനാൽ ആ എഫ് ഐ ആർ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എന്റെ മേലെയായി. പരാതിക്കാരിയുടെ സമ്മതമില്ലാതെ കേസ് എടുക്കരുത് എന്ന് കോടതി വിധിക്കുകയും ചെയ്തു. കമന്റിന് മറുപടിയായി മാലാ പാർവതി കുറിച്ചു.
ഈ കമന്റുകൾക്കും മറുപടിക്ക് ശേഷം ശ്വേതാ മേനോനെ ടാഗ് ചെയ്തുകൊണ്ട് മാലാ പാർവതി ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചു.
‘‘ശ്വേതാ മേനോൻ ,ഇതാണ് താങ്കളുടെ കമന്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല.
വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.
ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല.
അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ എഫ് ഐ ആർ റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു.
അതുകൊണ്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത് എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "നിങ്ങൾ ഇത് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു" എന്ന് എഴുതിയല്ലോ.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജിവിവാദങ്ങള്ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി പ്രസിഡന്റ് ശ്വേത മേനോന്.
തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്തു വരില്ലെന്നും അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ശ്വേത പറഞ്ഞു.
സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്.
അതു മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയപാര്‍ട്ടിക്കു കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ തനിക്ക് കോടിക്കണക്കിനു രൂപ നല്‍കേണ്ടിവന്നുവെന്ന ആരോപണത്തിന്റെ യുക്തിയെന്താണെന്നും ശ്വേത മേനോന് ചോദിക്കുന്നു.
താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെന്ന് മറച്ചുവയ്ക്കേണ്ട കാര്യമെന്താണെന്ന് ചോദിക്കുന്ന ശ്വേത രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും പറയുന്നു. രമേഷ് പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ലെന്നും ശ്വേത ആരോപിച്ചു.
Movies
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. ആരോപണം നേരിടുന്ന ഒരാളെയും അമ്മ തലപ്പത്തുവരാൻ താൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത പറയുന്നു.
ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ എന്ന തലക്കെട്ടോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
''പരസ്യപ്രതികരണങ്ങൾ ഞാൻ മനഃപൂർവം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.
ആരാണ് എന്റെ മറുഭാഗം?
എന്റെ യുദ്ധം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അസോസിയേഷൻ ജനറൽ മീറ്റിംഗിൽ അവർ എന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമങ്ങളുടെ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ, അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവച്ച്, എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസിലായിട്ടില്ല.
ആരെങ്കിലും ഈ ആരോപണത്തിനു പിന്നിലെ ലോജിക് ഒന്നു വിശദീകരിക്കാമോ?
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ല. അതിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നുറപ്പ്.
എന്നെ ഭീഷണിപ്പെടുത്താനാവില്ല.
എന്നെ നിശ്ശബ്ദയാക്കാനുമാവില്ല.
ഞാൻ കീഴടങ്ങില്ല.
ഞാൻ പിന്മാറില്ല.
സത്യം കേൾക്കപ്പെടണം.
AMMA-യ്ക്ക് ഇതിലും നല്ലത് ലഭിക്കണം.
ശ്വേത മേനോൻ''.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അധികാര തര്‍ക്കങ്ങള്‍ക്കിടെ ശ്വേത മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പര്‍ സേവ് ചെയ്യാത്ത നിരവധി അംഗങ്ങള്‍ക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Movies
താരസംഘടനയായ അമ്മയിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Movies
താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേതയുടെയും കമ്മിറ്റി അംഗങ്ങളുടെയും കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും.
ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി.
അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.
Movies
ധ്യാൻ ശ്രീനിവാസൻ അമ്മയുടെ പ്രസിഡന്റ് ആയാൽ എങ്ങനെയുണ്ടാകുമെന്ന് നടൻ അജു വർഗീസ്. ധ്യാൻ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന ആളാണെന്നും അതുകൊണ്ട് സംഘടനയിലെ കാര്യങ്ങളെല്ലാം എല്ലാവർക്കും മുന്നിൽ തുറന്ന പുസ്തകമായിരിക്കുമെന്നും അജു വർഗീസ് പറയുന്നു.
ശ്രീനിവാസന്റെ അതേ നർമ്മവും സറ്റയറും സർക്കാസവും ധ്യാൻ അതേപടി തുടരുന്നുണ്ടെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അജു പറഞ്ഞു.
‘‘ധ്യാൻ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒറ്റവാക്കിൽ പറഞ്ഞു കഴിഞ്ഞാൽ തോന്നും, ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാനില്ല, അദ്ദേഹത്തിന്റെ അതേ നർമ്മങ്ങളും, സറ്റയറും, സർക്കാസവും ഒക്കെ ഉള്ള ആ ലെഗസി തുടരുന്നത് കാണുമ്പോൾ എനിക്ക് ഒരു സുഹൃത്ത് എന്നുള്ള നിലയിൽ സന്തോഷം മാത്രമേ ഉള്ളൂ.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ധ്യാൻ ആണ് യഥാർത്ഥ സോഷ്യലിസ്റ്. ആ സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിലും കൊണ്ടുനടക്കുന്ന, ഞാൻ കണ്ടേക്കുന്ന ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസൻ ആണ്. അത് ഇനിയും തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെ.
'അമ്മ' എന്ന സംഘടനയുടെ വിശേഷങ്ങൾ പറഞ്ഞതുകൊണ്ട് പറയുകയാണ്, എന്റെ അഭിപ്രായത്തിൽ ധ്യാൻ ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം ‘അമ്മ’യുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്, വേറൊന്നും കൊണ്ടല്ല. അദ്ദേഹം നടക്കുന്നതൊക്കെ വിളിച്ചു പറയും, അവിടുത്തെ കാര്യങ്ങൾ വിളിച്ചു പറയാൻ വേറെ ആരും വേണ്ട.
ചില യുട്യൂബെർസിനൊക്കെ സന്തോഷമാകും ഒറ്റയടിക്ക് എല്ലാം കിട്ടും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് ഏറ്റെടുക്കാൻ പുള്ളിക്ക് വലിയ താൽപ്പര്യമൊന്നും ഉണ്ടാകില്ല. ഇവൻ വന്നാൽ ബാക്കി കാര്യങ്ങളൊക്കെ ഇടവേള ബാബുച്ചേട്ടനെ ഒക്കെ ഏൽപ്പിച്ച് ‘അമ്മ’യിൽ കാര്യങ്ങൾ നടത്താം, അതൊക്കെക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ’’ അജു വർഗീസ് പറഞ്ഞു
Movies
അമ്മയിൽ പ്രശ്നങ്ങൾ പരിഹരിക്കനായി രൂപികരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ നിർണായക നീക്കം.
ഈ ഹർജിയിൽ തന്നെകൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ സമർപ്പിച്ച അപേക്ഷയ്ക്ക് എതിരെ ശ്വേത രംഗത്തെത്തി. അൻസിബയെ കക്ഷി ചേർക്കുന്നതു സംബന്ധിച്ചുള്ള ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വിശദമായ വാദം കേൾക്കും.
അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിൽ അൻസിബ ഇടപെടേണ്ട കാര്യമില്ലെന്നാണ് ശ്വേത മേനോൻ കോടതിയിൽ സ്വീകരിച്ചിരിക്കുന്ന പ്രധാന വാദം. ബൈലോയ്ക്ക് വിരുദ്ധമായിട്ടാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നാണ് ശ്വേതയുടെ ആരോപണം.
കഴിഞ്ഞ തവണ ഈ ഹർജി പരിഗണിച്ചപ്പോൾ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് മാറാൻ നടൻ രമേശ് പിഷാരടിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പിഷാരടി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
എന്നാൽ, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം പൂർണമായി വിലക്കിയതിനെതിരെ രമേശ് പിഷാരടി കോടതിയിൽ എതിർപ്പറിയിക്കും. പിഷാരടിയുടെ ഈ വാദം വരുന്ന 27-ാം തിയതി കോടതി കേൾക്കും. അന്ന് തന്നെയാണ് ശ്വേതയുടെ ഹർജിയും കോടതി വീണ്ടും പരിഗണിക്കുക.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് ശ്വേതാ മേനോന് നല്കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന് എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.
SUNDAY DEEPIKA
മലയാള സിനിമാ അഭിനേതാക്കളുടെ താങ്ങും തണലുമാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്) എന്ന സംഘടന. എന്നാൽ സമീപകാലത്ത് സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകൾ ചെറുതല്ല. ആരോപണങ്ങളും രാജിവയ്ക്കലുകളും വിഴുപ്പലക്കലുകളും കുതികാൽവെട്ടുകളുമൊക്കെയായി വാർത്തകളിൽ നിറയുന്ന അമ്മയുടെ ഭാവി തന്നെ അവതാളത്തിലാകുന്നതുപോലെയാണ് സാഹചര്യം. വിവാദങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും വേലിയേറ്റങ്ങളിൽ പതറാതെ സംഘടനയെ മുന്നോട്ടു നയിക്കാൻ പുതിയൊരു ദിശാബോധം ആവശ്യമാണെന്ന് സിനിമാപ്രേമികളും അമ്മയിലെ അംഗങ്ങളും ഒരുപോലെ തിരിച്ചറിയുന്നുണ്ട്.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല അമ്മ നേരിടുന്ന പ്രതിസന്ധികൾ. വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും ഒടുവിലത്തെ ഇരന്പലായിരുന്നു അടുത്തിയിടെ കണ്ടത്. പ്രതിസന്ധികൾ വരുന്പോൾ കൂടെ നിൽക്കേണ്ട സംഘടന ചിലപ്പോഴെങ്കിലും പക്ഷപാതപരമായി പെരുമാറുന്നു എന്ന വിമർശനമാണ് കലഹങ്ങൾക്കെല്ലാം തിരികൊളുത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ്
അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ് സംഭവിച്ചത് 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച പറ്റി എന്നാരോപിച്ച് ഒരുപറ്റം നടിമാർ രാജി വയ്ക്കുകയും ഡബ്ല്യുസിസി (വുമണ്‍ ഇൻ സിനിമ കളക്റ്റീവ്) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്തു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. പിന്നീട് കുറ്റാരോപിതനായ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ ശ്രമിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ഭരണസമിതി ഒന്നടങ്കം രാജിവച്ചു
മലയാള സിനിമയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകൾ അമ്മയെ വലിയ പ്രതിസന്ധിയിലാക്കി. ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായതോടെയാണ് മുൻ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നത്.
