District News
അടൂർ: റോഡരികില്‍ വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുന് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ ബിവ്റേജസ് ജീവനക്കാരനെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടുകോട് കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ ആദര്‍ശ് (19) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ബിവ്റേജസ് പൂട്ടിയ ശേഷം പുറത്തിറങ്ങിയ അംഗവൈകല്യമുള്ള ജീവനക്കാരനായ വിമേഷി(39)നോട് ഇയാൾ മദ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞെന്നും മദ്യം നൽകാൻ കഴിയില്ലെന്നും മറുപടി നൽകിയ വിമേഷിനെ ആദർശ് മർദിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിമേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവ്റേജസ് ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐ അസീം, സിവില്‍ പോലീസുകാരായ ജെസീം, ജിജു , വിഷ്ണു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആദർശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു.
Kerala
പന്തളം: സ്ത്രീകളെ ക്രൂരമായി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുളനട മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രഞ്ജിത്ത് (41) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ്ആക്രമണമെന്നു പറയുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പോലീസ് സാഹസികമായാണ് പിടികൂടിയത്. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്എച്ച്ഒ ടി. ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ യു. വി. വിഷ്ണു, എഎസ് ഐ വൈ. ജയന് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
കൊച്ചി: പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ ആണ് അറസ്റ്റിലായത്.
ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെൺകുട്ടിയും അഞ്ച് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പോലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
പുറത്തുപോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടുമെന്നും ക്രൂരമായി മർദിക്കുമെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വിവാഹമോചിതയാണ്. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകി.