Movies
തന്റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
രേണുവിന്റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.
കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.
‘‘എന്റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.
ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.
NRI
ലണ്ടൻ: കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം സമാഹരിക്കുന്നതിനായി യുകെയിലെ ലിവർപൂളിൽ നിന്നുള്ള മലയാളി യുവാവ് അനീഷ് 300 മൈൽ (ഏകദേശം 482 കിലോമീറ്റർ) കാൽനടയാത്ര പൂർത്തിയാക്കുന്നു.
കാൻസർ റിസേർച്ച് യുകെയ്ക്ക് ഫണ്ട് സ്വരൂപിക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
യാത്രയുടെ വിശദാംശങ്ങൾ
ലിവർപൂളിലെ അനീഷ് മേയ് 30ന് ആരംഭിച്ച കാൽനടയാത്ര ഡൺജെനെസ്സ് ബീച്ചിൽ (Dungeness Beach) നിന്ന് ആരംഭിച്ച് വല്ലാസി ന്യൂ ബ്രൈറ്റൺ (Wallasey New Brighton) വരെ നീളുന്നു.
കാൻസർ രോഗികൾക്കായി സഹായം സമാഹരിക്കാനുള്ള ദീർഘദൂര ചലഞ്ചാണ് ഇത്.
ജീവകാരുണ്യത്തിന്റെ തുടക്കം
അനീഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം തന്റെ മകളുടെ ഒന്നാം പിറന്നാളോടനുബന്ധിച്ചായിരുന്നു. ആ സമയത്ത് വിലകൂടിയ സമ്മാനങ്ങൾക്ക് പകരം, ക്ലാറ്റർബ്രിഡ്ജ് കാൻസർ സെന്ററിലേക്ക് ഫണ്ട് സംഭാവന ചെയ്യാൻ അദ്ദേഹം കുടുംബത്തോടൊപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും അഭ്യർഥിച്ചു.
വലിയ പ്രതികരണം
ചെറിയൊരു ആശയമായി തുടങ്ങിയ ഈ സംരംഭം വലിയ വിജയമായി മാറി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റു സുഹൃത്തുക്കളും തങ്ങളുടെ കുട്ടികളുടെ പിറന്നാളുകളിൽ സമാന രീതിയിൽ ഫണ്ട് ശേഖരണം നടത്താൻ തുടങ്ങി.
ഇത് അനീഷിനും കുടുംബത്തിനും വലിയ പ്രോത്സാഹനമായി.
പ്രചോദനവും ലക്ഷ്യവും
മുൻപരിചയം ഇല്ലാതിരുന്നിട്ടും കാൻസർ രോഗികളെ സഹായിക്കണമെന്ന ശക്തമായ ആഗ്രഹമാണ് അനീഷിനെ ഈ ദീർഘദൂര യാത്രയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ ചെറിയ ശ്രമം പോലും മറ്റുള്ളവർക്ക് വലിയ പ്രതീക്ഷ നൽകുമെന്ന് അദ്ദേഹം പറയുന്നു.
ഒരു ചെറിയ സഹായം പോലും ഗുരുതര രോഗത്തോട് പൊരുതുന്ന അനേകം ജീവിതങ്ങൾക്ക് ആശ്വാസമാകും എന്ന് അനീഷ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പിന്തുണ
അനീഷിന്റെ ഈ കാരുണ്യപ്രവർത്തനത്തിന് യുകെയിലെ മലയാളി സമൂഹത്തിൽ നിന്ന് വലിയ പിന്തുണയും അഭിനന്ദനങ്ങളും ലഭിക്കുന്നു.
വ്യക്തിഗത ചലഞ്ചുകൾ വഴി കാൻസർ ചികിത്സയ്ക്കും ഗവേഷണത്തിനും ഫണ്ട് കണ്ടെത്തുന്നത് കൂടുതൽ ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്.
Kerala
കൊച്ചി: ജീവിതവഴികളിൽ കണ്ടുമുട്ടിയ നൂറുകണക്കിന് അർബുദരോഗികളുടെ സങ്കടങ്ങൾ ജോജോ മനയംപിള്ളിയും വർഷങ്ങൾക്കുമുന്പേ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ, ദുഃഖം പങ്കിടുന്നതിൽ അദ്ദേഹം അലിവിന്റെ അധ്യായം അവസാനിപ്പിച്ചില്ല. സമാനമായ വേദനകൾ അഭിമുഖീകരിക്കേണ്ടിവരുന്നവർക്ക് ആശ്വാസം പകരാൻ എന്തു ചെയ്യാനാകുമെന്ന് സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഉത്തരം കണ്ടെത്തി; അതാണ് ആത്മജീവൻ.
