Leader Page
അഫ്ഗാനിസ്ഥാനോ ഇറാനോ പോലെ ഒരു മതരാഷ്ട്രത്തിൽ ഇല്ലാത്തതും, സെക്കുലർ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്നതുമായ അവകാശങ്ങളാണ് ലിംഗ, മത, ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കുമുള്ള തുല്യ അവകാശങ്ങൾ.
ഈ ഭരണഘടനയുള്ളതുകൊണ്ടാണ് ഏതൊരു പൗരനും ആരെയും വിമർശിക്കാനും അഭിപ്രായങ്ങൾ പറയാനും അവകാശങ്ങളുള്ളത്. മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരിക്കുന്ന 25-ാം വകുപ്പ്, ആ സ്വാതന്ത്ര്യം മറ്റെല്ലാ മൗലികാവകാശങ്ങൾക്കും വിധേയമാണ് എന്ന് പ്രത്യേകം നിഷ്കർഷിക്കുന്നു. അതായത്, ലിംഗഭേദമില്ലാതെയുള്ള തുല്യത, അന്തസോടെ ജീവിക്കാനുള്ള അവകാശം മുതലായ അവകാശങ്ങൾക്കു വിധേയമാണ് ഏതൊരു മതത്തിന്റെയും സ്വാതന്ത്ര്യങ്ങൾ. ഞങ്ങളുടെ മതത്തിലെ സ്ത്രീക്ക് ഞങ്ങൾ കൊടുക്കുന്ന സ്വാതന്ത്ര്യമേ ഉള്ളൂ എന്ന് ഈ മതേതര രാജ്യത്തെ, ഒരു മതത്തിനും അവകാശപ്പെടാനാകില്ല.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയോടു പ്രതികരിച്ചത്. സതീശനെതിരേ ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ സുപ്രഭാതം ദിനപത്രത്തിൽ വന്ന ലേഖനം വാസ്തവവിരുദ്ധവും ധാർഷ്ട്യം കലർന്ന ഭാഷയിലുള്ളതുമാണ് എന്നു പറയാതെവയ്യ. മര്യാദകേടായി ഒരു വാക്കുപോലും പറയാതെയാണ്, മുഖ്യമന്ത്രി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ സമത്വത്തിനെതിരായുള്ള വാദങ്ങളെ നിരാകരിച്ചത്. സ്ത്രീകൾക്കു തുല്യ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പുരോഗമനസമൂഹവും സ്ത്രീകളും കൈയടിച്ചു സ്വീകരിച്ചിരിക്കുന്ന അവസരത്തിലാണ് പത്രത്തിന്റെ വിമർശനം. ‘സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാർമികതകൾ’ എന്ന പ്രയോഗംതന്നെ സ്ത്രീ വിരുദ്ധമാണ്. ജാത്യാധിക്ഷേപം പോലെതന്നെ, സ്ത്രീയെന്ന വ്യക്തിയോട്, അവളുടെ വ്യക്തിത്വത്തിന്റെ പേരിൽ മാത്രം വെറുപ്പുളവാക്കാൻ പര്യാപ്തമായ വാക്കുകളാണിത്.
ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യത്തെ അളക്കേണ്ടത് ആധുനിക മൂല്യങ്ങളുടെ വെളിച്ചത്തിലാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭരണഘടനയാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ്.
ഇന്ത്യൻ ഭരണഘടനയിലെ തുല്യതയെ ശരിയായ അർഥത്തിൽ നാം മനസിലാക്കണം. സ്വാതന്ത്ര്യവും സമത്വവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളാണ്. അവ തമ്മിൽ ഉരസലുകളുണ്ടായാൽ സമത്വത്തിനു വിധേയമായി വേണം സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്. ഉദാഹരണത്തിന്, ജാത്യാധിക്ഷേപം അഭിപ്രായസ്വാതന്ത്ര്യമല്ല, ഒരു ക്രിമിനൽ കുറ്റമാണ്. മുത്തലാക്ക് മതസ്വാതന്ത്ര്യമല്ല, ഭരണഘടനയിലെ സമത്വത്തിനു വിരുദ്ധമാണ്.
കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യയിലെ മുസ്ലിംകൾക്കും കഴിയും, വർണാശ്രമ വ്യവസ്ഥയ്ക്കു വിപരീതമായി വിവാഹം കഴിക്കാൻ ഭരണഘടന അവകാശം നൽകിയിരിക്കുന്നു. ഇപ്പറഞ്ഞ സന്ദർഭങ്ങളിലൊന്നും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന വാദം നില്ക്കാത്തത്, ആ സ്വാതന്ത്ര്യത്തിന് ഇന്ത്യൻ ഭരണഘടനയിലെ പരിമിതികൾ ഉള്ളതുകൊണ്ടാണ്.
തുല്യതയും വ്യക്തിസമത്വവും ഏറ്റവും പ്രധാനപ്പെട്ട പൗരാവകാശങ്ങളാണ്. സ്ത്രീ തുല്യവ്യക്തിയാണെന്ന് സയൻസ് പറയുന്നു, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം പറയുന്നു, എല്ലാ നവോത്ഥാന മൂല്യങ്ങളും പറയുന്നു. സർവോപരി, ഇന്ത്യൻ ഭരണഘടന അമൂല്യ അവകാശമായി വാഗ്ദാനം ചെയ്തിരിക്കുന്നു. ആ ഭരണഘടനയുടെ കീഴിൽ ജീവിക്കുന്ന, അതിലെ അവകാശങ്ങൾ വിനിയോഗിക്കുന്ന ഒരാൾക്കും, ഞങ്ങളുടെ മതനിയമങ്ങൾ ഈ ഭരണഘടനയ്ക്കു മുകളിലാണ് എന്നൊരു തോന്നലുണ്ടാകാൻ പാടില്ല. അവകാശങ്ങളെപ്പറ്റിയുള്ളതുപോലെതന്നെ, അതിന്റെ പരിമിതികളെപ്പറ്റിക്കൂടി പൂർണബോധ്യം വേണം. അത് മതത്തിന്റെ ഉള്ളിൽനിന്നുതന്നെ വരുന്നില്ലെങ്കിൽ നിയമനിർമാണ സഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ മുതലായ ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു വരും.
