ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. ആറു കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും ആദ്യ കീമോ കഴിഞ്ഞതിനു പിന്നാലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനുശേഷം സർജറിക്കും പദ്ധതിയിട്ടിട്ടുണ്ട്.
‘‘ഇനി കോട്ടയം മെഡിക്കൽ കോളജ് ആണ് എന്റെ തറവാട്. ഇവിടെയാണ് എന്റെ ചികിത്സ. എത്ര വർഷം മുന്നോട്ടുപോകുമെന്ന് അറിയില്ല. എനിക്കു വേണ്ടി പ്രാർഥിച്ചില്ലെങ്കിലും റിഥപ്പന്റെ അമ്മയ്ക്കു വേണ്ടി പ്രാർഥിക്കുക. എന്നോട് ശത്രുതയുള്ളവർ ഉണ്ടാകും, ഞാനായിട്ട് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല
കീമോയ്ക്കു ശേഷം എന്നെ പുറത്തുനിർത്തിയിരുന്നു. ചേച്ചിയോടും ചേട്ടാപ്പിയോടുമാണ് എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർ സംസാരിച്ചത്. അവർ അതൊന്നും എന്നോടു പറഞ്ഞില്ല. ചിലപ്പോൾ സീരിയസ് ആയ കാര്യങ്ങളാകും.
ഇവിടെ വീട്ടിൽ വന്നപ്പോഴും എന്റെ റൂമിൽ ഇരുത്തി കതകടച്ച് അകത്ത് ഇരുത്തിയിട്ടാണ് വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞത്. ഞാൻ അറിഞ്ഞത് വച്ച് എന്റെ അവസ്ഥ കുറച്ച് സീരിയസ് ആണ്. എല്ലാവരും പ്രാര്‍ഥിക്കണം.
മരുന്നിന് തന്നെ ലക്ഷങ്ങളാകും. അതൊന്നും ഞാൻ കരുതിയിട്ടില്ല, കുറച്ച് പരിപാടികൾ മുടങ്ങിപ്പോയിരുന്നു. പിരിവിനു വേണ്ടി പറയുന്നതല്ല. ചാനൽ പിന്തുണയ്ക്കണം. വിഡിയോയ്ക്ക് നല്ല വ്യൂസ് ഉണ്ടാകണം. എന്നാലേ മരുന്നൊക്കെ മേടിക്കാൻ സാധിക്കൂ.
ബിഗ് ബോസിലെ ആളുകളൊക്കെ വിളിക്കുന്നുണ്ട്. ഞാനിങ്ങനെ ഇരിക്കുന്നുവെന്നെ ഒള്ളൂ. എവിടെ നിന്നോ കിട്ടിയ ധൈര്യമാണിത്. പണ്ടേ ഞാൻ ഇങ്ങനെയാണ്. മനക്കരുത്ത് ഉണ്ട്, ബാക്കിയുള്ളത് ദൈവത്തിന്റെ കൈയിലാണ്.’’രേണുവിന്റെ വാക്കുകൾ.
കോട്ടയം മെഡിക്കല്‍ കോളജില്‍ പിഐസിസി ലൈന്‍ ചികിത്സയാണ് രേണു തേടുന്നത്. കീമോതെറാപ്പിയുടെ വേദന താങ്ങാൻ പറ്റാത്തവർക്ക് PICC ലൈൻ ആശ്വാസമാണ്. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റർ സ്ഥാപിച്ച് മരുന്നുകൾ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ് പിഐസിസി ലൈൻ. ആവർത്തിച്ചുള്ള സൂചികുത്തലുകൾ ഒഴിവാക്കാനും ദീർഘകാല ചികിത്സ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും ഇതിലൂടെ കഴിയും.
രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു നേരത്തെ വിഡിയോയിലൂടെ പറഞ്ഞിരുന്നു.
Tags : Renu Sudhi cancer