കിച്ചു പങ്കുവച്ച വീഡിയോയിൽ നിന്നും
കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സന്ദർശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുധിയുടെ മകൻ കിച്ചു. രേണുവിനെ കാണാൻ കിച്ചു ചെന്നില്ലെന്നും നന്ദിയില്ലാത്തവനാണ് കിച്ചു എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇതിന് മറുപടിയുമായി കിച്ചു എത്തിയത്.
രേണുവിന്റെ സബ്സ്ക്രിപ്ഷൻ വീഡിയോകൾ കണ്ടപ്പോൾ തനിക്ക് ഏറെ ദുഃഖം തോന്നിയെന്നും രേണുവിന്റെ മകൻ റിഥപ്പനെ ഇതൊക്കെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു എന്നും കിച്ചു പറയുന്നു. എന്നാൽ അതിന് മറുപടിയായി രേണു പറഞ്ഞത് താൻ തെറ്റൊന്നും ചെയ്യുന്നില്ല, നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്നതാണെന്നും അതുകൊണ്ടാണ് രേണു എന്ന അധ്യായം താൻ അവസാനിപ്പിച്ചതെന്നും കിച്ചു വെളിപ്പെടുത്തുന്നു.
‘‘എനിക്കെതിരെ ഒരു വീഡിയോ വന്നു. ‘അങ്ങനെ ഞാൻ അമ്മയെ കാണാൻ പോകാൻ തീരുമാനിച്ചു, വിഷമമുള്ളവരുടെ വിഷമം മാറട്ടെ’ എന്ന് ഞാൻ പറഞ്ഞത് എടുത്ത് വച്ചിട്ട് ചിലർ വീഡിയോ ചെയ്യുന്നുണ്ട്.
ഒരു വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്: ‘എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു; വല്ലാത്തൊരു വിഷമം തന്നെയാണിത്. നാട്ടുകാർ നിരന്തരം പറഞ്ഞും കമന്റുകളിൽ വന്ന് കുറ്റപ്പെടുത്തിയുമാണ് ഒടുവിൽ കിച്ചുവിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്. ആ വിഷമങ്ങളൊക്കെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ കിച്ചു, ഞാൻ ഒരു കാര്യം ചോദിക്കട്ടെ? നിനക്ക് പോകണമെന്ന് തോന്നുകയാണെങ്കിൽ സ്വന്തമായി തീരുമാനമെടുത്ത് പോകാം. അല്ലാതെ ഹേറ്റേഴ്സിന്റെ വാക്കുകളോ കമന്റുകളിലെ കുറ്റപ്പെടുത്തലുകളോ കേട്ട് പോകേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ മനസ്സിൽ ഒരു ഇത്തിരി സ്നേഹമുണ്ടെങ്കിൽ നമുക്ക് നേരിട്ട് പോയി കാണാം. അതിലപ്പുറം മറ്റുള്ളവർ നിർബന്ധിച്ചിട്ടോ പറഞ്ഞിട്ടോ പോയി കാണുന്നതിൽ ഒരു അർത്ഥവുമില്ല കിച്ചു, അതിൽ യാതൊരു അർഥവുമില്ല.’’
ചിലരൊക്കെ എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സ്വന്തം അമ്മയുടെ വില എന്താണെന്ന് എനിക്കറിയില്ലെന്നാണ് പലരും പറയുന്നത്. ശരിയാണ്, അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല.
എനിക്ക് രണ്ട് വയസുള്ളപ്പോൾ എന്റെ സ്വന്തം അമ്മ എന്നെ ഇട്ടുപോയതാണ്. അതുകൊണ്ട് 'അമ്മയുടെ വില' എന്താണെന്ന് എനിക്കറിയില്ലായിരിക്കാം. എന്റെ ജീവിതകഥ മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണ്. പിന്നെ എന്റെ ഇപ്പോഴുള്ള 'അമ്മ' ചെയ്ത ഒരു സാധനം ഞാൻ കാണിച്ചു തരാം കേട്ടോ.
രേണുവിന്റെ സബ്സ്ക്രിപ്ഷൻ വിഡിയോകളിൽ ചിലത് കാണിച്ചുകൊണ്ട് കിച്ചു പറഞ്ഞതിങ്ങനെ, ഇതൊക്കെ നിങ്ങൾ പറയുന്ന ഈ എടുത്തു വളർത്തിയ മകൻ കണ്ട സാധനങ്ങളാണ്. മനസിലായോ. ഇത് കണ്ടിട്ട് ഞാൻ മെസേജ് ഇട്ടു, ‘ഇത് കണ്ടുകഴിഞ്ഞാൽ റിഥപ്പന്റെ അവസ്ഥ എന്തായിരിക്കും, റിഥപ്പന്റെ കൂടെ പഠിക്കുന്ന കുട്ടികൾ എന്ത് പറയും’. ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അവന്റെ കൂടെപ്പഠിക്കുന്നവരും മറ്റും ഇതൊക്കെ കാണുമ്പോൾ അവൻ എങ്ങനെ അതിനെ നേരിടും എന്ന വിഷമം എനിക്കുണ്ടായിരുന്നു
ഞാൻ ഈ കാര്യം അമ്മയോട് മെസേജ് അയച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, അമ്മ എനിക്ക് തന്ന മറുപടി, ‘ഞാൻ ചെയ്യുന്നതിൽ എനിക്ക് മോശമായിട്ടൊന്നും തോന്നിയിട്ടില്ല, എനിക്ക് അതിൽ നിന്ന് രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട്.’ എന്നാണ്.
