കൊച്ചി: ജീവിതവഴികളിൽ കണ്ടുമുട്ടിയ നൂറുകണക്കിന് അർബുദരോഗികളുടെ സങ്കടങ്ങൾ ജോജോ മനയംപിള്ളിയും വർഷങ്ങൾക്കുമുന്പേ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ, ദുഃഖം പങ്കിടുന്നതിൽ അദ്ദേഹം അലിവിന്റെ അധ്യായം അവസാനിപ്പിച്ചില്ല. സമാനമായ വേദനകൾ അഭിമുഖീകരിക്കേണ്ടിവരുന്നവർക്ക് ആശ്വാസം പകരാൻ എന്തു ചെയ്യാനാകുമെന്ന് സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഉത്തരം കണ്ടെത്തി; അതാണ് ആത്മജീവൻ.
അർബുദത്തെക്കുറിച്ച് സമൂഹത്തിൽ അവബോധ-പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായ ആത്മജീവൻ ട്രസ്റ്റിന് 16ന് വയസ്. ആലുവ കപ്രശേരി സ്വദേശിയായ ജോജോയുടെ നേതൃത്വത്തിൽ മെഡിക്കൽ രംഗത്തുള്ള ഏതാനും സുഹൃത്തുക്കൾക്കുമൊപ്പം ആരംഭിച്ച ആത്മജീവൻ ഇന്നോളം ആശ്വാസമായത് ആയിരക്കണക്കിനു രോഗികൾക്കാണ്.
35 വർഷമായി വിശ്വാസ പരിശീലന രംഗത്തുള്ള ജോജോ, കാൻസർ ബോധവത്കരണ ക്ലാസുകൾ നടത്തിയാണ് ആത്മജീവന്റെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്.
കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനൊപ്പം ഏതാനും ആത്മസുഹൃത്തുകളും ഒപ്പം ചേർന്നു. 2010 മുതൽ പ്രമുഖ കാൻസർ ചികിത്സാവിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ ബോധവത്കരണ ക്ലാസുകൾ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു. ഏതാനും വർഷങ്ങളായി ഡോ. ഗംഗാധരന്റെ ഭാര്യയും ഓങ്കോളജിസ്റ്റുമായ ഡോ. ചിത്രധാര ഗംഗാധരനാണ് ക്ലാസുകൾ നയിക്കുന്നത്.
സ്ത്രീകളിൽ വർധിച്ചുവരുന്ന സ്തനാർബുദത്തെക്കുറിച്ച് അവബോധവും പരിശോധനകളും എത്തിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആത്മജീവൻ നടപ്പാക്കുന്നുണ്ട്. ഐ ബ്രസ്റ്റ് എക്സാം ഉൾപ്പടെയുള്ള പരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്ന മെഡിക്കൽ ക്യാന്പുകൾ അനേകർക്ക് ആശ്വാസമായി.
നൂതനമായ സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ചു റേഡിയേഷനോ വേദനയോ ഇല്ലാതെ സ്തനാർബുദ പരിശോധനയ്ക്ക് ആത്മജീവൻ അവസരമൊരുക്കുന്നുണ്ട്. ഇതിനായി സുമനസുകളുടെ സഹായത്തോടെ ലക്ഷങ്ങൾ ചെലവ് വരുന്ന ഐ ബ്രസ്റ്റ് സ്കാനർ വാങ്ങി.
നൂറുകണക്കിനു സ്ത്രീകൾക്കാണ് ഇത്തരം ക്യാന്പുകളിലൂടെ അർബുദത്തിന്റെ പ്രാരംഭ സൂചനകൾ മനസിലാക്കാനും തുടർചികിത്സയിലൂടെ രോഗമുക്തി നേടാനുമായതെന്ന് ജോജോ പറയുന്നു.
ഒരു മെഡിക്കൽ ക്യാമ്പിലൂടെ ഒരു അമ്മയെങ്കിലും അർബുദത്തിൽനിന്നു രക്ഷപ്പെടണമെന്ന പ്രാർഥനയും പ്രതീക്ഷയുമാണ് തങ്ങളെ നയിക്കുന്നതെന്നും 2024 മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി ഇത്തരം ക്യാന്പുകൾ നടത്തുന്നുണ്ടെന്നും ജോജോ വ്യക്തമാക്കി.
Tags : cancer efeated spiritual life