അർബുദത്തെക്കുറിച്ച് സമൂഹത്തിൽ അവബോധ-പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായ ആത്മജീവൻ ട്രസ്റ്റിന് 16ന് വയസ്. ആലുവ കപ്രശേരി സ്വദേശിയായ ജോജോയുടെ നേതൃത്വത്തിൽ മെഡിക്കൽ രംഗത്തുള്ള ഏതാനും സുഹൃത്തുക്കൾക്കുമൊപ്പം ആരംഭിച്ച ആത്മജീവൻ ഇന്നോളം ആശ്വാസമായത് ആയിരക്കണക്കിനു രോഗികൾക്കാണ്.
35 വർഷമായി വിശ്വാസ പരിശീലന രംഗത്തുള്ള ജോജോ, കാൻസർ ബോധവത്കരണ ക്ലാസുകൾ നടത്തിയാണ് ആത്മജീവന്റെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്.
കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനൊപ്പം ഏതാനും ആത്മസുഹൃത്തുകളും ഒപ്പം ചേർന്നു. 2010 മുതൽ പ്രമുഖ കാൻസർ ചികിത്സാവിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ ബോധവത്കരണ ക്ലാസുകൾ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു. ഏതാനും വർഷങ്ങളായി ഡോ. ഗംഗാധരന്റെ ഭാര്യയും ഓങ്കോളജിസ്റ്റുമായ ഡോ. ചിത്രധാര ഗംഗാധരനാണ് ക്ലാസുകൾ നയിക്കുന്നത്.
സ്ത്രീകളിൽ വർധിച്ചുവരുന്ന സ്തനാർബുദത്തെക്കുറിച്ച് അവബോധവും പരിശോധനകളും എത്തിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആത്മജീവൻ നടപ്പാക്കുന്നുണ്ട്. ഐ ബ്രസ്റ്റ് എക്സാം ഉൾപ്പടെയുള്ള പരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്ന മെഡിക്കൽ ക്യാന്പുകൾ അനേകർക്ക് ആശ്വാസമായി.
നൂതനമായ സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ചു റേഡിയേഷനോ വേദനയോ ഇല്ലാതെ സ്തനാർബുദ പരിശോധനയ്ക്ക് ആത്മജീവൻ അവസരമൊരുക്കുന്നുണ്ട്. ഇതിനായി സുമനസുകളുടെ സഹായത്തോടെ ലക്ഷങ്ങൾ ചെലവ് വരുന്ന ഐ ബ്രസ്റ്റ് സ്കാനർ വാങ്ങി.
നൂറുകണക്കിനു സ്ത്രീകൾക്കാണ് ഇത്തരം ക്യാന്പുകളിലൂടെ അർബുദത്തിന്റെ പ്രാരംഭ സൂചനകൾ മനസിലാക്കാനും തുടർചികിത്സയിലൂടെ രോഗമുക്തി നേടാനുമായതെന്ന് ജോജോ പറയുന്നു.
ഒരു മെഡിക്കൽ ക്യാമ്പിലൂടെ ഒരു അമ്മയെങ്കിലും അർബുദത്തിൽനിന്നു രക്ഷപ്പെടണമെന്ന പ്രാർഥനയും പ്രതീക്ഷയുമാണ് തങ്ങളെ നയിക്കുന്നതെന്നും 2024 മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി ഇത്തരം ക്യാന്പുകൾ നടത്തുന്നുണ്ടെന്നും ജോജോ വ്യക്തമാക്കി.
Kerala
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ ക്രൗണ്‍ പ്ലാസയില്‍ ആഗോള കാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനം സംഘടിപ്പിക്കും.
അത്യാധുനികചികിത്സാരീതികള് ചര്‍ച്ച ചെയ്യുന്നതിനാണ് സമ്മേളനമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Kerala
പരവൂർ: വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളിൽ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് . ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അപ്പുറം മനുഷ്യന്റെ ആന്തരിക അവയവങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം ഹെഡ് ഫോണുകളിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, നാഡിവ്യൂഹത്തിന്റെ വളർച്ച തടയുന്ന പദാർഥങ്ങൾ, പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ എന്നിവയുടെ അംശം കണ്ടെത്തി എന്നാണ് റിപ്പോർട്ട്.
പരിശോധിച്ച 98 ശതമാനം ഉത്പന്നങ്ങളിലും പ്ലാസ്റ്റിക്കിന് വഴക്കവും ദൃഢതയും നൽകാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ - എ , ബിസ്ഫെനോൾ - എസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഹോർമോൺ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നവയാണ്.