അമ്മ സുരക്ഷിതം, തിരിച്ചടി
സംഘടനയുടെ തീരുമാനങ്ങൾ ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. നടൻ തിലകനോടും മകൻ ഷമ്മി തിലകനോടും മറ്റും സംഘടന സ്വീകരിച്ച നടപടികൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ അപ്രഖ്യാപിത വിലക്കുകളിലൂടെ ഒതുക്കുന്നു എന്ന ആരോപണം അസ്വാരസ്യങ്ങളുടെ ആഴം കൂട്ടി. യുവതാരങ്ങളുടെയും സ്ത്രീകളുടെയും ശബ്ദങ്ങൾക്ക് സംഘടനയ്ക്കുള്ളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ശക്തമായി. പരന്പരാഗതമായ ആണ്‍കോയ്മ സംഘടനയെ നിയന്ത്രിക്കുന്നു എന്ന വിമർശനവും പല കോണുകളിൽനിന്നും ഉയർന്നു.
ശ്വേതയും അൻസിബയും നയിക്കുന്ന നേതൃത്വത്തിൽ അമ്മ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നം കണ്ടവർക്കൊരു തിരിച്ചടിയായിരുന്നു പിന്നീട് വന്ന വിവാദങ്ങൾ.
ധ്യാന്‍ സന്നദ്ധന്!
ഇത്രയും കാലം മുതിർന്ന താരങ്ങളുടെ തണലിലാണ് സംഘടന മുന്നോട്ട് പോയതെങ്കിൽ ഇനി മാറ്റത്തിന്റെ കാറ്റു വീശണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നടൻ ധ്യാൻ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചുവെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമാണ്. അനുഭവസന്പത്തിന്റെ കരുത്തുമായി മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന മുതിർന്ന തലമുറയും മാറ്റത്തിന്റെ ആവേശവുമായി യുവനിരയും കൈകോർക്കുന്ന ഒരു പുതിയ ഭരണസമിതിയാണ് ഇനിയുണ്ടാകേണ്ടത്.
തെറ്റുകൾ തിരുത്തി പരിഭവങ്ങൾ മറന്ന് മലയാള സിനിമയിലെ എല്ലാ കലാകാരന്മാരും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ആ നല്ല നാളെ അമ്മയിൽ പിറവിയെടുക്കട്ടെ....
Movies
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ' അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്‍ജിയില്‍ അന്‍സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്ന് അപേക്ഷ നല്കി. ശ്വേത മേനോന്റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി കണ്‍വീനര്‍ ആയ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്റെ വാദം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്‍സിബ വീണ്ടും കക്ഷി ചേര്‍ന്നിരിക്കുന്നത്.
അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Movies
രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ശ്വേത മേനോനെതിരെ നടി ബീന ആന്റണി രംഗത്ത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിൽ പറയുന്ന സ്വകാര്യ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്ത് അത് പൊതുവിടങ്ങളിലേയ്ക്കെത്തിച്ച ശ്വേതയുടെ ഈ പ്രവർത്തിയിൽ തനിക്കുള്ള വ്യക്തിപരമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ബീന വ്യക്തമാക്കി.
സംഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ സഹായിക്കാൻ എത്തിയ ആളാണ് പിഷാരടിയെന്നും അദ്ദേഹത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
“കുറച്ചു ദിവസമായിട്ട് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കുറച്ചു തിരക്കുകളും കാരണങ്ങളും ഒക്കെ ആയതുകൊണ്ടാണ് ഇത് ഇപ്പോ ഇത്രയും നീണ്ടുപോയത്. നമുക്കെല്ലാവർക്കും അറിയാം, 'അമ്മ' സംഘടനയിൽ ഇപ്പോൾ ഈ കുറച്ചു നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ. എല്ലാം എല്ലാവരും വായിക്കുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിങ്ങളൊക്കെ ചോദിക്കുന്നുണ്ടാവാം, ‘അമ്മ’യിലെ കാര്യങ്ങൾക്ക് ഞങ്ങൾക്കെന്താണ്, ഞങ്ങളെ എങ്ങനെ ബാധിക്കും എന്ന് പബ്ലിക്കിന് ചോദിക്കാം.
പക്ഷേ, ‘അമ്മ’ എന്നൊരു സംഘടന എന്ന് പറഞ്ഞാൽ ഞങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം, ഈ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടതാണ്. ഞങ്ങൾ ഞങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരു സംഘടന തന്നെയാണ് എത്രയോ വർഷങ്ങളായിട്ട്. അപ്പോൾ അതിനിടയിൽ കുറെ പ്രശ്നങ്ങൾ ഉണ്ടാവുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒരു ഒത്തൊരുമയില്ലാതെ നിൽക്കുക എന്ന് പറയുമ്പോൾ അത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. മാനസികമായിട്ട് ഞങ്ങൾ എല്ലാവരും നല്ല വിഷമത്തിലാണ്.
കഴിഞ്ഞ ജനറൽ ബോഡിയിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ തിരിച്ചും മറിച്ചും ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ എന്റെ ഒരു വ്യക്തതയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എന്റെ പ്രേക്ഷകർ, എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർ, അവർക്ക് അറിയാൻ വേണ്ടി ഞാൻ എന്റെ ഭാഗം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അന്ന് കുറെ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം ഒരു ഇന്റർവ്യൂവിൽ വന്നപ്പോൾ, എന്നോട് ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, ശ്വേത അടക്കമുള്ള, ശ്വേതയുടെ ആ ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ ആദ്യം തന്നെ സംഭവിച്ചു എന്ന്. അത് എപ്പോഴും ഞാൻ പറയുന്ന കാര്യമാണ്. അവർ തമ്മിലുള്ള സ്പ്ലിറ്റ്, അവർ പല പല ചേരിയായി തിരിഞ്ഞത്, ഓരോരുത്തർക്കും വന്ന ഈഗോ പ്രശ്നങ്ങൾ. ഇതൊക്കെ സംഭവിച്ചത് ഞാൻ അന്നും പറയുന്നു, ഇന്നും പറയുന്നു.
പക്ഷേ, അന്നത്തെ ജനറൽ ബോഡിയിൽ അവർ സംസാരിക്കുന്നത് കേട്ടപ്പോൾ എന്റെ മനസിൽ എന്തോ ഒരു ഇത് തോന്നി. അതിനു മുന്നേ അവിശ്വാസപ്രമേയം വന്നപ്പോൾ ഞാൻ അതിൽ ഒപ്പിട്ട ആളാണ്, ഇവർ നിൽക്കേണ്ട എന്ന് എനിക്ക് തോന്നിയതാണ്. എന്നാൽ അവർ സംസാരിച്ചപ്പോൾ അവർക്കൊരു 45 ദിവസം കൊടുക്കാം എന്ന് എനിക്ക് തോന്നി, അതിനുവേണ്ടി ഞാൻ അവിടെ സംസാരിക്കുകയും ചെയ്തിരുന്നു.
പക്ഷേ പിന്നീട് എനിക്ക് മനസിലായി, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. അവിടെ ഭയങ്കര പ്രശ്നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് വാക്കുതർക്കങ്ങളും എല്ലാം കഴിഞ്ഞിട്ട്, അവസാനത്തെ തീരുമാനത്തിൽ ഈ 17 അംഗങ്ങളുള്ള സമിതി രാജിവയ്ക്കുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിപ്പോകുന്നു. അവർ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. ശ്വേത പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നു.
‘അമ്മ’യിൽ നിന്ന് പോകരുതെന്ന് ഞങ്ങൾ എല്ലാവരും അന്ന് പറഞ്ഞിരുന്നു; ശ്വേത ആ ഒരു തീരുമാനം ഇപ്പോൾ എടുക്കല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും കേട്ടില്ല, പുള്ളിക്കാരി പുള്ളിക്കാരിയുടെ ഇഷ്ടം പറഞ്ഞു, അതങ്ങനെ കഴിഞ്ഞു.
എന്നിട്ട് ഇപ്പോൾ ഈ രണ്ടു ദിവസമായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്, ശ്വേതയും രമേഷ് പിഷാരടിയും തമ്മിലുള്ള വിഷയം. പിഷാരടി ഈ ഒരു പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ വേണ്ടി നമ്മുടെ കൂടെ നിന്ന ആളാണ്. ഇപ്പോൾ നല്ലൊരു പൊസിഷനിൽ, ഏറ്റവും നല്ല ജനപിന്തുണയോടെ ഒരു എം.എൽ.എ ആയിട്ട് വന്ന ആളാണ് പിഷാരടി.