“കാന്തപുരം പറഞ്ഞത് അദേഹത്തിന്റെ മതവിശ്വാസമാണ്” എന്ന വാദത്തിന്റെ മറുപുറമാണ് അപ്രകാരം മതത്തിൽ എവിടെയെങ്കിലും നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽകൂടി, അതിനൊന്നും ഭരണഘടനയുടെ മതസ്വാതന്ത്ര്യം എന്ന സംരക്ഷണമില്ല എന്നത്. ഭരണഘടനയുടെ പരിരക്ഷ ആഗ്രഹിക്കുന്ന, ഭരണഘടന പ്രകാരം തങ്ങൾക്കുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റി ബോധ്യവും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ, സ്വന്തം മതത്തിനുള്ളിലെ സ്ത്രീകൾക്കുകൂടി പൂർണമായ ഭരണഘടനാ അവകാശങ്ങൾ ഉണ്ടെന്ന് എപ്പോഴും ഓർക്കണം. അവർ ഒരു ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പൗരാവകാശങ്ങൾ ഇല്ലാതാവുന്നില്ല. ഇത് കാന്തപുരത്തെ ഓർമിപ്പിക്കുക മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്.
ഇത് ഇസ്ലാമിന്റെ മതസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. മറിച്ച്, എല്ലാ സ്ത്രീകൾക്കും പൂർണ ഭരണഘടനാ സ്വാതന്ത്ര്യങ്ങളുണ്ട് എന്ന പൗരാവകാശ വിഷയമാണ്. ഈയൊരു വിഷയത്തിന്റെ പേരിൽ വി.ഡി. സതീശൻ എന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിപരമായി വിലയിരുത്താനും വേറെ നേതാക്കളുമായി താരതമ്യം ചെയ്യാനും ശ്രമിച്ച പത്രം ഒരു കാര്യം മറന്നു. ഇദ്ദേഹമല്ലാതെ വേറെ ആരെങ്കിലും കോൺഗ്രസിൽനിന്നോ വേറേതെങ്കിലും പാർട്ടിയിൽനിന്നോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലും സ്ത്രീ സ്വാതന്ത്ര്യത്തെ ആരെങ്കിലും വെല്ലുവിളിച്ചാൽ ഇതുതന്നെയേ ചെയ്യാൻ കഴിയൂ. ലിംഗ, മത ഭേദമില്ലാതെ, ഭയമോ പക്ഷാഭേദമോ കൂടാതെ, ഭരണഘടന ഉയർത്തിപ്പിടിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി പദവിയേൽക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ആർജവമുള്ളതായിരുന്നു. പുതിയ ജനറേഷനും എല്ലാ പുരോഗമനവാദികളും കക്ഷി രാഷ്ട്രീയ, മത ജാതി ഭേദമില്ലാതെ എല്ലാ സ്ത്രീകളും ആഹ്ലാദപൂർവം ഹൃദയത്തിലേക്കെടുത്ത ഈയൊരു നിലപാട്, മുന്നോട്ട് ഒരു മിനിമം മാനദണ്ഡമായിക്കഴിഞ്ഞിരിക്കുന്നു. യാഥാസ്ഥിതിക വാദികളും ഈയൊരു കൊടുങ്കാറ്റ് കാണട്ടെ.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
District News
ചിറയിൻകീഴ്: പെരുമാതുറ - താഴമ്പള്ളി മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും ജീവൻ നഷ്ടമായ സാഹചര്യത്തിൽ ശാശ്വതസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.
അപകട സാധ്യതയേറിയ മേഖലയെന്ന നിലയിൽ മുതലപ്പൊഴിയിൽ ശാസ്ത്രീയമായ സുരക്ഷാനടപടികളും സ്ഥിരം സുരക്ഷാസംവിധാനങ്ങളും നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതാണ് ആവർത്തിച്ചുള്ള ദുരന്തങ്ങൾക്ക് കാരണമെന്നു ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. അഴിമുഖത്ത് ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ, സമയബന്ധിതമായ രക്ഷാപ്രവർത്തനം നടന്നിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ. കോസ്റ്റ് ഗാർഡിന്റെ തെരച്ചിൽ ആരംഭിക്കാനുണ്ടായ കാലതാമസം ഗൗരവമായി പരിശോധിക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
പെരുമാതുറ - മുതലപ്പൊഴിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥിരം കോസ്റ്റ് ഗാർഡ് അല്ലെങ്കിൽ പരിശീലനം ലഭിച്ച മറൈൻ റെസ്ക്യൂ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. അപകടം നടന്നാൽ അനുശോചനവും പ്രഖ്യാപനങ്ങളും മാത്രമാണ് ആവർത്തിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കുന്ന സ്ഥിരം നടപടികൾ നടപ്പാകുന്നില്ലെന്നും ഫെഡറേഷൻ വിമർശിച്ചു.
മുതലപ്പൊഴിയിൽ ആവശ്യമായ ഡ്രഡ്ജിംഗ് സ്ഥിരമായി നടത്താത്തതിനാൽ പൊഴിമുഖത്തിന്റെ ആഴവും വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇതുമൂലം കടലിന്റെ സ്വാഭാവിക ഒഴുക്കിനു തടസുമുണ്ടാകുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായ സുരക്ഷാ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും ആശ്രിതർക്ക് സ്ഥിരമായ പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് അനിൽ, തുമ്പ ഫ്രാൻസിസ്, അരുൺ, അനു എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: വിവാദ പ്ലീഡര് നിയമനത്തിലെ തർക്കത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്. കെഎസ്യു പ്രവര്ത്തകര്ക്കുണ്ടായ ആശങ്കകളെക്കുറിച്ച് കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിരുന്നെന്നും വേണ്ട നടപടികള് സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അലോഷ്യസ് പറഞ്ഞു.