ഇതുവഴി പുരുഷന്മാരിൽ സ്തന വളർച്ചയ്ക്കും സ്ത്രീകളിൽ വന്ധ്യതയ്ക്കും കാരണമായേക്കാം എന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. കുട്ടികളിൽ ഇത് വളരെ നേരത്തേയുള്ള ആർത്തവ അവസ്ഥയിലേക്കും മറ്റ് ശാരീരിക മാറ്റങ്ങളിലേക്കും നയിക്കുമെന്നും കണ്ടെത്തലിൽ വ്യക്തമാക്കുന്നു.
ഹെഡ്ഫോണുകൾ ഉപയോഗിക്കുമ്പോൾ അവയിലെ കൃഷ്യനുകളും പ്ലാസ്റ്റിക് ഭാഗങ്ങളും മനുഷ്യന്റെ ചർമവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്.
ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിയർപ്പും ചൂടും ഈ രാസവസ്തുക്കളെ കൂടുതൽ വേഗത്തിൽ പുറത്തേക്ക് വിടാൻ കാരണമാകുന്നു. ചെവിയിലെ മൃദുവായ ചർമങ്ങളിലൂടെ വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെട്ട് രക്തചംക്രമണ വ്യവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
തോലിപ്പുറത്തുള്ള അലർജിക്കും സാധ്യത വളരെ കൂടുതലാണ്. വൃക്കയെയും കരളിനെയും മാരകമായി ബാധിക്കുന്ന ക്ലോറിനേറ്റഡ് പാരഫിനുകളും ഹെഡ്ഫോണുകളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവ ദീർഘകാല അടിസ്ഥാനത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പ്രമുഖ ബ്രാൻഡുകൾ പോലും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുതതിയതായാണ് പഠനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളത്. ഇതരം വസ്തുക്കൾ നിർമാണത്തിന് ഉപയോഗിക്കുന്നതിന് സുരക്ഷിതമായ അളവ് അധികൃതർ നിർദേശിച്ചിട്ടുമില്ല.
ശരീരത്തിലെ സ്വാഭാവികമായ രാസപ്രക്രിയകളെ തകിടം മറിക്കാൻ ഈ കെമിക്കലുകളുടെ ചെറിയ സാന്നിധ്യം മാത്രം മതിയാകും. മനുഷ്യരിൽ വർധിച്ച് വരുന്ന ടൈപ്പ് - രണ്ട് പ്രമേഹം, അമിത വണ്ണം, വിവിധ കാൻസറുകൾ എന്നിവയ്ക്ക് ഇത്തരം കൃത്രിമ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം വലിയ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയും വിവിധ ഗവേഷണ ഏജൻസികളും നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹെഡ് ഫോണുകൾ മനുഷ്യന്റെ തലയോടും തലച്ചോറിനോടും അത്രമേൽ അടുത്തിരിക്കുന്നതിനാൽ ഇതിന്റെ ഗൗരവം ഇരട്ടിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഹെഡ് ഫോണുകൾ തെരഞ്ഞെടുക്കുന്പോൾ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള സാമഗ്രികൾ ഏതൊക്കെയെന്ന് കൃത്യമായി പരിശോധിക്കണം. ബിപിഎ ഫ്രീ അല്ലങ്കിൽ ടോക്സിൻ ഫ്രീ സർട്ടിഫിക്കേഷനുകൾ ഉള്ളവ തെരഞ്ഞെടുക്കണം എന്നാണ് നിർദേശം. ഹെഡ് ഫോണുകൾ ധരിച്ചുള്ള ഉറക്കവും കർശനമായി ഒഴിവാക്കണം. കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവരുടെ കോശങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ ഈ രാസവസ്തുക്കളെ ആഗിരണം ചെയ്യാൻ സാധ്യതയുണ്ടെന്നും ഗവേഷകരുടെ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
Health
നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ
പുക
കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.
മദ്യപാനം
അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.
Movies
24-ാം വയസിൽ കാൻസർ സ്ഥിരീകരിച്ചെന്നും പിന്നീട് അതുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഭാവിയിലെ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയില്ലെന്ന് മംമ്ത പറയുന്നു.
ചികിത്സയുടെ ഭാഗമായുള്ള ട്രാൻസ്പ്ലാന്റ് നടപടികൾക്ക് മുൻപ് അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്നും ട്രാൻസ്പ്ലാന്റ് പൂർത്തിയായതിന് ശേഷം താനാണ് അണ്ഡം ശീതികരിക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിച്ചതെന്നും മംമ്ത വെളിപ്പെടുത്തി.
