ലണ്ടൻ: അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നുമുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ പങ്കെടുത്ത ഒമ്പതാമത് അയർക്കുന്നം - മറ്റക്കര സംഗമം വർണാഭമായി സമാപിച്ചു.
ചെൽട്ടൺഹാമിലെ ഷുർഡിംഗ്ടൺ കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്. പ്രോഗ്രാം കോഓർഡിനേറ്റർ ടെൽസ്മോൻ തടത്തിൽ ആലപിച്ച മതേതരത്വത്തിന്റെ സന്ദേശം പകർന്ന പ്രാർത്ഥനാ ഗാനത്തോടെയാണ് സംഗമത്തിന് തുടക്കമായത്.
പ്രസിഡന്റ് സി.എ. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സെക്രട്ടറി ബെൻസിലാൽ ചെറിയാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരവാഹികൾ ചേർന്ന് ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിത്ര ടെൽസ്മോൻ, ട്രഷറർ തോമസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫെലിക്സ് ജോൺ, മുൻ പ്രസിഡന്റ് മേഴ്സി ബിജു എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഫ്ലോറൻസ് ഫെലിക്സ്, റാണി ജോജി, ടെൽസ്മോൻ തടത്തിൽ, മേഴ്സി ബിജു, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ, പുരുഷന്മാരും വനിതകളും പങ്കെടുത്ത വടംവലി മത്സരം എന്നിവ സംഗമത്തിന് ആവേശം പകർന്നു.
ആദ്യമായി സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾ സ്വയം പരിചയപ്പെടുത്തി. എല്ലാ കുടുംബാംഗങ്ങളും പരസ്പരം സൗഹൃദങ്ങൾ പുതുക്കിയും അനുഭവങ്ങൾ പങ്കുവച്ചും വിവിധ പരിപാടികളിൽ പങ്കാളികളായും സംഗമത്തെ കൂടുതൽ അർഥവത്താക്കി.