വിഷയം അവിടെ നിലനില്ക്കുന്നു. കെഎസ്യുവും സര്ക്കാരും രണ്ട് തട്ടില് അല്ലെന്നും അലോഷ്യസ് പറഞ്ഞു. കോണ്ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാര്ട്ടിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള് പറയാന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത ആശയങ്ങള് ക്രോഡീകരിച്ച് ഒറ്റ അഭിപ്രായത്തിലേക്ക് എത്തുകയാണ് പാര്ട്ടി രീതിയെന്നും എല്ലാം പാര്ട്ടി കേള്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ലെന്നും അലോഷ്യസ് പറഞ്ഞു. അദ്ദേഹം കെഎസ്യുവിന്റെയും കോൺഗ്രസിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തിന് തിരക്കുകള് ഉണ്ട്. അത് തങ്ങള് മാനിക്കുന്നു.
കെഎസ്യു സ്വന്തമായി അഭിപ്രായം പറയാന് കരുത്തുള്ള സംഘടനയാണ്. അഭിപ്രായങ്ങള് പറയുമ്പോള് ഗ്രൂപ്പിന്റെ വാലില് കെട്ടാന് ശ്രമിക്കരുതെന്നും അലോഷ്യസ് വിമര്ശിച്ചു. ഇതില് ഒരു ഗ്രൂപ്പുമില്ല. കെപിസിസി അധ്യക്ഷന് ഇടപെടല് നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Movies
അമ്മയിൽ പ്രശ്നങ്ങൾ പരിഹരിക്കനായി രൂപികരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ നിർണായക നീക്കം.
ഈ ഹർജിയിൽ തന്നെകൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ സമർപ്പിച്ച അപേക്ഷയ്ക്ക് എതിരെ ശ്വേത രംഗത്തെത്തി. അൻസിബയെ കക്ഷി ചേർക്കുന്നതു സംബന്ധിച്ചുള്ള ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വിശദമായ വാദം കേൾക്കും.
അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിൽ അൻസിബ ഇടപെടേണ്ട കാര്യമില്ലെന്നാണ് ശ്വേത മേനോൻ കോടതിയിൽ സ്വീകരിച്ചിരിക്കുന്ന പ്രധാന വാദം. ബൈലോയ്ക്ക് വിരുദ്ധമായിട്ടാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നാണ് ശ്വേതയുടെ ആരോപണം.
കഴിഞ്ഞ തവണ ഈ ഹർജി പരിഗണിച്ചപ്പോൾ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് മാറാൻ നടൻ രമേശ് പിഷാരടിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പിഷാരടി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
എന്നാൽ, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം പൂർണമായി വിലക്കിയതിനെതിരെ രമേശ് പിഷാരടി കോടതിയിൽ എതിർപ്പറിയിക്കും. പിഷാരടിയുടെ ഈ വാദം വരുന്ന 27-ാം തിയതി കോടതി കേൾക്കും. അന്ന് തന്നെയാണ് ശ്വേതയുടെ ഹർജിയും കോടതി വീണ്ടും പരിഗണിക്കുക.
Kerala
കൊച്ചി: അമേരിക്കന് ഹെല്ത്ത് കെയര് കമ്പനിയായ കോറോ ഹെല്ത്തില് അനിശ്ചിതത്വം തുടരുന്നു. കൊച്ചി ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിക്കാന് സുരക്ഷാ ജീവനക്കാര് അനുവദിച്ചില്ല. ജൂലൈ പത്തിന് തൊഴില് മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി അധികൃതരുമായുള്ള ചര്ച്ച നടക്കുന്നതു വരെ തല്സ്ഥിതി തുടരാമെന്ന ധാരണയായിരുന്നു ഇന്നലെ ഉണ്ടായത്.
ലേബര് ഓഫീസറുടെയും എംഎല്എ ഉമ തോമസിന്റെയും നേതൃത്വത്തില് കമ്പനി ലീഗല് അഡൈ്വസറുമായി നടത്തിയ ചര്ച്ചയില് ആയിരുന്നു ധാരണയായത്. എന്നാല് ഈ ധാരണയും കമ്പനി അധികൃതര് തെറ്റിച്ചിരിക്കുകയാണ്.
രാവിലെ ഒമ്പതാണ് ജീവനക്കാരുടെ പഞ്ചിംഗ് ടൈം. എന്നാല് ഒമ്പതു കഴിഞ്ഞിട്ടും ഓഫിസിലേക്ക് പ്രവേശിക്കാനുള്ള കെട്ടിടത്തിന്റെ വാതില് തുറന്നിട്ടില്ല. ഇന്ഡിക്യൂബ് എന്ന സ്ഥാപനത്തിന്റെ അഞ്ചാം നിലയിലാണ് കോറോ ഹെല്ത്ത് പ്രവര്ത്തിക്കുന്നത്. എന്നാല് സുരക്ഷാ പ്രശ്നങ്ങളുണ്ട് അതിനാല് ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്ക്ക് ലഭിച്ചിരിക്കുന്ന നിര്ദേശം. അതിനാല് ജീവനക്കാര് ഇന്നും ഓഫീസിന് പുറത്തു നില്ക്കുകയാണ്.
ഇന്നലെയും ജീവനക്കാരെ പുറത്തു നിര്ത്തിയിരുന്നു. രാവിലെ മുതല് ഉച്ച വരെ പുറത്തു നിന്ന ജീവനക്കാരെ ഡിവൈഎഫ്ഐ നേതാക്കള് എത്തി വാതില് തുറന്നു അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ നടന്ന ചര്ച്ചയ്ക്ക് പിന്നാലെ ജീവനക്കാരെ ഓഫീസില് കയറ്റാന് ധാരണയായിരുന്നു.
