വാഷിംഗ്ടൺ: ദക്ഷിണ ഫ്ലോറിഡയിൽ ലിയർജെറ്റ് 60 വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് 'മേയ്ഡേ' സന്ദേശം നൽകിയത് 20-കാരിയായ സഹപൈലറ്റ് നതാലിയ ഗദേല ഫിൽഗ്വെയ്റസ്. അപകടത്തിന് മുമ്പ് സഹായത്തിനായി നതാലിയ നിലവിളിക്കുന്നതിന്റെ എയർ ട്രാഫിക് കൺട്രോൾ ശബ്ദരേഖ പുറത്തുവന്നു.
വിമാനത്തിന്റെ ചിറകുകളിൽ മഞ്ഞ് അടിഞ്ഞുകൂടി കട്ടപിടിക്കുന്നതായി നതാലിയ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസായിരുന്നു. അന്തരീക്ഷവായുവിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് വിമാനം 700 അടി ഉയരത്തിൽവച്ച് കടുത്ത ഇളക്കം നേരിട്ടു. പിന്നാലെയാണ് 'മേയ്ഡേ, മേയ്ഡേ' എന്ന് വിളിച്ച് നതാലിയ സഹായം തേടിയത്.
വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച നതാലിയ, പിന്നീട് മിനിറ്റിൽ 20,000 അടി വേഗത്തിലാണ് വിമാനം താഴുന്നതെന്നും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ നിലത്തേക്ക് ഇടിച്ചിറങ്ങാൻ പോവുകയാണ്' എന്നതായിരുന്നു അവസാന സന്ദേശം. എഡിഎസ്-ബി എക്സ്ചേഞ്ചിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു മിനിറ്റിനുള്ളിൽ 27,000 അടി താഴ്ചയിലേക്ക് വിമാനം പതിച്ചതായി കണ്ടെത്തി.
2023-ൽ വെസ്റ്റ് ബോക റാറ്റൺ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ പഠിക്കുമ്പോൾ, അന്ന് 17-കാരിയായിരുന്ന നതാലിയ പൈലറ്റ് ലൈസൻസ് നേടി മാധ്യമങ്ങളിൽ ഇടംനേടിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പുതന്നെ സ്വകാര്യ വിമാനം പറത്താനുള്ള ലൈസൻസ് സ്വന്തമാക്കിയ നതാലിയ, മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായിരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ പരിശീലനം ആരംഭിച്ച നതാലിയക്ക് പിതാവിന്റെയും പിന്തുണയുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പത് മാസമായി പൈലറ്റായി ജോലിചെയ്തുവരികയായിരുന്നുവെന്ന് നതലിയയുടെ അമ്മ കാമില ഗദേല കോർട്ടെലെറ്റി പറഞ്ഞു. എങ്കിലും വിമാനത്തിന്റെ കമാൻഡ് ഏറ്റെടുക്കാനുള്ള അധികാരം നതാലിയയ്ക്കുണ്ടായിരുന്നില്ലെന്നും കാമില വ്യക്തമാക്കി. 1,300 മണിക്കൂറോളം പ്രവൃത്തിപരിചയമുണ്ടായിരുന്ന നതാലിയ, അപകടത്തിന് പത്ത് മിനിറ്റ് മുമ്പ് സുഹൃത്തിന് സന്ദേശമയക്കുകയും വിമാനത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതിനെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഇതിനോടകം അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ ദമ്പതികളും നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.