ഞങ്ങൾക്ക് ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. ആ പിഷാരടി നമ്മുടെ ‘അമ്മ’യുടെ ഈ അവസ്ഥയിൽ സഹായിക്കാൻ വന്ന ഒരാളാണ്. ശ്വേതയോട് ഏറ്റവും അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് അവർ. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ പുറത്തേക്ക് എടുത്തിട്ട് പിഷാരടിയെപ്പോലെ ഇത്രയും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു വ്യക്തിയെ ഇതുപോലെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് ഞാൻ പറയുന്നത്.
ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു, വളരെ വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നത്. കാരണം അവർ തമ്മിൽ എത്രയോ ആത്മബന്ധമുള്ള ആൾക്കാരാണ്. പിഷാരടി ജയിച്ചപ്പോൾ ശ്വേത കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ആ ഒരു സന്തോഷം പ്രകടിപ്പിച്ച ചിത്രം പുറത്തുവിട്ടവർ തന്നെയാണ്.
അത്രയും ആത്മബന്ധമുള്ള ആൾക്കാരാണ് അവർ. ആ ഒരു ചാറ്റ് അല്ലെങ്കിൽ സംസാരം എടുത്ത് പുറത്തിട്ടപ്പോൾ ശ്വേത ഒരു കാര്യം ആലോചിക്കേണ്ടേ, ആ മനുഷ്യനെ അത് എത്രമാത്രം ബാധിക്കുമെന്ന്? രാഷ്ട്രീയമായി ഇത്രയും വലിയൊരു ഇമേജിൽ നിൽക്കുന്ന ഒരു മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് ഇപ്പോൾ മറ്റുള്ള പാർട്ടിക്കാരും ആളുകളും പറയുന്നത്! ആ ഒരു അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ ആക്കാൻ പാടില്ലായിരുന്നു ശ്വേത. ഞാൻ അതിൽ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു.
അതോടൊപ്പം, ഈ ലാസ്റ്റ് നിമിഷത്തിൽ വന്നിട്ട് ശ്വേത പറയുന്നു 'ഞാൻ രാജിവെച്ചിട്ടില്ല, ഞങ്ങളുടെ ഭരണഘടനയും ഭരണസമിതിയും ഇനിയും തുടരും' എന്നൊക്കെ. അതിൽ യാതൊരു അർഥവുമില്ല ശ്വേത. അതിൽ ഇനി എങ്ങനെ സപ്പോർട്ട് ചെയ്യാനാണ്?
നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളിലുള്ള വിശ്വാസം പിന്നെയും പോവുകയല്ലേ ഉള്ളൂ? ശ്വേത ഇപ്പോൾ ഈ ചെയ്തത് എന്താണ്? നിങ്ങൾ ഭരണസമിതിയിൽ ഇരിക്കുമ്പോൾ ഓരോ സംഭവങ്ങൾ പുറത്തുപോയതിനെക്കുറിച്ചൊക്കെ നമ്മൾ അന്നേ പറഞ്ഞിരുന്നു, അവിടെയാണ് നിങ്ങളുടെ പരാജയം സംഭവിച്ചതെന്ന്. ഇപ്പോൾ ആ കാര്യങ്ങൾ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ ചെയ്തിരിക്കുന്നത്? അതിന് എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്? അപ്പോൾ എനിക്ക് അതിൽ വളരെ എതിർപ്പുണ്ട്, എന്റെ വ്യക്തിപരമായ എതിർപ്പ് ഞാൻ പ്രകടിപ്പിക്കുകയാണ്. ഈ ചെയ്തതിനോട് എനിക്ക് ഒരിക്കലും ശ്വേതയോട് യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി.
ഈ ഒരു സംഭവത്തെ എല്ലാവരും വളരെയധികം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനി ‘അമ്മ’യുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവർക്കും ആശങ്കയുണ്ട്. 'അമ്മ' എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുൻപന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യർഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാൻ നിങ്ങളൊക്കെ തന്നെ മുന്നിൽ ഉണ്ടാവണം. നന്ദി.”
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന് പ്രസിഡന്റ് ആയ ഭരണസമിതിയുടെ യോഗം ചേരുന്നു. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.
ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്‍ന്ന ശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.
ജൂണ്‍ 21ലെ ജനറല്‍ ബോഡിയില്‍ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ശ്വേത മേനോന്റെ കമ്മിറ്റി രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സംഘടനയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി വന്നത്.
രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര്‍ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു.
ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ജനറല്‍ ബോഡിയില്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ തന്നെ നേതൃത്വത്തില്‍ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.
Movies
താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച് രേവതിയും പത്മപ്രിയയും. തിടുക്കത്തിൽ എടുത്ത തീരുമാനമല്ല ഇതെന്നും ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി.
ദശാബ്ദങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടതിലും സംഘടനയിലെ പുരുഷാധിപത്യത്തിലും പ്രതിഷേധിച്ചാണ് ഇരുവരുടെയും പടിയിറക്കം.
‘‘ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയിൽ-യിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ഞങ്ങളുടെ ആവശ്യം ലളിതമായിരുന്നു.
സുരക്ഷിതമായ തൊഴിലിടം, അന്തസോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്.
എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ ഇത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല.
മികവുറ്റ ചലച്ചിത്ര ശ്രമങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുകതമായ തൊഴിൽ മേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു.
സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു. ഇനി തിയറ്ററുകളിൽ കാണാം
രേവതി, പത്മപ്രിയ.
Kerala
ആലപ്പുഴ: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എംഎൽഎ. ഈ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ല. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല.
നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Kerala
കൊച്ചി: നടിമാരായ രേവതിയും പത്മപ്രിയയും താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ തങ്ങളുടെ തീരുമാനം അറിയിച്ചത്. നിലവിൽ അമ്മയിൽ നടക്കുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഇരുവരും വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങൾക്കായി സംഘടനയ്ക്കുള്ളിൽ പോരാടി. എന്നാൽ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയും മാത്രമാണ് തങ്ങൾക്ക് മറുപടിയായി ലഭിച്ചതെന്നും ഇരുവരും കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഘടനയിലുണ്ടായ കൂട്ടരാജികൾ കേവലം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന് രേവതി തുറന്നടിച്ചു. പൊതുശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും വീണ്ടും തിരികെവന്നു.
തങ്ങളുടെ ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല. മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല മറിച്ച് അതിന്റെ വിശ്വാസയോഗ്യതയാണെന്നും രേവതിയുടെ കുറിപ്പിൽ പറയുന്നു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ലക്ഷ്മിപ്രിയ നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വച്ചെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം.
ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെത്തുടർന്നു നടന് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.
Movies
അമ്മ സംഘടനയിലെ തർക്കത്തിൽ ശ്വേത മേനോനെതിരെ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
പവർ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളുമെന്ന് ഭാഗ്യലക്ഷ്മി ശ്വേതയെ വിമർശിച്ചു. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു. അന്നും നിങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നല്ലോ?, അവൾക്ക് വേണ്ടി ശബ്ദം ഉയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്നാണ് ശ്വേത ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ ഫണ്ടിൽ ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി.
അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല.
എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
Movies
അമ്മയിലെ അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്, മത്സരിച്ച് വിജയിച്ചവരാണ് എന്ന പരാമർശത്തോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു.
‘‘നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ മുറിവേല്പിച്ചേക്കാം... എങ്കിലും, വായുവിനെപ്പോലെ ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും. - മായ ആഞ്ചലോ
എനിക്ക് തണലായി നിന്നതിന് മമ്മൂക്കയോടും ലാലേട്ടനോടും ഞാൻ നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു.
എന്റെ കൂടെ നിൽക്കുകയും, ഈ പോരാട്ടം അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്ത 'അമ്മ'യിലെ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ 'അമ്മ' മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും ‘അമ്മ’യുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
എന്ന്, ശ്വേതാ മേനോൻ
‘അമ്മ’ പ്രസിഡന്റ്’.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.
സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. 'പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്...രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു.
മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍ ബോഡി യോഗത്തില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും നടിമാര്‍ പറയുന്നു. 'ഇവരുടെ കൈയില്‍ നിന്ന് കണക്കിന്റെ ഒരു പേജ് ലീക് ആയിട്ടുണ്ട്. അതില്‍ 60 ലക്ഷത്തിനു മേലെ കണക്കില്ലാതെ വന്നിട്ടുണ്ട്' എന്ന് ബാബുരാജ് ചൂണ്ടിക്കാട്ടിയ കാര്യം ഇവര്‍ പരാമര്‍ശിച്ചു.
യോഗത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ഭാരവാഹികള്‍ തയാറായില്ലെന്നും മൈക്ക് പോലും നിഷേധിച്ചുവെന്നും ആരോപണമുണ്ട്. 'ബാബുരാജ് സംസാരിക്കാന്‍ സമയം കൊടുക്കുന്നില്ല, പ്രസിഡന്റ് അവിടെ നിന്നിട്ട് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇരിക്കടാ ഇരിക്കടാ അവിടെ എന്ന് പറയുന്നതു പോലെയാണ് പെരുമാറിയത്' എന്നും നടിമാര്‍ വ്യക്തമാക്കി.
സംഘടനയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയില്‍ 15 കോടി രൂപ സ്വീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ അമ്മ സംഘടനയ്ക്കുള്ളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി. ബിജെപി നേതാവ് പത്മജ മേനോന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് മാല പാര്‍വതി സംസാരിച്ചത്.
അന്‍സിബയെ ഒരു മുസ്ലിം നാമധാരി എന്ന നിലയില്‍ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് കേരളത്തില്‍ പുതിയൊരു "കേരള സ്റ്റോറി' സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്. ഇതേത്തുടര്‍ന്ന് തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാലാ പാര്‍വതി വെളിപ്പെടുത്തി.
ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ് ആണെന്ന് അന്‍സിബ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ വരികയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
സംഘടനയുടെ കാര്യങ്ങള്‍ മുന്നോട്ട് പോകാനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വരികയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ലോഞ്ച് ചെയ്ത സഞ്ജീവനി പദ്ധതി മുന്നോട്ടുപോകാൻ വേണ്ടിയായിരുന്നു അന്ന് അഡ്ഹോക് കമ്മിറ്റി വന്നത്.
മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരുന്ന കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി മാറിയത് സാമ്പത്തിക ക്രമക്കേടോ മറ്റ് ആരോപണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്. സംഘടനയ്ക്ക് പുറത്തുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്. അതിനാല്‍ സംഘടനയ്ക്കുള്ളില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ്. ജനറല്‍ ബോഡിയില്‍ അവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് പാസ് ആയില്ല. സാമ്പത്തിക ആരോപണം നേരിടുന്ന കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാന്‍ പറ്റില്ല. ആ കമ്മിറ്റിയിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് സഞ്ജീവനി പദ്ധതി തുടരാനായാണ് എന്ന് അന്‍സിബ പറഞ്ഞു.
മായ വിശ്വനാഥ്, ബാബുരാജ്, സിദ്ദിഖ്, അപ്പ ഹാജ, മജീദ് എന്നിവര്‍ അശ്ലീലം പറഞ്ഞുവെന്ന ശ്വേതയുടെ ഓഡിയോ ക്ലിപ്പിന് ഉഷ ഹസീന മറുപടി നല്കി. ശ്വേത മേനോനെ കേള്‍ക്കാന്‍ സ്ത്രീകള്‍ തയാറായിരുന്നു. യോഗത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ശ്വേത ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തീര്‍ച്ചയായിട്ടും കൂടെ നില്‍ക്കുമെന്നും നീതി എവിടെയാണോ അവിടെ നില്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ നടന്ന കാര്യങ്ങളെ കുറിച്ചൊന്നും അവര്‍ സംസാരിച്ചില്ല.
നേരെ നോക്കിയാല്‍ കീരിയും പാമ്പുമായ എക്സിക്യൂട്ടീവ് ഭാരവാഹി അംഗങ്ങള്‍ സന്തോഷത്തോടെയാണ് ഒരുമിച്ച് വേദിയില്‍ ഇരുന്നത്. സംസാരിച്ചതുമുഴുവനും അവരെക്കുറിച്ചു മാത്രമാണ് എന്നും ഉഷ വ്യക്തമാക്കി.
Kerala
കൊച്ചി: അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും രാജിവച്ച് രമേഷ് പിഷാരടി. താരസംഘടനയായ അമ്മയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.
ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്.
പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. ശ്വേത മേനോന്റെ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത കോടതിയെ സമീപിച്ചത്. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്.
സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍വന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന് അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന് മറുപടിയുമായി എത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറഞ്ഞു.
“ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് ? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.
Movies
താരസംഘടനയായ അമ്മയിൽ തുടരുമെന്നും രാജി വയ്ക്കില്ലെന്നുമുള്ള ശ്വേത മേനോൻ വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി ഉഷ ഹസീന രംഗത്ത്.
ഇനിയും സംഘടനയിൽ കടിച്ചു തൂങ്ങാനാണ് ശ്വേതയുടെ ഉദ്ദേശ്യമെങ്കിൽ തങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ചെയ്യുമെന്ന് ഉഷ വ്യക്തമാക്കി.
‘‘ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്.
രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം.
തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവയ്ക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ ‘അമ്മ’യിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ്, ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.
ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവയ്ക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തെരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക.
ലാലേട്ടൻ രാജിവച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതിമുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു.
ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്, ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു.
അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം...അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല.’’ഉഷയുടെ വാക്കുകൾ ഇങ്ങനെ.
Movies
പ്രശ്നങ്ങൾ തീരാതെ മലയാളസിനിമയുടെ താരസംഘടനയായ അമ്മ. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല.
തങ്ങളുടെ രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. ശ്വേത രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജി സന്ദേശം അയച്ചത്.
വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്.
ഇതിനു പിന്നാലെ "താൻ ആരെയും വഞ്ചിച്ചിട്ടില്ല, 'അമ്മ'യെ അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല." എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു.
സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.
Kerala
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ വീണ്ടും നേതൃത്വ പ്രതിസന്ധി. സംഘടനയില്‍നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ശ്വേതാ മേനോന് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് ഇന്നലെ ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷം കണ്‍വീനര്‍ രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പുവരെ ഈ സംഘടനയെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്വമാണ് താനടക്കമുള്ള അംഗങ്ങള്‍ക്കുള്ളതെന്നും പിഷാരടി പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ രാജിക്കത്ത് നേരില്‍ക്കണ്ടിട്ടില്ല. അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരനാണ് പറഞ്ഞത്. ആരും രാജിക്കത്ത് ഔദ്യോഗികമായി അയച്ചിട്ടില്ലെന്നും പിഷാരടി വ്യക്തമാക്കി. പൊതുസമൂഹത്തെ ഉള്‍പ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു.
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല: ശ്വേത മേനോന്
തന്റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയുടെ പടിയിറങ്ങില്ലെന്ന് ശ്വേത മേനോന്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേത മേനോന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇത്രയും ദിവസം മൗനം പാലിച്ചത് ‘അമ്മ’ക്ക് വേണ്ടിയായിരുന്നു. തന്റെ മൗനം മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാര്‍ഥ താത്പര്യക്കാര്‍ അമ്മയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ശ്വേത കുറിച്ചു.
Movies
താരസംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് ശ്വേത പറഞ്ഞെങ്കിലും ഇതുവരെ അവർ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്വേതക്കൊപ്പം സ്ഥാനമേറ്റ ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല.
ഇതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്ഹോക് സമിതിയുടെ നിലനിൽപ്പ് തന്നെ നിയമപരമായ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്.
എന്നാൽ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.
Kerala
കൊച്ചി: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു ടിനിടോമിനെതിരെ പോലീസ് കേസെടുത്തത്. അൻസിബ ഹസന് നല്കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന പോലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി അറിയിച്ചിരുന്നു.
അന്‍സിബയ്ക്കെതിരായ ജിഹാദി പരാമർശം തമാശയ്ക്ക് നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ കോടതി പോലീസ് റിപ്പോർട്ട് തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇതേ തുടർന്നായിരുന്നു പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: താൻ നൽകിയ അപകീർത്തിക്കേസ് അന്വേഷിക്കുന്നതിൽ നിന്ന് പാലാരിവട്ടം സബ് ഇൻസ്പെക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ രംഗത്ത്. ഇതുസംബന്ധിച്ച് അൻസിബ സംസ്ഥാന പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകി. താൻ നൽകിയ പരാതിയിൽ എസ്ഐ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും വീഴ്ച വരുത്തുന്നുവെന്നുമാണ് നടിയുടെ പ്രധാന ആരോപണം.
സിനിമാ രംഗത്തെ പ്രമുഖരായ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായും, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റായ ശ്വേത മേനോനാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അൻസിബ ആരോപിക്കുന്നു.
തനിക്കെതിരെ നടൻ ടിനി ടോം അപവാദ പ്രചാരണം നടത്തിയെന്ന് കാണിച്ച് അൻസിബ രംഗത്തുവന്നതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. തുടർന്ന് ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ പക്ഷം ചേരുകയും അൻസിബയ്ക്കെതിരെ തിരിയുകയുമായിരുന്നു.
ഈ തർക്കം പോലീസ് കേസിലേക്ക് നീങ്ങിയതിന് പിന്നാലെ താരസംഘടനയ്ക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ ചേർന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ അൻസിബ ഉന്നയിച്ച വിഷയങ്ങൾ താരങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമാകുകയും, തുടർന്ന് ശ്വേത മേനോൻ ഉൾപ്പെടെയുള്ള പ്രമുഖ ഭാരവാഹികൾ സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. നിലവിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അൻസിബ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കേസ് കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
Kerala
കൊച്ചി: നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് നല്കിയ ഹര്‍ജി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താരസംഘടനയായ അമ്മയിലെ ആഭ്യന്തര തര്ക്കങ്ങളെത്തു ടര്‍ന്നാണ് നടി കോടതിയെ സമീപിച്ചത്. തന്നെ ടിനി ടോം നിരന്തരം അധിക്ഷേപിച്ചെന്നും ജിഹാദിയെന്ന് വിളിച്ച് വ്യക്തിഹത്യ നടത്തിയെന്നുമാണ് അന്‍സിബ ഹസന്റെ പരാതി.
നേരത്തേ കടവന്ത്ര പോലീസിനെ സമീപിച്ചിരുന്നെങ്കിലും തുടര്‍നടപടി വൈകിയതിനാലാണ് നടി നേരിട്ട് കോടതിയെ സമീപിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ പരാതി.
അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്റായിരുന്ന ശ്വേതാ മേനോന് പറഞ്ഞത്.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി.
‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്വേതാ മേനോന്, അന്‍സിബ, മല്ലിക സുകുമാരന്‍, ബാബുരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടെല്ലാമായി പല ദിവസങ്ങളിലായി ഫോണില്‍ സംസാരിച്ചു. അന്‍സിബയോടൊക്കെ ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നു.
‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഒരംഗം എന്ന നിലയില്‍ മാനസികമായ വേദനയുണ്ട്. പരിഹരിക്കപ്പെടാവുന്ന വിഷയങ്ങള്‍ മാത്രമാണു സംഘടനയിലുള്ളത്. ആദ്യയോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
Movies
താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചു പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്റെ പുതിയ ചിത്രമായ ഐ നോബഡിയുടെ പ്രസ് മീറ്റിൽ പങ്കെടുക്കവേയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
സിനിമയുടെ പ്രമോഷൻ വേദിയിൽ സംഘടനയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മാധ്യമശൈലിയെ പൃഥ്വിരാജ് സൗമ്യമായി വിമർശിച്ചു. അതേസമയം ‘അമ്മ’ സംഘടനയിലെ വിഷയങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നു പാർവതി തിരുവോത്ത് വ്യക്തമാക്കി.
‘‘അമ്മയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്, നമ്മളെല്ലാം കാണുന്നുണ്ട് വാർത്തകൾ. ശരിക്കും ഈ പ്രസ് മീറ്റിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കണം എന്ന് അഭ്യർത്ഥന നടത്തുന്നതിന് ഏറ്റവും വലിയ കാരണം എന്താണെന്ന് അറിയോ ഇപ്പോൾ ഞങ്ങളെല്ലാം സമയം കണ്ടെത്തി ഇവിടെ എത്തിച്ചേർന്നത് ഈ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ്.
നിങ്ങളും നിങ്ങളുടെ വിലപ്പെട്ട സമയം കണ്ടെത്തി പല തിരക്കുകൾക്കിടയിൽ ഇവിടെ നിങ്ങൾ വന്നത് ഐ നോബഡി എന്ന സിനിമയുടെ പ്രൊമോഷന് നിങ്ങൾ ദയവായി വരണമെന്ന അഭ്യർഥന മാനിച്ചുകൊണ്ടാണ്.
ഞാനിപ്പോ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ ഇന്നത്തെ നിങ്ങളുടെ ഈ പ്രസ് മീറ്റിന്റെ ആദ്യത്തെ ആർട്ടിക്കിൾ അമ്മ സംഘടനയുടെ പ്രശ്നങ്ങളെകുറിച്ച് പൃഥ്വിരാജ് പറഞ്ഞത് എഴുതിയിട്ട് അതിന്റെ താഴെ എവിടെയോ ‘ഐ നോബഡി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രസ്മീറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു എന്നായിരിക്കും.
പിന്നെ ഞങ്ങൾ ഈ പ്രസ്മീറ്റ് നടത്തുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്. അപ്പോ ദയവുചെയ്ത് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരു പ്രചോദനം എന്ന രീതിയിൽ ഇന്ന് ഐനോബഡിയെ കുറിച്ച് എഴുതിയിട്ട് അതിന്റെ താഴെ അമ്മ സംഘടനയുടെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് എഴുതണം എന്നൊരു അപേക്ഷ ഉണ്ട് കേട്ടോ.
ഇപ്പോ ആ സംഘടനയിൽ തീർച്ചയായിട്ടും എല്ലാവർക്കും അറിയാവുന്നതുപോലെ അംഗങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു..
അതിന് സംഘടനയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്റെ പ്രതിക്ഷേധാർത്ഥം കുറച്ച് അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു. അത് യാഥാർഥ്യം. അപ്പോ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക.
ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ ഇവിടെ ഒരു പരിഹാരത്തിന് സാധ്യത ഉണ്ടോ എന്ന് ചർച്ച ചെയ്തു, ഇല്ല എന്ന് അഭിപ്രായപ്പെട്ട കുറച്ച് ആൾക്കാർ സംഘടനയിൽ നിന്ന് രാജിവച്ചുപോയി.
കുറച്ച് ആൾക്കാർ ഉള്ള സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ അപ്പോയിന്റ് ചെയ്തു.
ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസ് ഇനിഷ്യേറ്റ് ചെയ്തു. അതല്ലാതെ എന്താണ് ചെയ്യാൻ കഴിയുക.
അപ്പോ അവർക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഒക്കെ ഉത്തരം കണ്ടെത്താനും സാധിക്കട്ടെ എന്നൊരു സിനിമാ പ്രവർത്തകനും ആ സംഘടനയുടെ ഒരു അംഗം എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു. അത്രയേ എനിക്ക് പറയാൻ പറ്റൂ.’’ പൃഥ്വിരാജ് പറഞ്ഞു.
Movies
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ ഭരണസമിതിയുടെ കൂട്ടരാജിക്ക് ശേഷം നിലപാടുകൾ വ്യക്തമാക്കി മുതിർന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാർ.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചകൾക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.
നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമായി മുതിർന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാർ പറയുന്നു.
ഗണേഷ് കുമാറിന്റെ വാക്കുകൾ
‘‘ഇപ്പോൾ ഒരു അഡ്ഹോക് കമ്മറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങൾ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്സും കഴിഞ്ഞ രണ്ടു വർഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം.
ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാർട്ടേർഡ് അക്കൗണ്ടന്റും വക്കീലുമായും ആലോചിച്ച് ചെയ്യും.
അമ്മ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും.
ഇപ്പോൾ ആൾക്കാർക്ക് മുന്നോട്ട് വരാൻ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മൾ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോൾ ‘അമ്മ’യുടെ ഭാരവാഹിത്വം ഏറ്റെടുക്കാൻ ആള് വരും. എന്നെ നിർബന്ധിച്ചതുകൊണ്ട് സീനിയർ അംഗം എന്ന നിലയിലാണ് കമ്മറ്റിയിൽ ചേർന്നത്.
മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവർ എല്ലാം ചെറുപ്പക്കാരാണ്, ഞാൻ മാത്രമേ ഉള്ളൂ സീനിയർ ആയ ആൾ.
ഞാൻ കൂടെ നിന്ന് അവർക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിംഗിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്ഷന് നടത്തും.
ഈ കമ്മറ്റിയിൽ സ്ത്രീകൾ ആയിരുന്നു കൂടുതൽ.അവർ ഒന്നിച്ച് നിന്നെങ്കിൽ കുഴപ്പം വരില്ലായിരുന്നു. അവർ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്നം. ട്രഷററും പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ട്സ് പാസാകുകയുള്ളൂ. ഇവിടെ ട്രഷറർ ഒപ്പിടാൻ തയാറല്ല.അപ്പൊ പിന്നെ അവർക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല.
അവർക്ക് കൂടുതൽ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാൻ, പക്ഷേ ഇത് ജനറൽ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാൽ മതി എന്ന്.
ലാലേട്ടൻ പറഞ്ഞതുപോലെ ജനറൽ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയിൽ ഉള്ളവർ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങൾ പോലും അവിടെ ചർച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി.
25 വർഷത്തോളം ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ പല പോസ്റ്റിലായി ഉണ്ടായിരുന്ന ആളാണ് ഞാൻ. ഞങ്ങളാരും ഇങ്ങനെ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല. മീറ്റിങ്ങുകളിൽ തർക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല.
‘അമ്മ’യിലെ പ്രശ്നങ്ങൾ പുറത്തേക്ക് പോയത് മോശമായിപ്പോയി.അങ്ങനെ പോകാൻ പാടില്ല. ഇതൊരു സംഘടനയാണ് സംഘടനയിൽ എക്സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോൾ അതിനൊരു രഹസ്യ സ്വഭാവം വേണം.എല്ലാ സംഘടനയ്ക്കും അതിന്റേതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്നങ്ങളുടെ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.
രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിംഗ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചർച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താൽ മാത്രമേ സംഘടന പ്രശ്നങ്ങളില്ലാതെ പോവൂ. ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിർത്താൻ അവരെപ്പോലെയുള്ള നയിക്കാൻ കഴിവുള്ള ആളുകൾക്ക് മാത്രമേ കഴിയൂ.
ചെറുപ്പക്കാർക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ അവരുടെ വാക്കുകൾ മറ്റുള്ളവർ കേൾക്കും. പക്ഷേ ഈ വിവാദങ്ങൾ വരുന്നതുകൊണ്ട് അവർ രണ്ടുപേരും നയിക്കാൻ മുന്നോട്ട് വരുന്നില്ല. സമാധാനമായി ജീവിക്കുമ്പോൾ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും.
നിലവിൽ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം
Movies
അമ്മ സംഘടനയിൽ നിന്നും പ്രസിഡന്റ് സ്ഥാനം രാജി വച്ചത് ബലഹീനത കൊണ്ടല്ലെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണെന്നും നടി ശ്വേത മേനോൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിശദീകരണം നടത്തിയത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് താൻ തീരുമാനിച്ചതെന്നും ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല ആത്മാഭിമാനംകൊണ്ടായിരുന്നുവെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
ശ്വേതയുടെ കുറിപ്പ്
ഭാഗം 1
എന്നോടൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്റെ വാക്കുകൾ ഞാൻ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
ആരുടേയും കളിപ്പാവയാകാൻ മനസില്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചത്. അമ്മയുടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
അതിനിടയിലും, അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാൻ എല്ലാം നന്നായി ചെയ്തുവെന്ന് ഞാനവർക്ക് ഉറപ്പ് നൽകാം.
നിർഭാഗ്യവശാൽ, ചില മുൻ കമ്മിറ്റി അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്ന് ചില താത്പ്പര്യക്കാർ ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ, ഞങ്ങളുടെതും ഉൾപ്പെടെ, സമഗ്രമായി പരിശോധിക്കണം.
പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്റെ രാജിക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഞാൻ ഒരു കാര്യം വളരെ വ്യക്തമാക്കട്ടെ, ഞാൻ സംഘിയുമല്ല, കമ്യൂണിസ്റ്റുമല്ല.