''എനിക്ക് കാൻസർ ആണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണ്. 27-28 വയസിലാണ് ട്രാൻസ്പ്ലാന്റ് ചെയ്യുന്നത്. എന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടർമാർക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ അതിനെപ്പറ്റി പോയി ചോദിക്കുന്നത്.
അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങൾ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തൻ ന്യായമാണ്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാൻ ആണ്. അന്നൊക്കെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഞാൻ അവരെ കുറ്റം പറയുന്നില്ല, പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നത്.
അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കൾ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആൾക്കാർക്ക് സിംപതിയാണ്. അത് രോഗിക്ക് ടോക്സിക്കാണ്.
പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും.
അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കൊണ്ടും കരയുന്നത് കൊണ്ടും ഫൈറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.
ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലൈറ്റ് ആക്കുക. അത് രോഗിയെ ഒരുപാട് സഹായിക്കും. കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക.
ജീവിത ശൈലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. കാൻസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിത ശൈലിയായിരുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാൻസർ വന്നു.’’ മംമ്ത മോഹൻദാസ് പറയുന്നു.
Health
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതു പ്രധാനമാണ്.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ കാൻസർ കേന്ദ്രങ്ങളിൽ 12.8% വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ.
മനുഷ്യമനസിൽ ഭീതി പടർത്തുന്ന കാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്ന ആളുകളുള്ള ഈ സമൂഹത്തിൽ കാൻസറിനെയും അതിന്റെ ചികിത്സാ രീതികളെയും പറ്റി അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ അർബുദം നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗങ്ങൾ ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ, രോഗപ്രതിരോധം, എന്നിവയിലൂടെ കാൻസറിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.
രോഗ ലക്ഷണങ്ങൾ
ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും സ്തനങ്ങളിലും കക്ഷങ്ങളിലും ഉണ്ടാകുന്ന തടിപ്പുകൾ അവഗണിക്കരുത്. എന്നാൽ എല്ലാ മുഴകളും കാൻസർ ലക്ഷണം അല്ലെന്നും ഓർക്കുക.
അസാധാരണമായ രക്തസ്രാവം- കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം പോയാൽ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കണം. മലം കറുത്ത നിറത്തിൽ പോയാലും വൈദ്യോപദേശം തേടണം.
അസാധാരമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും സ്തനങ്ങളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ.
ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക, ചാർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടു നിൽക്കുന്ന ചുമ, ഛർദി, പനി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ഏതു രോഗവും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. ആരംഭത്തിൽ ചികിത്സിച്ചാൽ കാൻസർ പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.
കാൻസറിന് സമാനമായ ലക്ഷണത്തോടു കൂടി മറ്റു രോഗങ്ങളും ഉണ്ട്. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുകയാണെങ്കിൽ കാൻസർ രോഗത്തെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും സാധിക്കും.
Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവൽക്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നു.
കാൻസറിന്റെ തരം, ഘട്ടം...
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് രോഗാവസ്ഥയും മരണനിരക്കും വ്യത്യാസപ്പെടുന്നു.
സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്. അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നേരത്തേ കണ്ടെത്തിയാൽ...
നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്. ഘട്ടം 1 ൽ കാൻസർ കണ്ടെത്തുമ്പോൾ, പൂർണമായ വീണ്ടെടുക്കലിനുള്ള ഉയർന്ന സാധ്യതയും കുറഞ്ഞ പാർശ്വഫലങ്ങളുമാണുള്ളത്.
ഇതിനു വിപരീതമായി, വികസിത-ഘട്ട കാൻസർ (ഘട്ടം 4) പലപ്പോഴും മെറ്റാസ്റ്റാസിസ് (വ്യാപനം) ഉൾക്കൊള്ളുന്നു. ഇതു ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും മൊത്തത്തിലുള്ള അതിജീവന നിരക്ക് കുറയുകയും ചെയ്യുന്നു.
നേരത്തെയുള്ള കണ്ടുപിടിത്തം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്,
ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.
"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.
ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.
അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .
എന്താണ് കാൻസർ?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
-ശരീരത്തില്‍ കാണുന്ന മുഴകള്‍
-ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക
-വിഴുങ്ങുവാനുള്ള വിഷമം
-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
-മലശോധനസംബന്ധമായ തകരാറുകള്‍
-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.
-കാരണമൊന്നുമില്ലാതെ നീണ്ടുനില്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
District News
പാലാ: ലോക കാന്സര്ദിനത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും രാമപുരം മാര്‍ ആഗസ്തീനോസ് കോളജും ചേര്‍ന്ന് ബോധവത്കരണ സന്ദേശവുമായി വാക്കത്തണ്‍ സംഘടിപ്പിക്കും. നാളെ രാവിലെ 7.45ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന വാക്കത്തണ്‍ എട്ട് കിലോമീറ്റര്‍ പിന്നിട്ട് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാര്‍ വാക്കത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്യും.
