പ്രമുഖ തെലുങ്ക് സംവിധായകനായ കെ. രാഘവേന്ദ്ര റാവുവിന്റെ സ്ത്രീകളോടുള്ള സമീപനത്തിൽ വിമർശനം കുടുക്കുന്നു. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനായി അവിടെയെത്തിയ രാഘവേന്ദ്ര നായികമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറി എന്നാണ് ആരോപണം.
അനുവാദമില്ലാതെ അവരുടെ ദേഹത്ത് സ്പർശിച്ചു എന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
വെങ്കിടേഷ്, നന്ദമൂരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് സംഭവം.
ഹൈദരാബാദിൽ വെച്ചുനടന്ന ചടങ്ങിൽ ആദ്യ ക്ളാപ്പ് അടിക്കുന്നതിനായി വിശിഷ്ടാതിഥിയായാണ് മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചത്.
ക്ളാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ കാമറയ്ക്ക് മുന്നിൽ നിർത്തുന്നതിനിടയിലാണ് സംഭവം. പ്രചരിക്കുന്ന വീഡിയോയിൽ നടി കീർത്തി സുരേഷിന്റെ കൈയിൽ രാഘവേന്ദ്ര റാവു ബലമായി പിടിച്ചു മുന്നോട്ട് വലിക്കുന്നത് കാണാം.
തുടർന്ന് തൊട്ടടുത്തുനിന്ന കൃതി ഷെട്ടിയുടെ കൈയിലും ഇദ്ദേഹം പിടിച്ചുവലിച്ച് മാറ്റുന്നുണ്ട്. ഇതോടൊപ്പം ചിത്രത്തിലെ നായകന്മാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ സംവിധായകൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ സംവിധായകനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
മുൻപ് നടി നിഹാരിക കൊണിഡേലയോടും രാഘവേന്ദ്ര റാവു സമാനമായ രീതിയിൽ പെരുമാറിയ സംഭവം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനം കടുപ്പിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ മുൻ സിനിമകളിലെ പാട്ടുകളിൽ നായികമാരുടെ വയറിലേക്ക് പഴങ്ങളും പൂക്കളും എറിഞ്ഞ് അവരെ ഒബ്ജെക്ടിഫൈ ചെയ്യുന്ന ഇദ്ദേഹത്തിന്റെ ശൈലിയും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.
അതേസമയം, രാഘവേന്ദ്ര റാവുവിനെ പിന്തുണച്ചും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കാമറ ഫ്രെയിം കൃത്യമാക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം അഭിനേതാക്കളെ മാറ്റിനിർത്തിയതെന്നും ഇവർ വാദിക്കുന്നുണ്ട്. വിവാദങ്ങളോട് കീർത്തി സുരേഷോ കൃതി ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : keerthi suresh kriti shetty k raghavendra rao