രമേഷ് പിഷാരടി
അമ്മയുടെ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് നടൻ രമേഷ് പിഷാരടി ഔദ്യോഗികമായി രാജിവെച്ചു.
സംഘടനയുടെ ബൈലോ പ്രകാരം നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കൺവീനറായ രമേഷ് പിഷാരടിക്ക് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്.
പുതിയ ഭരണസമിതി വരുന്നതുവരെ മുൻവർഷങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് പഴയ സമിതി തന്നെ തുടരണമെന്ന ശ്വേതയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പ്രശ്നപരിഹാരത്തിനായി താനും ശ്വേത മേനോനും നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്ന് പിഷാരടി പറഞ്ഞു.
ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.
ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്.
പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.
Tags : ramesh pisharody amma issue