പൊതുജനങ്ങള്‍ക്കായുള്ള കാന്‍സര്‍ അവബോധന ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മുത്തോലി ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസിന്റെ നേതൃത്വത്തില്‍ വാക്കത്തണിനു സ്വീകരണം നൽകും. വാക്കത്തണ്‍ 10.30ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ എഐ മാമോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നിര്‍വഹിക്കും. ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിക്കും.
വാക്കത്തണ്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഡോ. ഷൈനി, ഗീതാഞ്ജലി എന്നിവര്‍ നയിക്കുന്ന വാംഅപ്പ് സൂംബയും ക്രമീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബൈ യുണീക് എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ദിന സന്ദേശം. മധ്യകേരളത്തില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സ ഒരുക്കുന്ന സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാകേന്ദ്രമാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. രാമപുരം കോളജിലെ 200ല്‍പരം വിദ്യാര്‍ഥികളാണ് വാക്കത്തണില്‍ ബോധവത്കരണ സന്ദേശവുമായി പങ്കെടുക്കുക.
പത്രസമ്മേളനത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് കൊച്ചുപറമ്പില്‍, മാര്‍ സ്ലീവാ മെഡിസിറ്റി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോഫിന്‍ കെ. ജോണി, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് ആര്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കാൻസർ അതിജീവന നിരക്ക് റിക്കാർഡ്ൽ.
കാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കയിലെ അഞ്ച് വർഷത്തെ കാൻസർ അതിജീവന നിരക്ക് ഇപ്പോൾ 70 ശതമാനമാണ്. 1970കളുടെ പകുതിയിൽ 50 ശതമാനം മാത്രമായിരുന്നു. ലിവർ കാൻസർ അതിജീവന നിരക്ക് 1990കളിലെ ഏഴ് ശതമാനത്തിൽ നിന്നും 2023ൽ 22 ശതമാനമായി വർധിച്ചു.
ലംഗ് കാൻസർ അതിജീവന നിരക്ക് 15 ശതമാനത്തിൽ നിന്നും 28 ശതമാനമായും , മൈലോമ അതിജീവന നിരക്ക് 32 ശതമാനത്തിൽ നിന്നും 62 ശതമാനമായുംഉയർന്നു.
ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന കാൻസറുകളുടെ അതിജീവന നിരക്ക് 1990കളിലെ 17 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർധിച്ചിട്ടുണ്ട്.
1991ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കാൻസർ മരണനിരക്ക് ഇതുവരെ 34ശതമാനമായി കുറഞ്ഞു. പുരുഷന്മാരിലെ ലംഗ് കാൻസർ മരണനിരക്ക് 1990ന് ശേഷം 62 ശതമാനമായി കുറഞ്ഞു. സ്ത്രീകളിലെ ബ്രെസ്റ്റ് കാൻസർ മരണനിരക്ക് 1989നും 2023നും ഇടയിൽ 44 ശതമാനമായി കുറഞ്ഞു.
മരണനിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2026ൽ ഏകദേശം 21 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.
പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് കാൻൻസറുമാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് കാൻസർ, ഓറൽ കാവിറ്റി കാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.
നേരത്തെയുള്ള രോഗനിർണയം , ഇമ്മ്യൂണോതെറാപ്പി , ടാർഗെറ്റഡ് തെറാപ്പി, ആധുനിക സർജറി രീതികൾ എന്നിവ അതിജീവന നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
കാൻസർ ഒരു മരണശിക്ഷ എന്നതിലുപരി ചികിത്സിച്ചു മാറ്റാവുന്ന ഒരു വിട്ടുമാറാത്ത രോഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളി (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദിൽ നടന്നു.
ഡോ. അവിനാഷ് ശർമ, ഡോ. സൈയാദാ ഷാൻ, സിസ്റ്റർ എസ്. ഭിന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന സെക്രട്ടറി സജി എബ്രഹാം, ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തു. ഈ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിലും മാമോഗ്രാഫി മെഗാ ഹെൽത്ത് ക്യാമ്പിലും ഏകദേശം നൂറോളം ആളുകൾ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും ഞായറാഴ്ച10 മുതൽ 3.30 വരെ സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളിയിൽ (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദ് നടത്തപ്പെടുന്നു.
ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ,ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, സിസ്റ്റർ ബീന, റവ.ഫാ. യാക്കൂബ് ബേബി (മർത് മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് ), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീനാ ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും.
സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തുന്നു.