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ എൽഡിഎഫ് നയിച്ച മുൻ സംസ്ഥാന സർക്കാരിന്റെയോ ഒരു ചടങ്ങിന് പോലും ക്ഷണം ഉണ്ടായിരുന്നിട്ടും ഞാൻ പോയിട്ടില്ല. അമ്മ പ്രസിഡന്റ്ആകുന്നതിന് മുമ്പോ, അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ അങ്ങനെയുണ്ടായിട്ടില്ല.
എല്ലാവരും ഈ ക്ഷണങ്ങൾക്കായി തിരക്കിട്ടുനടന്നപ്പോൾ ഞാൻ അകന്നുനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല. അത് ആത്മാഭിമാനംകൊണ്ടായിരുന്നു.തുടരും...പിക്ചർ അബീ ബാക്കി ഹെ മേരെ ദോസ്ത്. ശ്വേതാ മേനോൻ
Movies
നടി ശ്വേതാ മേനോന്റെ രാജിക്ക് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി എന്ന രീതിയിൽ ഉയർന്ന വ്യാജ ആരോപണങ്ങളാണ് അവരെ രാജിയിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ താരങ്ങൾക്കൊന്നുമില്ലാത്ത രാഷ്ട്രീയ അയിത്തം തങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കുന്നത് എന്തിനാണെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.
"ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാൻ വേണ്ടി അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു. ഞാനും അഞ്ജലിയും ഒക്കെ ബിജെപിയുടെ സ്ഥാനാർഥികൾ ആയിരുന്നല്ലോ. അതുപോലെ ഇനിയും ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കാൻ വേണ്ടി ശ്വേതാ മേനോൻ കമ്മീഷൻ വാങ്ങി എന്നാണ് പറയുന്നത്.
ആ നിമിഷമാണ് ഏഴു മണിക്കൂർ പൊരുതി നിന്ന ശ്വേതാ മേനോൻ വേദനയോടെ ഞാൻ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിച്ചു പോവുകയാണ് എന്ന് പറഞ്ഞത്. ഇവിടെ ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന ശ്രീ ഇന്നസെന്റ് എംപിയും ആയിരുന്നു അമ്മയുടെ പ്രസിഡന്റും ആയിരുന്നു. അദ്ദേഹത്തിന് അപ്പോൾ അയിത്തം ഉണ്ടായിരുന്നില്ല. ഗണേഷ് കുമാർ ഒരുകാലത്ത് കോൺഗ്രസിന്റെ സഹയാത്രികനായിരുന്നു പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തോടു ചായ്വുള്ള എംഎൽഎ ആയിരുന്നു. ഇപ്പോഴാണ് അദ്ദേഹം എംഎൽഎ ആകാതിരുന്നത്.
അതുപോലെ തന്നെ ശ്രീ മുകേഷ് ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി എന്ന സൂപ്പർതാരം എന്നും ഇടതുപക്ഷ ചായ്വ് തുറന്നുപറഞ്ഞിട്ടുള്ള ആളാണ്. സിദ്ദീഖ് കോൺഗ്രസ് രാഷ്ട്രീയം തുറന്നു പറഞ്ഞിട്ടുണ്ട്. ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നു.
രമേശ് പിഷാരടി കോൺഗ്രസിന്റെ ഇപ്പോഴത്തെ എംഎൽഎ ആണ്. ഇവർക്കാർക്കും ഇല്ലാത്ത അയിത്തം ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും അഞ്ജലി നായർക്കും എങ്ങനെയാണ് ഉണ്ടാകുന്നത്. ഒരു തെളിവുമില്ലാതെ ശ്വേതാ മേനോൻ പണം വാങ്ങിയിട്ടാണ് അമ്മയിൽ നിന്ന് ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാകുന്നത്?’’ ലക്ഷ്മിപ്രിയ പറയുന്നു.
Kerala
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ. പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടന്നെന്നും ആരോപിച്ചു.
വ്യക്തിഹത്യക്ക് ശ്രമിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Movies
അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടി മല്ലികാ സുകുമാരൻ പങ്കുവെച്ച ഒരു ഇംഗ്ലിഷ് കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇത്രയും മികച്ച ഭാഷയിലുള്ള കുറിപ്പ് മകൻ പൃഥ്വിരാജ് എഴുതി നൽകിയതാണോ എന്ന ചോദ്യങ്ങളുമായി നിരവധിപേരാണ് കമന്റ് സെക്ഷനിൽ എത്തിയത്. ഇതിന് പിന്നാലെ ചില വാർത്തകളിൽ തലക്കെട്ട് പോലും പൃഥ്വിരാജിന്റെ ഇംഗ്ലീഷാണോ ഇതെന്ന തരത്തിലായി. തുടർന്ന് ഇതിന് കൃത്യമായ മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തി.
തനിക്ക് ഇംഗ്ലിഷ് എഴുതാൻ മക്കളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും മകന്റെ ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ പ്രശംസയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയ്ക്ക് ഈ ചോദ്യത്തെ താൻ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നുവെന്നും മല്ലികാ സുകുമാരൻ കുറിച്ചു.
മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂർണരൂപം
"മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ..... ഇംഗ്ലിഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന് ചോദിക്കുന്നവർക്കുള്ളതാണ് ഈ പോസ്റ്റ്. ഏതാണ്ട് പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു... യശശരീരനായ ശ്രീ.സുകുമാരൻ.
അദ്ദേഹം അക്കാലത്തു ആദരണീയനായ ശ്രീ.കെ. കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രോജക്ട് ഉണ്ട്. ആ ഫയൽ സുരക്ഷിതമായി എന്റെ കൈയിൽ ഇന്നും ഉണ്ട്. അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അത് മാറ്റിവെച്ചു.
പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും, ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.
രണ്ടാഴ്ച മുൻപ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതാണ് എന്റെ കുറിപ്പിന്റെപ്രധാന സാരാംശം. അന്ന് എ ഐയും വി എഫ് എക്സും പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല. പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ, വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്ക് കൊടുത്താലോ എന്ന് തോന്നി.
മനോരമ ബാലജനസഖ്യം ആണ് കലാകാരിയായും പ്രസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്. അത് അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം. എനിക്കുവേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ് ഞാൻ. പോരെങ്കിൽ ഒരു ഇംഗ്ലിഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ എം.എ എൽ.എൽ.ബിയുടെ ഇംഗ്ലിഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല. എങ്കിലും എന്റെ മകന്റെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത, എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... സ്നേഹം കണ്മണി.
അമ്മ ജനറൽ ബോഡി മീറ്റിംഗിൽ, അന്തരീക്ഷം മേഘാവൃതം ആയതിനാൽ ഒന്നും പറയാതെ മടങ്ങി...
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മല്ലികാ സുകുമാരൻ തയ്യാറാക്കിയ കത്തിന്റെ മലയാള പരിഭാഷ
സ്വീകർത്താവ്:
എക്സിക്യൂട്ടീവ് കമ്മിറ്റി,
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA),
കൊച്ചി.
വിഷയം: കേരള സർക്കാരിന്റെ 2026-27 ബജറ്റിലെ വ്യവസായ പദവി സിനിമാ മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച്.
ആദരണീയരായ അംഗങ്ങളെ,
2026-27 ലെ ബജറ്റിൽ സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു അവസരമാണ്. കിൻഫ്ര (KINFRA) വഴി കുറഞ്ഞ നിരക്കിൽ ഭൂമി, വ്യവസായ അധിഷ്ഠിത വൈദ്യുതി നിരക്ക്, KSIDC/KFC വായ്പകൾ, വർധിപ്പിച്ച സബ്സിഡി (വനിതാ സിനിമകൾക്ക് പ്രത്യേക ആനുകൂല്യം), വിഎഫ്എക്സ് (VFX) പാർക്ക് നിർദ്ദേശം എന്നിവ കഴിഞ്ഞ 75 വർഷമായി നമ്മുടെ വ്യവസായത്തിന് ആവശ്യമായിരുന്ന ഘടനാപരമായ അടിത്തറയാണ്.
എന്നാൽ, ഈയിടെ നടന്ന അമ്മയുടെ യോഗം പ്രധാനമായും ആഭ്യന്തര തർക്കങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ അന്തസും സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങൾ തന്നെയണെങ്കിലും, ഈ ബജറ്റ് ആനുകൂല്യങ്ങൾ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നത് വലിയൊരു നഷ്ടമാണ്. മുതിർന്ന പ്രതിഭകളുടെ സാന്നിധ്യത്തിൽ, പ്രതീക്ഷിച്ച ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
അടിസ്ഥാന സൗകര്യങ്ങൾ: പുതിയ ഭൂമി, വൈദ്യുതി ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഒരു വിഎഫ്എക്സ്/പോസ്റ്റ്-പ്രൊഡക്ഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി 'അമ്മ'-ഗവൺമെന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക.
നിലവിൽ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് കേരളത്തിൽ നിന്ന് നഷ്ടപ്പെടുന്നത്.
നൈപുണ്യവും പങ്കാളിത്തവും: വനിതാ സിനിമകൾക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി, അടുത്ത 2 വർഷത്തിനുള്ളിൽ 500 സ്ത്രീകളെ അസിസ്റ്റന്റ് ഡയറക്ടർമാർ, എഡിറ്റർമാർ, ക്യാമറ വുമൺ, വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ എന്നിവരായി അമ്മയുടെ പ്ലാറ്റ്ഫോമിലൂടെ പരിശീലിപ്പിക്കുക.