അതേസമയം, ജൂലൈ 10ന് നടക്കുന്ന ചര്ച്ചയില് കമ്പനിയുടെ ഉന്നത അധികൃതര് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില് കൊച്ചിയില് ചര്ച്ച നടക്കും. ജൂലൈ മൂന്നിന് ആയിരുന്നു മുന്നറിയിപ്പില്ലാതെ ജോലിക്കായി എത്തിയ ജീവനക്കാരെ പിരിച്ചു വിട്ടത്. അന്ന് കമ്പനി അധികൃതരുമായി ഉമ തോമസ് എംഎല്എയും റീജണല് ലേബര് ഓഫീസറും സംസാരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില് നടപടി താല്ക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല് തിങ്കളാഴ്ച നക്കാനിരുന്ന ചര്ച്ചയ്ക്ക് മുമ്പു തന്നെ മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ധാരണ തെറ്റിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്.
സ്ഥാപനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് മുൻപിൽ പ്രതിഷേധമായിരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതിനിടെ ഇന്ന് കൊച്ചിയിൽ യോഗം ചേരുമെന്നാണ് പ്രഖ്യാപിച്ചത്. അത് അനുസരിച്ച് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ കൊച്ചിയിൽ എത്തും. ഈ മാസം 10 ന് വിഷയത്തിൽ സർക്കാർ തല ചർച്ചയും നടക്കും.
കോറോ ഹെൽത്ത്, അമേരിക്കയിലെ ആശുപത്രികളിലെ രോഗികളുടെ രജിസ്ട്രേഷൻ, ക്ലിനിക്കൽ ഡോക്യുമെന്റ്, ഇൻഷുറൻസ്, ബിൽ മാനേജ്മെന്റ് തുടങ്ങി മൊട്ടുസൂചി മുതൽ മൊത്തവ്യാപാരം വരെ നീളുന്ന സമ്പൂർണ ആരോഗ്യ സേവനങ്ങൾ നൽകുന്ന കോഡിഗ് സ്ഥാപനമാണ്. 2021ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്ന കോറോ ഹെൽത്തിന് തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
രാജ്യത്താകമാനം ലക്ഷക്കണക്കിന് ജീവനക്കാരും. കേരളത്തിലെ ഉദ്യോഗാർഥികളെയും, തൊഴിൽ വിദ്യാഭ്യാസ നൈപുണ്യവും കണക്കിലെടുത്ത് 2024ൽ കോഴിക്കോട് കേന്ദ്രീകരിച്ച് രണ്ടാമത്തെ ബ്രാഞ്ചും മലയാളക്കരയിൽ തുടങ്ങി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് സ്വീകരിച്ച സമീപനത്തോട് തൊഴിലാളികൾ പ്രതികരിച്ച രീതിയായിരുന്നില്ല കേരളത്തിൽ നിന്ന് കമ്പനിക്ക് ലഭിച്ചത്.
തൊഴിലിനെക്കുറിച്ച് ഉത്തമബോധ്യമുള്ളപ്പോൾതന്നെ തൊഴിൽ ചൂഷണത്തോടുള്ള പ്രതികരണവും കേരളത്തിൽ നിന്നുണ്ടായി. തൊഴിലനുസരിച്ചുള്ള ശമ്പളവർദ്ധനവോ, സമയക്രമീകരണമോ ചോദ്യങ്ങളായാൽ സ്ഥാപനം കോർപ്പറേറ്റ് രീതിയിൽ പെരുമാറും.
പരിമിതമായ സ്ഥാനക്കയറ്റം, മോശം പെരുമാറ്റം, പ്രവർത്തനക്ഷമത ചൂണ്ടിക്കാണിച്ച് വാക്കേറ്റം, അങ്ങറ്റത്തേയ്ക്ക് നീണ്ട് പിരിച്ചുവിടൽ നടപടി. കഴിഞ്ഞ വർഷം പുവർ പെർഫോമെൻസ് എന്ന പേരിൽ ബംഗളൂരുവിൽ നിന്ന് 200 പേർക്ക് ജോലി തെറിച്ചെങ്കിൽ കേരളത്തിൽ 300 പേരാണ് ഇരകൾ.
Movies
അമ്മ സംഘടനയിലെ തർക്കത്തിൽ ശ്വേത മേനോനെതിരെ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
പവർ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളുമെന്ന് ഭാഗ്യലക്ഷ്മി ശ്വേതയെ വിമർശിച്ചു. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു. അന്നും നിങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നല്ലോ?, അവൾക്ക് വേണ്ടി ശബ്ദം ഉയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്നാണ് ശ്വേത ഫേസ് ബുക്കില് പോസ്റ്റിട്ടിരുന്നത്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ ഫണ്ടിൽ ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി.
അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല.
എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
Movies
അമ്മയുടെ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് നടൻ രമേഷ് പിഷാരടി ഔദ്യോഗികമായി രാജിവെച്ചു.
സംഘടനയുടെ ബൈലോ പ്രകാരം നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കൺവീനറായ രമേഷ് പിഷാരടിക്ക് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്.
പുതിയ ഭരണസമിതി വരുന്നതുവരെ മുൻവർഷങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് പഴയ സമിതി തന്നെ തുടരണമെന്ന ശ്വേതയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പ്രശ്നപരിഹാരത്തിനായി താനും ശ്വേത മേനോനും നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്ന് പിഷാരടി പറഞ്ഞു.
ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.
ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്.
പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.
Movies
അമ്മയുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും ഉടൻ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി.
‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമാണ് സംഘടനയിൽ ഉള്ളതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
‘‘അഡ്ഹോക്ക് കമ്മിറ്റിയെന്ന് സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. ‘അമ്മ’യുടെ പോളിസി മേക്കിംഗിലോ സാമ്പത്തികമായ ഇടപാടുകളിലോ ഒന്നും മാറ്റമുണ്ടാക്കാൻ അധികാരമുള്ള കമ്മിറ്റിയല്ല ഇത്.
