ടിനി ടോം, അൻസിബ ഹസൻ
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് ഇന്നലെ ടിനി ടോമിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്‍സിബയുടെയും 'അമ്മ' സംഘടന മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും നീന കുറുപ്പിന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബിഎന്‍എസ് 173 (5) പ്രകാരമാണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
Tags : Ansiba Tiny Tom questioned police case