ഭരണം: ബാഹ്യ ഓഡിറ്റിങ്ങോടു കൂടി ഐസിസി (ICC)/ആന്റി-ഹാരാസ്മെന്റ് പോളിസികൾ നടപ്പിലാക്കുക. തൊഴിലിട സംസ്കാരം ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോൾ മാത്രമേ 'വ്യവസായ പദവി' നിക്ഷേപകരിൽ ആത്മവിശ്വാസം ഉണ്ടാക്കൂ.
സർക്കാർ സിനിമയ്ക്ക് വ്യവസായത്തിന്റെ താക്കോൽ നൽകിയിരിക്കുകയാണ്. എന്നാൽ അമ്മ കൃത്യമായ തൊഴിൽ സംസ്കാരവും പ്രാപ്തിയും വളർത്തിയെടുക്കാതെ വെറും ഭൂമിയും വായ്പയും കൊണ്ട് മാത്രം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ല. സമീപകാല ചിത്രങ്ങളുടെ ആഗോള വിജയത്തിന് ശേഷം ലോകം മലയാള സിനിമയെ ഉറ്റുനോക്കുകയാണ്. ഈ ബജറ്റിനെ വെറും വാർത്താ തലക്കെട്ടുകളാക്കാതെ സ്റ്റുഡിയോകളും ജോലികളും സുരക്ഷിതമായ തൊഴിലിടങ്ങളുമായി നമുക്ക് മാറ്റാം.
ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ധാർമ്മിക അധികാരവും അംഗബലവും അമ്മയ്ക്കുണ്ട്. ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് 5 വർഷത്തെ ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി സർക്കാരും സാങ്കേതിക പ്രവർത്തകരും വനിതാ പ്രൊഫഷണലുകളും ഒത്തുചേരുന്ന ഒരു പ്രത്യേക യോഗം എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ബഹുമാനത്തോടെയും പ്രതീക്ഷയോടെയും,
മല്ലികാ സുകുമാരൻ
തുടർനടപടികൾ: ഈ കത്തിന്റെ ഇമെയിലും ഹാർഡ് കോപ്പിയും കൊച്ചിയിലെ അമ്മ ഓഫീസിലേക്ക് അയയ്ക്കുന്നതിനൊപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകുന്നതാണ്
Movies
അമ്മ സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് ഇനി താനില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം തന്റെനിലപാട് വ്യക്തമാക്കിയത്.
"സ്നേഹത്തിന് നന്ദി... പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ... എന്ന തലക്കെട്ടോടെയാണ് അൻസിബ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയപ്പെട്ടവരേ,
എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും.
ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം.
അമ്മ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹത്തോടെ, അൻസിബ ഹസൻ." താരം കുറിച്ചു.
Movies
തന്റെ ശവം പോലും കാണാൻ വരരുതെന്ന നടി ലക്ഷ്പ്രിയയുടെ പരാമർശത്തിന് പിന്നാലെ താരത്തിന് മറുപടിയുമായി നടി ഉഷ ഹസീന. ലക്ഷ്മിപ്രിയയെപ്പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിന്റെ രോദനമായിട്ടേ രാജി കണക്കാക്കുന്നുള്ളുവെന്നും ഉഷ ഹസീന പറയുന്നു.
‘‘ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ ഫെയ്സ്ബുക്കിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസിലാക്കണം, ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസില്ല.
‘അമ്മ’ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ, ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി.അൻസിബയുടെ നിലപാട് അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു.
നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ ‘അമ്മ’യ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എറെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല. ’’–ഉഷയുടെ വാക്കുകൾ.
Kerala
കൊച്ചി: ടിനി ടോമിനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് നടി നീന കുറുപ്പ്. താരസംഘടനയായ അമ്മയില്‍ ഭരണസമിതി കൂട്ടരാജിയിലേക്ക് പോകാനുണ്ടായ വിഷയങ്ങളിലൊന്ന് എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായ തര്‍ക്കങ്ങളും താരങ്ങള്‍ ചേരി തിരിഞ്ഞ് പോരിന് ഇറങ്ങിയതുമാണ്. നടന് ടിനി ടോമിനെതിരെ അന്‍സിബ ഹസനും പിന്നാലെ നീന കുറുപ്പും രംഗത്തെത്തിയിരുന്നു.
ടിനി ടോമിനെതിരെ നീന കുറുപ്പ് പരാതി നല്കി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ ടിനി ടോം തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് പരാതി നല്കി എന്ന വിവരമായിരുന്നു പുറത്തുവന്നത്.
എന്നാല്‍ താന്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് നീന കുറുപ്പ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. അത് ഉള്ളിലുള്ള കാര്യം മാത്രമാണ്, പുറത്തൊന്നും പരാതി പറഞ്ഞിട്ടില്ല എന്ന് നീന കുറുപ്പ് പറഞ്ഞു.
അതേസമയം, ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ നീന കുറുപ്പ് വിസമ്മതിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ലക്ഷ്മിപ്രിയക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥനും രംഗത്തെത്തിയിരുന്നു. ലക്ഷ്മിപ്രിയ രാജി വച്ചതിനെതിരെ ആയിരുന്നു നീന പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും സംസാരിക്കാന്‍ താല്പര്യമില്ല എന്നാണ് നീന കുറുപ്പിന്റെ മറുപടി.
എനിക്ക് എന്താണെങ്കിലും സന്തോഷമായി. പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്. അതുകൊണ്ട് അവള് രാജിവച്ചു. ആ പേര് പോലും പറയാന്‍ ഇഷ്ടമില്ല.
അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്‍. 39 വര്‍ഷമായി ഇന്റസ്ട്രിയില്‍ ഉള്ള ആളാണ് ഞാന്‍. ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാന്‍ നിങ്ങള്‍ക്ക് ഞാന്‍ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ. എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത് എന്നായിരുന്നു നീന കുറുപ്പ് ഞായറാഴ്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്.
തനിക്കെതിരെ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തള്ളിയതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.
കത്തിന്റെ പൂര്‍ണരൂപം:
ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ. അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന് Tiny Tom , thank u and god bless you all.
അതേസമയം, അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
തന്റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞു.
Movies
താരംസംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ.
‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം.
തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
‘‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്.
60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്ഷന് എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയുന്നു.
നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചൊല്ലി മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം.
Kerala
കൊച്ചി: ക്രമക്കേടുകള്ക്കുനേരേ കണ്ണടച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ പാവകളാകണമെന്നും അത്തരത്തൊരു പാവയാകാന്‍ താന്‍ തയാറല്ലെന്നും രാജിവച്ചശേഷം ശ്വേതാ മേനോന് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ചിലര്‍ അജൻഡ വച്ച് പുറത്താക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരുടെ കൈയിലേക്കു സംഘടനയെ വീണ്ടും കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. താരങ്ങളെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടീച്ചു.
ഞങ്ങള്‍ വന്നശേഷമുള്ള കമ്മിറ്റിയുടെ കണക്കുകള്‍ കൃത്യമാണ്. അതിനുമുന്‍പുണ്ടായിരുന്ന ബാബുരാജിന്റെ കമ്മിറ്റിയുടെ കണക്കില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടെന്നും രാജിക്കുശേഷം ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കൊച്ചി: പ്രസിഡന്റ് ശ്വേതാ മേനോനടക്കം നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത നാലു മാസത്തേക്ക് ‘അമ്മ’യുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ രമേഷ് പിഷാരടി എംഎല്‍എ കണ്‍വീനറായുള്ള അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്കി.
കെ.ബി. ഗണേഷ്കുമാര്, സുരേഷ് കൃഷ്ണ, സിദ്ദിഖ്, റോണി ഡേവിഡ് രാജ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണു കമ്മിറ്റിയംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് സമിതി തീരുമാനിക്കും.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചു.
ഇന്ന് ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഭരണസമിതി രാജിവച്ചത്. അധികാരമേറ്റ് ഒരു വർഷം തികയും മുൻപാണ് ഭരണസമിതിയുടെ രാജി.
ഇന്ന് രാവിലെ തുടങ്ങിയ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.
കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ഭരണസമിതി രാജിവയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്.
നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം.
സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
Kerala
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ വീഡിയോ സന്ദേശവുമായി ട്രഷറല്‍ ഉണ്ണി ശിവപാല്‍. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു.
സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാൽ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. ഇന്ന് എല്ലാം തുറന്നുപറയുമെന്നും സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോയെന്ന് നോക്കാമെന്നും ഉണ്ണിശിവപാല്‍ പറയുന്നു.
ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേള്‍ക്കാന്‍ തയാറായില്ലെന്നും നിര്‍ബന്ധിത അവധിക്ക് പറഞ്ഞയച്ചുവെന്നുമാണ് ഉണ്ണിശിവപാല്‍ പറയുന്നത്. അൻസിബ ഹസന്റെ പരാതി മുതൽ നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്.
Kerala
കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്നു കൊച്ചിയില്‍ നടക്കും. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തര്‍ക്കങ്ങളും ഭിന്നതകളും മൂലം യോഗം ഏറെ നിര്‍ണായകമാകാനാണു സാധ്യത. മാധ്യമങ്ങളിലൂടെ സംഘടനയ്ക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നടി അന്‍സിബ ഹസനെതിരേ സംഘടന കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അന്‍സിബ വിശദീകരണം നല്‍കാത്തതും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
വെള്ളിയാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. കാരണം കാണിക്കല്‍ നോട്ടീസില്‍ 17നകം മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ അന്‍സിബ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഈ വിഷയം ചര്ച്ചയ്ക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തരപ്രശ്നങ്ങളെ തെരുവിലേക്കു വലിച്ചിഴച്ച് സംഘടനയ്ക്കു വലിയരീതിയില്‍ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തല്‍.