പക്ഷേ സംഘടന എന്ന നിലയിൽ വ്യക്തിപരമായ പ്രശ്നങ്ങളിൽ പരമാവധി ഇടപെട്ടു കൊണ്ട് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചകളും അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
അഡ്ഹോക്ക് കമ്മിറ്റി ആദ്യത്തെ യോഗം കൂടി. ഗണേഷേട്ടനും ഷാജോണും ഓൺലൈനിൽ ജോയിൻ ചെയ്തു. കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് ഇപ്പോൾ മാധ്യമങ്ങളോട് പറയാനാകില്ല. തെരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തുക എന്നതാണ് ലക്ഷ്യം.
‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരംഗം എന്ന നിലയിൽ മാനസികമായ വേദന എല്ലാവർക്കുമുള്ളപോലെ എനിക്കുമുണ്ട്. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളും കമ്യൂണിക്കേഷൻ ഗ്യാപ്പുകളുമൊക്കെ പരിഹരിക്കപ്പെടണം. അത്തരം പ്രശ്നങ്ങളിൽ വളരെ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടെത്തേണ്ട ഒരു കമ്മിറ്റിയെ ഇത് ഏൽപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും. ശ്വേത മേനോൻ, അൻസിബ, മല്ലിക ചേച്ചി, ബാബുരാജ്, മമ്മൂക്ക, ലാലേട്ടൻ ഇവരോട് എല്ലാവരോടും പല ദിവസങ്ങളിലായി ഫോണിൽ ഒരുപാട് സമയം സംസാരിച്ചു. അൻസിബയോടൊക്കെ ഒരുമണിക്കൂർ സംസാരിച്ചിരുന്നു. അവരെയെല്ലാം കേൾക്കുന്നുണ്ട്. പ്രശ്നങ്ങൾ എന്തുകൊണ്ട് ഉണ്ടായി, നിലവിൽ എങ്ങനെ പരിഹരിക്കാം എന്നതൊക്കെയാണ് ചർച്ച ചെയ്യുന്നത്.
എല്ലാക്കാര്യത്തിലും രണ്ട് വശങ്ങളും കേൾക്കണം. ചിലർ പൊതു മാധ്യമങ്ങളിൽ വൈകാരികമായി പ്രതികരിച്ചു. ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. പുതിയ കമ്മിറ്റി വരും ഇതൊക്കെ പരിഹരിക്കപ്പെടും. ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാൻ വരില്ല, എനിക്ക് ഇവിടെ പാലക്കാടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളുണ്ട്.
അന്ന് വാർത്തയിലൂടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം എനിക്ക് വന്നത് കേട്ടത്. രാവിലെ പറഞ്ഞിരുന്നു, എന്തെങ്കിലും വന്നാൽ ഏറ്റെടുക്കേണ്ടി വരുമെന്ന്. അതൊക്കെ നമ്മൾ ചെയ്യണം. എല്ലാവരും നമ്മുടെ സഹപ്രവർത്തകരും നല്ല ആളുകളുമാണ്, ഇതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ ഒള്ളൂ.’’–രമേഷ് പിഷാരടി പറഞ്ഞു.
Movies
മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വിശദ്ദീകരണ കത്ത് നൽകുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ.
നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നതെന്നും കത്ത് ലഭിച്ച് മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.
''ഞങ്ങളുടെ ജനറൽ ബോഡി വരാൻ ഇനി 18 ദിവസമേ ഉള്ളൂ. അപ്പൊ അതിന്റെ ഭാഗമായിട്ട് പരിപാടികളായാലും ഭക്ഷണത്തിന്റെ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു യോഗമായിരുന്നു ഇന്ന്, ഏകദേശം ഒരു ഉച്ചവരെ ആ ചർച്ച ഉണ്ടായിരുന്നു.
പിന്നെ ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വരുന്നത് നമ്മുടെ അൻസിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരുടെ കാര്യമാണ്. അവരുടെ പരാതി കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, കാരണം അവർ നമ്മുടെ അംഗങ്ങളാണല്ലോ. അതുകൊണ്ട് അവരുടെ കാര്യം ചർച്ച ചെയ്യാൻ ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു സമിതി എന്തായാലും ഉണ്ടാവില്ല. അതുകൂടാതെ പുറത്തുനിന്ന് നമ്മുടെ അമ്മ അംഗങ്ങളിൽ തന്നെയുള്ള മൂന്ന് പേരും കൂടി ഉൾപ്പെടെ ആകെ അഞ്ച് പേരുള്ള ഒരു നിഷ്പക്ഷ സമിതിയായിരിക്കും ഇത്.
ആരാണ്, എന്താണ് എന്നുള്ള കാര്യങ്ങൾ നമ്മൾ ഇമെയിൽ വഴി അവർക്ക് പറഞ്ഞു കൊടുക്കും. ഇതൊരു ചാരിറ്റി സംഘടനയാണ്, ഓരോ അംഗങ്ങളും ഇങ്ങനത്തെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല, എങ്കിലും അവരുടെ അഭ്യർത്ഥന നമ്മൾ കേൾക്കുന്നുണ്ട്.
രണ്ടാമത്തെ കാര്യം, നമ്മുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് നമ്മളോട് ഒന്നും ചോദിക്കാതെ മാധ്യമങ്ങൾ മുമ്പാകെ കുറെ കാര്യങ്ങൾ പറഞ്ഞതിന് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കുറച്ച് ആൾക്കാർക്ക് നമ്മൾ കർശനമായിട്ട് വിശദീകരണക്കത്ത് കൊടുക്കുന്നുണ്ട്.
നിയമപരമായി അതാണ് നമ്മുടെ ആദ്യത്തെ പടി. കാരണം മാധ്യമപരമായ കാര്യങ്ങളെല്ലാം ഏകപക്ഷീയമാണ്, സത്യമായിട്ട് ആർക്കും ഇതിന്റെ യഥാർഥ കഥ അറിയില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവർക്കും നോട്ടീസ് അയക്കും, മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവർ അതിന് മറുപടി തരണം.
