മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ ഗാനമായ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്നും അതിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകി.
കർണാടകയിലെ മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിലാണ് ബിജെപി നേതാക്കളായ വികാസ് കെ. രാജ്ഗോപാൽ പരാതി സമർപ്പിച്ചത്. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകൾ ചുമത്തി സോണിയാ ഗാന്ധിക്കെതിരെ എഫ്ഐആർ. രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
സംഭവത്തിൽ കേസ് എടുക്കുന്നതിന് മുൻപായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട് എന്നാൽ, സോണിയാ ഗാന്ധി വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, അസുഖബാധിതനായി ഏറെ നേരം നിൽക്കാൻ ബുദ്ധിമുട്ടിയ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ക്രമീകരിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.