നടന് ടിനിടോമിനെതിരായ പരാതിയില്‍ അന്‍സിബ ഹസന് കോടതിയെ സമീപിച്ചിരുന്നു. തന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെയാണ് അന്‍സിബ സമീപിച്ചത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.
അതുകൊണ്ടുതന്നെ അന്‍സിബയ്ക്കെതിരേ അച്ചടക്കനടപടിയെടുക്കണോയെന്നതും യോഗത്തില്‍ നിര്‍ണായകമാകും. അന്‍സിബയ്ക്കെതിരേ നടപടി ആവശ്യപ്പെടാനാണ് സംഘടനയിലെ ഒരുവിഭാഗത്തിന്റെ നീക്കം. അതേസമയം അന്‍സിബയെ തിരികെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എത്തിക്കണമെന്ന് മറുവിഭാഗം ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെടുമെന്നും വിവരമുണ്ട്.
സംഘടനയുടെ ബൈലോയ്ക്കു വിരുദ്ധമായി പരസ്യ പ്രതികരണങ്ങള്‍ നടത്തിയതിന് നടന്മാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി നല്‍കുകയും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ അവധിയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും പ്രധാന തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്നും അംഗങ്ങള്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.
നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെടണമെന്നും സംഘടനയ്ക്കുള്ളില്‍ത്തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം നിര്‍ണായകമാകും.
Movies
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്തത് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നാളെ കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചർച്ചക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരേ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തൽ.
ബൈലോയ്ക്ക് വിരുദ്ധമായി സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Kerala
കൊച്ചി: മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകി. 17-ാം തീയതിക്കകം മറുപടി നൽകണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ പറയുന്നു.
അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നത്.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു കുടുംബസംഗമത്തിന്റെ സ്പോൺസർ. എന്നാൽ ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലും ജോലിസംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നായിരുന്നു അന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ തന്റെ രാജിക്ക് കാരണം നടൻ ടിനി ടോം ആണെന്ന് അൻസിബ പിന്നീട് പരസ്യമായി വെളിപ്പെടുത്തി. ടിനി ടോം തന്നെ മതവാദി എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.
Movies
മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വിശദ്ദീകരണ കത്ത് നൽകുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ.
നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നതെന്നും കത്ത് ലഭിച്ച് മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.
''ഞങ്ങളുടെ ജനറൽ ബോഡി വരാൻ ഇനി 18 ദിവസമേ ഉള്ളൂ. അപ്പൊ അതിന്റെ ഭാഗമായിട്ട് പരിപാടികളായാലും ഭക്ഷണത്തിന്റെ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു യോഗമായിരുന്നു ഇന്ന്, ഏകദേശം ഒരു ഉച്ചവരെ ആ ചർച്ച ഉണ്ടായിരുന്നു.
പിന്നെ ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വരുന്നത് നമ്മുടെ അൻസിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരുടെ കാര്യമാണ്. അവരുടെ പരാതി കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, കാരണം അവർ നമ്മുടെ അംഗങ്ങളാണല്ലോ. അതുകൊണ്ട് അവരുടെ കാര്യം ചർച്ച ചെയ്യാൻ ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു സമിതി എന്തായാലും ഉണ്ടാവില്ല. അതുകൂടാതെ പുറത്തുനിന്ന് നമ്മുടെ അമ്മ അംഗങ്ങളിൽ തന്നെയുള്ള മൂന്ന് പേരും കൂടി ഉൾപ്പെടെ ആകെ അഞ്ച് പേരുള്ള ഒരു നിഷ്പക്ഷ സമിതിയായിരിക്കും ഇത്.
ആരാണ്, എന്താണ് എന്നുള്ള കാര്യങ്ങൾ നമ്മൾ ഇമെയിൽ വഴി അവർക്ക് പറഞ്ഞു കൊടുക്കും. ഇതൊരു ചാരിറ്റി സംഘടനയാണ്, ഓരോ അംഗങ്ങളും ഇങ്ങനത്തെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല, എങ്കിലും അവരുടെ അഭ്യർത്ഥന നമ്മൾ കേൾക്കുന്നുണ്ട്.
രണ്ടാമത്തെ കാര്യം, നമ്മുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് നമ്മളോട് ഒന്നും ചോദിക്കാതെ മാധ്യമങ്ങൾ മുമ്പാകെ കുറെ കാര്യങ്ങൾ പറഞ്ഞതിന് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കുറച്ച് ആൾക്കാർക്ക് നമ്മൾ കർശനമായിട്ട് വിശദീകരണക്കത്ത് കൊടുക്കുന്നുണ്ട്.
നിയമപരമായി അതാണ് നമ്മുടെ ആദ്യത്തെ പടി. കാരണം മാധ്യമപരമായ കാര്യങ്ങളെല്ലാം ഏകപക്ഷീയമാണ്, സത്യമായിട്ട് ആർക്കും ഇതിന്റെ യഥാർഥ കഥ അറിയില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവർക്കും നോട്ടീസ് അയക്കും, മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവർ അതിന് മറുപടി തരണം.
നമ്മളെ സംബന്ധിച്ച് ഇവരെല്ലാവരും നമ്മുടെ അംഗങ്ങളാണ്, നമ്മൾ ഇവിടുന്ന് ആർക്കും ശിക്ഷ കൊടുക്കാൻ ഇത് കോടതിയല്ല. ഈ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാണ് നമ്മൾ നോക്കുന്നത്. ടിനി ടോം ഇവിടെ എല്ലാ ദിവസവും വരുന്നുണ്ട്, പക്ഷേ ചിലരുടെ വിശദീകരണം വന്നിട്ടില്ല, അവർക്ക് കമ്മിറ്റിയിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഈ തീരുമാനങ്ങളെല്ലാം പിന്നീട് ജനറൽ ബോഡിക്ക് മുൻപാകെയാണ് എടുക്കാൻ പോകുന്നത്.
പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.
മാധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കണം, അതിപ്പോ ഏകപക്ഷീയമാണെങ്കിലും അവരെല്ലാ വശങ്ങളുടെയും സ്റ്റോറി ചെയ്യാറില്ല. വിവാദ വാർത്തകൾക്കാണല്ലോ കുറച്ചുകൂടി കാഴ്ചക്കാരെ കിട്ടുന്നത്.
പക്ഷേ 502 ആൾക്കാരുള്ള ഈ ചെറിയ കുടുംബത്തിൽ, നമ്മൾ സ്ത്രീകളുടെ നേതൃത്വത്തിൽ തലപ്പത്ത് വന്നു കഴിഞ്ഞിട്ട് അംഗങ്ങൾക്ക് വേണ്ടി പിങ്ക് മന്തിൽ കാൻസർ കെയറും, ഐ കെയറും, മെഡിക്കൽ കിറ്റുകളും ഒക്കെയായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കാതെ ഏകപക്ഷീയമായ വാർത്ത മാത്രം കൊടുത്ത് ദയവായി അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളൂ. നിങ്ങൾ എപ്പോഴും നമ്മളെ സപ്പോർട്ട് ചെയ്തതുപോലെ ഈ ജനറൽ ബോഡിക്കും സപ്പോർട്ട് ചെയ്യണം.
പിന്നെ ഓഫിസ് സ്റ്റാഫ് പരാതി നൽകിയതിനെക്കുറിച്ച് കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചതാണ്, ഇനി അതിൽ കൂടുതൽ വ്യക്തത കിട്ടുമ്പോൾ ഞാൻ പറയാം. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് ഓഡിയോ പുറത്തുവന്നതിനു ശേഷം ലീവിന് പോവുകയാണ് എന്നാണ് പറഞ്ഞത്, അത്രയേ നമുക്കറിയൂ. അപ്പൊ തീർച്ചയായും സെക്യൂരിറ്റി സ്ഥാപനം പുതിയൊരാളെ നിയമിച്ചു തരും. മുഹമ്മദ് ഇപ്പോഴും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്''. ശ്വേതാ മേനോൻ പറഞ്ഞു.
Kerala
കൊച്ചി: പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന ‘അമ്മ’. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.
സംഘടനയിൽ അംഗമല്ലാത്ത ഒരാളും സമിതിയിലുണ്ടാകും. സംഘടനയില്‍ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അതേസമയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ചുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരേ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
Kerala
കൊച്ചി: തര്‍ക്കങ്ങള്‍ തുടരവെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതലാണ് അമ്മയുടെ യോഗം നടക്കുന്നത്. നടി അന്‍സിബ ഹസന് ലക്ഷ്മിപ്രിയക്കെതിരെയും ടിനി ടോമിനെതിരെയും പോലീസില്‍ നല്കിയ പരാതികളും സംഘടനയുടെ ഓഫീസ് ജീവനക്കാരി അതുല്യ നല്കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാകും.
മുന്‍ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ രാജി വച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പരാതി നല്‍കിയത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ നടി ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറയില്‍ നല്കിയ പരാതിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ രണ്ടാമത്തെ പരാതി. ഈ കേസില്‍ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
അന്‍സിബയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ട് എന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയില്‍ തന്റെ പരാതി കേള്‍ക്കാന്‍ മാലാ പാര്‍വതി, രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ സംഘടന തീരുമാനമെടുത്തിരുന്നില്ല. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ പ്രചാരണവും ഗൂഢാലോചനയും ഭീഷണിയും നടത്തിയെന്നാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള തെളിവുകളോടെ അതുല്യ പരാതി നല്‍കിയത്.