നമ്മളെ സംബന്ധിച്ച് ഇവരെല്ലാവരും നമ്മുടെ അംഗങ്ങളാണ്, നമ്മൾ ഇവിടുന്ന് ആർക്കും ശിക്ഷ കൊടുക്കാൻ ഇത് കോടതിയല്ല. ഈ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാണ് നമ്മൾ നോക്കുന്നത്. ടിനി ടോം ഇവിടെ എല്ലാ ദിവസവും വരുന്നുണ്ട്, പക്ഷേ ചിലരുടെ വിശദീകരണം വന്നിട്ടില്ല, അവർക്ക് കമ്മിറ്റിയിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഈ തീരുമാനങ്ങളെല്ലാം പിന്നീട് ജനറൽ ബോഡിക്ക് മുൻപാകെയാണ് എടുക്കാൻ പോകുന്നത്.
പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.
മാധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കണം, അതിപ്പോ ഏകപക്ഷീയമാണെങ്കിലും അവരെല്ലാ വശങ്ങളുടെയും സ്റ്റോറി ചെയ്യാറില്ല. വിവാദ വാർത്തകൾക്കാണല്ലോ കുറച്ചുകൂടി കാഴ്ചക്കാരെ കിട്ടുന്നത്.
പക്ഷേ 502 ആൾക്കാരുള്ള ഈ ചെറിയ കുടുംബത്തിൽ, നമ്മൾ സ്ത്രീകളുടെ നേതൃത്വത്തിൽ തലപ്പത്ത് വന്നു കഴിഞ്ഞിട്ട് അംഗങ്ങൾക്ക് വേണ്ടി പിങ്ക് മന്തിൽ കാൻസർ കെയറും, ഐ കെയറും, മെഡിക്കൽ കിറ്റുകളും ഒക്കെയായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കാതെ ഏകപക്ഷീയമായ വാർത്ത മാത്രം കൊടുത്ത് ദയവായി അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളൂ. നിങ്ങൾ എപ്പോഴും നമ്മളെ സപ്പോർട്ട് ചെയ്തതുപോലെ ഈ ജനറൽ ബോഡിക്കും സപ്പോർട്ട് ചെയ്യണം.
പിന്നെ ഓഫിസ് സ്റ്റാഫ് പരാതി നൽകിയതിനെക്കുറിച്ച് കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചതാണ്, ഇനി അതിൽ കൂടുതൽ വ്യക്തത കിട്ടുമ്പോൾ ഞാൻ പറയാം. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് ഓഡിയോ പുറത്തുവന്നതിനു ശേഷം ലീവിന് പോവുകയാണ് എന്നാണ് പറഞ്ഞത്, അത്രയേ നമുക്കറിയൂ. അപ്പൊ തീർച്ചയായും സെക്യൂരിറ്റി സ്ഥാപനം പുതിയൊരാളെ നിയമിച്ചു തരും. മുഹമ്മദ് ഇപ്പോഴും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്''. ശ്വേതാ മേനോൻ പറഞ്ഞു.
National
ന്യൂഡൽഹി: മുനമ്പം പ്രശ്നത്തിൽ അവരുടെ ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹി കേരളഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. മുനന്പത്തെ ജനതയെ അവിടെനിന്ന് ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചില കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണ് പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടുംബങ്ങളെ സർക്കാർ പെരുവഴിയിലാക്കില്ലെന്ന് മന്ത്രി റോജി.എം ജോൺ. പ്രദേശവാസികൾക്ക് പിറന്ന മണ്ണിനോടുള്ള വൈകാരികത സ്വാഭാവികമാണ്. പുനരധിവാസ ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്നത്തിൽ സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. മലയിടം തുരുത്തിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. ഈ ലക്ഷ്യത്തോടെ തന്നെയാണ് വിഷയത്തിൽ ഇടപെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.
കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തും. മലയിടം തുരുത്തിലെ പ്രശ്നം ഇപ്പോഴാണ് സിപിഎമ്മിന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വളരെ വെല്ലുവിളി ഏറിയ വകുപ്പാണ് ഉന്നത വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ നിലവിൽ ഏറെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും റോജി.എം ജോൺ പറഞ്ഞു.
Kerala
കൊച്ചി: അന്സിബ ഹസന് വിഷയത്തില് നടന് ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക. ടിനിയെ കീറി മുറിക്കാന് സമ്മതിക്കില്ല. ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. അമ്മയിലെ വിഷയങ്ങള് അമ്മയില് തന്നെ തീര്ക്കണം. ശ്വേത മേനോനെ നോക്കുകുത്തിയായി വച്ചതല്ല, പരാതിയുണ്ടെങ്കില് പറയണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
അമ്മ സംഘടന നടത്തുന്ന മെഡിക്കല് ക്യാമ്പിനിടെയാണ് ടിനി ടോമിന് പിന്നാലെ പ്രിയങ്കയും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങള് എപ്പോഴും പറഞ്ഞിട്ടുണ്ട് അമ്മ എന്ന അസോസിയേഷനിലുള്ള കാര്യം അവിടെ തീര്ക്കണം അല്ലാതെ മാധ്യമങ്ങള്ക്ക് മുന്നിലേക്ക് പോവരുതെന്ന്. അങ്ങനെയാണെങ്കില് ഞങ്ങള്ക്കൊക്കെ ഒരുപാട് കാര്യങ്ങള് പറയാനുണ്ടാകും.
ടിനി എന്റെയും എന്റെ ഭര്ത്താവിന്റെയും സഹപ്രവര്ത്തകനാണ്. ഒരുപാട് വര്ഷങ്ങളായിട്ട് കണ്ടു കൊണ്ടിരിക്കുന്ന ആളാണ്. ഇന്നുവരെ ഞങ്ങള് സ്ത്രീകള്ക്കെതിരെ വൃത്തികേടായ സംസാര രീതി ഉണ്ടായിട്ടില്ല. പ്രോഗ്രാം ചെയ്യുമ്പോള് അങ്ങോട്ടും ഇങ്ങോട്ടും സംസാരം ഉണ്ടായിക്കാണും. അല്ലാതെ ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല.