ഞാൻ മറുപടി ഒന്നും കൊടുക്കാൻ പോയില്ല പക്ഷേ ഞാൻ ആ അദ്ധ്യായം അവിടെവച്ച് അവസാനിപ്പിച്ചു.ബ്രോ പറഞ്ഞതുപോലെ അമ്മയുടെ വില എനിക്ക് അറിയിലായിരിക്കും പക്ഷേ സ്നേഹത്തിന്റെ വില അറിയാം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കത് പറയണമെന്ന് തോന്നി.
കഴിഞ്ഞ ദിവസം ഞാൻ കോട്ടയത്ത് പോയി റിഥപ്പനെ നേരിൽ കണ്ടിരുന്നു. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ അവനെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അമ്മയെ നേരിൽ കാണാൻ പറ്റിയില്ല, ആശുപത്രിയിലാണെന്നാണ് അറിഞ്ഞത്. അവിടെ പോയാലും കാണാൻ സാധിക്കില്ലെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് ചെയ്യാൻ സാധിക്കുന്നത് പ്രാർഥിക്കുക മാത്രമാണ്. അതേ എനിക്കും നിങ്ങൾക്കും കഴിയൂ. അമ്മയുടെ അസുഖം എത്രയും വേഗം മാറട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ’’ കിച്ചു പറഞ്ഞു.
രേണുവിന് താൻ അയച്ച മെസേജും അതിന് ലഭിച്ച മറുപടിയും കിച്ചു സ്ക്രീൻഷോട്ട് സഹിതം പുറത്തുവിട്ടു.
ചാറ്റിൽ കിച്ചു പറഞ്ഞത് ഇങ്ങനെ
"ഹലോ, ഞാൻ ഒരു കാര്യം പറയാനാണ് ഇപ്പോൾ മെസ്സേജ് അയച്ചത്. ഞാൻ ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ ഇന്നലെ ഒരു വീഡിയോ കണ്ടിട്ട് എനിക്ക് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. ബിഗ് ബോസ് പോലുള്ള വലിയൊരു ടിവി ഷോയിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെയൊക്കെയാണോ കാണിക്കേണ്ടത്? അത്രയും ഷോകളും പ്രൊമോഷനുകളും ഒക്കെ ലഭിക്കുന്നുണ്ടല്ലോ, അന്തസായി ജീവിക്കാൻ വേണ്ടി അങ്ങനെ ജീവിച്ചുകൂടെ? നല്ല ഫെയിം ഉള്ള ആളല്ലേ, പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്?
റിതപ്പനെ ഓർത്തെങ്കിലും ഇതൊക്കെ ഒന്ന് നിർത്താമോ? ഇങ്ങനെയല്ലാതെയും ജീവിക്കാമല്ലോ. നല്ല പ്രശസ്തിയുള്ള സ്ഥിതിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കാണിക്കാതിരിക്കൂ. അത്രയ്ക്ക് വിഷമം വന്നിട്ടാണ് ഞാൻ ഇത് പറയുന്നത്. ഇതുവരെ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പ്ലീസ്...
റിതപ്പനെയും ഇതൊക്കെ ബാധിക്കില്ലേ? അവനും ഈ ഫോണൊക്കെ ഉപയോഗിക്കുന്നതല്ലേ. അവന്റെ കൂട്ടുകാരൊക്കെ ഇതൊക്കെ എങ്ങനെ എടുക്കുമെന്ന് അറിയാമല്ലോ, അതൊക്കെ ഒന്ന് മനസിലാക്കൂ."
ഈ മെസേജിന് രേണു നൽകിയ മറുപടി ഇതായിരുന്നു. "അതിൽ ഞാൻ ലൈവ് ആണ് പോയത്... എന്റെ ചുണ്ട് പൊട്ടിയിരിക്കുന്ന കാര്യമാണ് സംസാരിച്ചത്, അല്ലാതെ വൃത്തികേടായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല. എനിക്ക് അതിൽ നിന്ന് രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട്.
Tags : kichu sudhi renu sudhi cancer