ന്യൂഡൽഹി: ആരുമറിയാതെ പുലർച്ചെ അങ്കിത് ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് ഇന്ത്യ ഗേറ്റിനു സമീപത്തുനിന്നു കസ്റ്റഡിയിൽ എടുത്തതിനെതിരേ രാഹുൽ ഗാന്ധി. കഴിഞ്ഞ രാത്രി ഇവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതു മറ്റൊരു സമരമുഖമാകുമോയെന്നു ഭയന്നാകണം സർക്കാർ ഇന്നു പുലർച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതെന്നു കരുതുന്നു. ഇതിനെതിരേ രാഹുൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. പോസ്റ്റ് ഇങ്ങനെ:
പുലർച്ചെ നാലിന്, ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തായിരുന്നു അവരുടെ കുറ്റം? അവർ ഇന്ത്യാ ഗേറ്റിനു സമീപം ശാന്തമായി ഇരിക്കുകയായിരുന്നു. വലിയൊരു ദുഃഖഭാരവുമായി, യാതൊരു ബഹളവുമുണ്ടാക്കാതെ; സിബിഐ അന്വേഷണം പൂർത്തിയാകുന്നതു വരെ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കരുതെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്.
ഇന്നലെ ഞാൻ ഈ മാതാപിതാക്കളെ കണ്ടു. അന്വേഷണ ഫലം വരുന്നതിന് മുമ്പേ തിടുക്കത്തിൽ നിയമനം നടന്നു; ചോദ്യങ്ങൾ ഉന്നയിച്ച മാതാപിതാക്കളെ പാതിരാത്രിയിൽ എടുത്തു കൊണ്ടുപോവുകയും ചെയ്തു. ഇതാണ് ഈ സർക്കാരിന്റെ മുഖമുദ്ര: ഇരകളുടെ ശബ്ദത്തെ അടിച്ചമർത്തുക, ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുക.
എന്നാൽ, നീതിക്കായുള്ള പോരാട്ടം അടിച്ചമർത്തപ്പെടുകയില്ല, അതു നിലയ്ക്കുകയുമില്ല.
അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിനൊപ്പം കോൺഗ്രസ് നിലകൊള്ളുന്നു; അവർക്കു നീതി ലഭിക്കുന്നത് വരെ ആ പിന്തുണ തുടരുകയും ചെയ്യും.- രാഹുൽ കുറിച്ചു.
ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന 19 വയസുകാരിയുടെ മാതാപിതാക്കൾക്കു പിന്തുണയുമായി ഇന്നലെ രാത്രിയാണ് ഇന്ത്യ ഗേറ്റിന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിയത്. മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണഅ അങ്കിത കൊല്ലപ്പെട്ടത്. കേസിൽ ഉൾപ്പെട്ടെന്ന വിഐപിയെന്ന് ആരോപണ വിധേയനായ ദുഷ്യന്ത് ഗൗതമിനെ ഇപ്പോൾ സിക്കിം ഗവർണറായി നിയമിച്ചതിന് എതിരെയാണ് ഇപ്പോൾ അവർ ഇന്ത്യാ ഗേറ്റിനു മുന്നിൽ സമരവുമായി എത്തിയിരിക്കുന്നത്.
2022 സെപ്റ്റംബർ 18നാണ് ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള വനാന്തര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19കാരിയായ അങ്കിത കൊലചെയ്യപ്പെട്ടത്. തുടർന്ന് നാലു ദിവസത്തിനുശേഷമാണ് അങ്കിതയുടെ മൃതദേഹം ചില്ല കനാലിൽനിന്നു കണ്ടെടുത്തത്. റിസോർട്ട് ഉടമയും മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യയും മറ്റുരണ്ട് കൂട്ടാളികളും ചേർന്നാണു കൊലപാതകം നടത്തിയത്.
കൊലപാതകം, ലൈംഗിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതികൾക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കൊലപാതകത്തിൽ ഒരു ‘വിഐപി’ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ സിക്കിം ഗവർണറായി നിയമിതനാകുന്ന ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേര് ഉയർന്നുവന്നിരുന്നു. എങ്കിലും ആരോപണങ്ങൾ ഗൗതം പൂർണമായി നിഷേധിക്കുകയും മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.