ടിനിക്കെതിരെ പരാതിയുണ്ടെങ്കില് ഇവിടെ പറയണം. ശ്വേത മേനോനെ നോക്കുകുത്തിയായി വച്ചതല്ല, അവരോട് പരാതി പറയണം. വ്യക്തിപരമായി ഒരാളെ കീറി മുറിക്കാന് ഞങ്ങള് സമ്മതിക്കില്ല. ടിനിയുടെ കൂടെ തന്നെ ഞങ്ങള് നില്ക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാന് പാടില്ല എന്ന് പ്രിയങ്ക പറഞ്ഞു.
അതേസമയം, തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള് പടച്ചുവിട്ടു എന്നൊക്കെയാണ് ടിനിക്കെതിരെയുള്ള അന്സിബയുടെ ആരോപണങ്ങള്. എന്നാല് ഈ ആരോപണങ്ങള് ടിനി ടോം നിഷേധിച്ചു. താന് മോശമായി പെരുമാറിയിട്ടില്ലെന്നും നന്നായി പ്രവര്ത്തിക്കുന്ന തന്നെ ടാര്ഗറ്റ് ചെയ്യുകയാണ് എന്നുമാണ് ടിനിയുടെ വിശദീകരണം.
Kerala
കോഴിക്കോട്: പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്ട്രോംഗ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര് സ്നേഹില് കുമാര്. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചതായി ജില്ലാ കളക്ടര് പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളുണ്ടാകില്ലെന്നും കളക്ടര് അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണെന്നും കളക്ടര് പറഞ്ഞു.
ചട്ട ലംഘനമുണ്ടായിട്ടില്ല. സ്ട്രോംഗ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള് സുരക്ഷിതമാണ്. ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര് പറഞ്ഞു. അതേസമയം വോട്ടെണ്ണല് ദിനമായ മെയ് നാലിന് കോഴിക്കോട് ജില്ലയില് നിരോധനാജ്ഞയായിരിക്കുമെന്നും കളക്ടര് പറഞ്ഞു. അതിരുവിട്ട ആഘോഷങ്ങള് നിയന്ത്രിക്കുന്നതിനാണ് നിരോധനാജ്ഞയെന്നും കളക്ടര് പറഞ്ഞു.
പേരാമ്പ്രയിലും കൊയിലാണ്ടയിലും സ്ട്രോങ് റൂമുകള് തുറന്നു എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സംഭവം വലിയ വാര്ത്തയായിരുന്നു. എന്നാല് യുഡിഎഫ് ആരോപണം തള്ളി റിട്ടേണിങ് ഓഫീസര്മാര് രംഗത്തെത്തിയിരുന്നു. തുറന്നത് മെറ്റീരിയല് റൂമാണെന്നും സ്ട്രേംഗ് റൂമല്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസര്മാര് പറഞ്ഞത്.
എന്നാല് വരണാധികാരികള്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് വരണാധികാരികള് ശ്രമിച്ചു എന്നായിരുന്നു കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്ഥി കെ. പ്രവീണ് കുമാര് പറഞ്ഞത്.
യുഡിഎഫിനെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായതെന്നും പ്രവീണ് കുമാര് പറഞ്ഞിരുന്നു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില് ഹര്ജി സമര്പ്പിക്കുകയും ചെയ്തിരുന്നു.
Movies
മിമിക്രി താരം കലാഭവൻ സരിഗയ്ക്ക് കൈകൊടുക്കാൻ വിസമ്മതിച്ചു എന്ന രീതിയിൽ പ്രചരിച്ച വീഡിയോയ്ക്ക് മറുപടിയുമായി നടൻ ശങ്കർ. സരിഗയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നടന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ശങ്കർ വ്യക്തമാക്കി.
കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ദേശീയ കലാസംസ്കൃതിയുടെ പുരസ്കാര ചടങ്ങാണ് വിവാദത്തിലേയ്ക്ക് ശങ്കറിനെ എത്തിച്ചത്. സരിഗയ്ക്ക് അവാർഡ് കൈമാറുന്നതിനിടെ ശങ്കർ ഹസ്തദാനം നിരസിച്ചു എന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.
എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ശങ്കർ പറയുന്നു. സിനിമയിൽ എത്തിയിട്ട് 45 വർഷത്തോളമായെന്നും ഇതുവരെ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും സംഭവം വിവാദമായ സാഹചര്യത്തിൽ ഇന്നലെത്തന്നെ സരിഗയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
‘നമസ്കാരം, ഇന്നലെ ഉണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. രണ്ടു മൂന്നു ദിവസം മുൻപ് ചങ്ങമ്പുഴ പാർക്കിൽ ഒരു പരിപാടി നടന്നു. അവിടെ വച്ച് നടന്ന ചടങ്ങിൽ എനിക്ക് ദ്രോണ അവാർഡ് ലഭിച്ചിരുന്നു. എന്നെ കൂടാതെ നിരവധി കലാകാരന്മാർ അവിടെയുണ്ടായിരുന്നു, അവർക്കും അവാർഡുകൾ ലഭിച്ചു. അതിൽ കലാഭവൻ സരിഗക്കും ഒരു അവാർഡ് ഉണ്ടായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ അവർക്ക് കൈ കൊടുത്തില്ല എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതൊരു വലിയ തെറ്റിദ്ധാരണ ആണ്.
വിനയൻ സാർ അവാർഡ് നൽകിയ ശേഷം സരിഗ എനിക്ക് കൈ തരാൻ തുടങ്ങിയിട്ട് എന്റെ കാല് തൊട്ട് നമസ്കരിക്കാൻ വരികയും അവർ കാല് പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും വരുന്നില്ല.
സിനിമയിൽ വന്നിട്ട് ഇപ്പോൾ പത്തു 45 വർഷത്തോളമായി. ഇതുവരെ ഞാൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗർഭാഗ്യകരമായ പ്രചാരണമായിപ്പോയി.
അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഞാൻ അവരോട് സോറിയും പറഞ്ഞു. എല്ലാവർക്കും നന്ദി.’’ശങ്കർ പറഞ്ഞു.
കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ നടൻ ശങ്കറും കലാഭവൻ സരിഗയും തമ്മിലുണ്ടായ ഒരു വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.
പുരസ്കാരം സ്വീകരിച്ച ശേഷം സരിഗ കൈനീട്ടിയെങ്കിലും ശങ്കർ അത് നിരസിച്ച് കൈകൾ പിൻവലിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം.
പൊതുവേദിയിൽ ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മര്യാദ നടൻ കാണിച്ചില്ലെന്നും സരിഗയെ ഇത് പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു വിമർശനം. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ശങ്കർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Kerala
കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്ന് പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
കെഎസ്യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: പുതുയുഗ യാത്ര സ്വീകരണത്തിനിടെ കുറ്റ്യാടിയിൽ ഷാഫി പറമ്പിലും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ തർക്കമുണ്ടായതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ജാഥയുടെ വൻ വിജയത്തിൽ അസൂയ പൂണ്ടവരാണ് ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്നതെന്നും വീട്ടിൽ അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന സാധാരണകാര്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമയം വൈകിയതിനാൽ താൻ മാത്രം സംസാരിക്കാമെന്നും ഷാഫി പറമ്പിൽ സംസാരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഷാഫി സംസാരിക്കണമെന്ന് പ്രമോദ് നിർബന്ധിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി ഇരുത്തുകയാണ് ചെയ്തത്. ഒരു കുടുംബത്തിലുണ്ടാകുന്ന സാധാരണ കാര്യങ്ങൾ മാത്രമാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണ്. താൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം തന്റെ സീറ്റിലേക്ക് ഇരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജാഥയ്ക്ക് ലഭിച്ച പ്രാധാന്യം കേരളം വിലയിരുത്തുന്നുണ്ട്. അതിന്റെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
District News
തൃശൂർ: കൗണ്സിലർമാരുടെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോർപറേഷൻ കൗണ്സിൽ യോഗത്തിൽ കൈയാങ്കളി. അടിപിടിയിലെത്തിയതോടെ 13 കൗണ്സിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷാംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ കോണ്ഗ്രസ് കൗണ്സിലർ മേഴ്സി അജി, മേയറുടെ പേഴ്സണൽ സ്റ്റാഫ് സുനിൽരാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേയറെ ഇടതുപക്ഷ കൗണ്സിലർമാർ ഉപരോധിച്ചു.
ഇടതു കൗണ്സിലർ അനീസ് അഹമ്മദിന്റെയും പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണിന്റെയും നേതൃത്വത്തിലാണു ബഹളം നടന്നതെന്നു ഭരണപക്ഷം ആരോപിച്ചു.
പ്രതിപക്ഷ കൗണ്സിലർമാർ ജനാധിപത്യവിരുദ്ധമായി പെരുമാറിയെന്നു മേയർ ഡോ. നിജി ജസ്റ്റിൻ ആരോപിച്ചു. ധവളപത്രം ഇറക്കാനുള്ള ഭരണസമിതിയുടെ ശ്രമത്തെ എതിർക്കാനാണു പ്രതിപക്ഷം ബഹളമുണ്ടാക്കിയതെന്നും ആരോപിച്ചു.
ബിജെപി കൗണ്സിലർമാർ ഒരുമിച്ചിരിക്കണമെന്നു നേരത്തെ കൗണ്സിൽ യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. ആ സമയം ഇടതുപക്ഷ കൗണ്സിലർമാർ പ്രതികരിച്ചിരുന്നില്ല.
ഇന്നലെ കൗണ്സിൽ യോഗത്തിൽ ബിജെപി കൗണ്സിലർമാർ ഒരുമിച്ചിരുന്നു. ഇത് ഇടതുപക്ഷ കൗണ്സിലർമാർ ചോദ്യംചെയ്തതോടെയാണു സംഘർഷമുണ്ടായത്.
തങ്ങൾക്കും ഒരുമിച്ചിരിക്കണമെന്ന് ആവശ്യമുന്നയിച്ച് ഇടതു കൗണ്സിലർമാർ ബഹളം ആരംഭിക്കുകയായിരുന്നു.പത്തുവർഷത്തെ ഇടതുഭരണകാലത്തെ ധവളപത്രം ഇറക്കാനിരിക്കുകയായിരുന്നു യുഡിഎഫ് ഭരണസമിതി. ഇതിനിടെയാണു കൈ യാങ്കളിയുണ്ടായത്. കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗണ്സിലർമാരെ പിന്നീട് വിട്ടയച്ചു.
Kerala
കോഴിക്കോട്: നടക്കാവില് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള് തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്ദനത്തില് പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കം. വാങ്ങി നല്കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില് നിന്നിറങ്ങാന് ജീവനക്കാര് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില് ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില് ബോധരഹിതനായ യുവാവിനെ ആംബുലന്സില് കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
National
ന്യൂഡൽഹി: എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിന് നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു.
സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു.
Kerala
വയനാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചെന്നും അതിനാൽ അദ്ദേഹത്തിന് കോൺഗ്രസിൽ സ്ഥാനമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുൽ പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്.
ആരോപണം വന്നപ്പോൾ തന്നെ പാര്ട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്വർണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. ഇത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും.
ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്ത് വരണം. സിപിഎം ഇതിന് മറുപടി പറയണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
എച്ച് മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര് വ്യക്തമാക്കി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമെന്നും കളക്ടർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്ഡിനാണ്.
ബോര്ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള് പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.