കൊച്ചി: സംസ്ഥാനത്തു പിന്നാക്ക വിഭാഗക്കാരുടെ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായ സര്വേനടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി.
സാമൂഹിക സാമ്പത്തിക ജാതി സര്‍വേ സംബന്ധിച്ചാണു പിന്നാക്ക വിഭാഗ വികസന സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് സമര്‍പ്പിച്ച കോടതിലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്. പിന്നാക്ക വിഭാഗ വികസന ഡയറക്ടര്‍ ഡി.രഞ്ജിത് കോടതിയില്‍ നേരിട്ടു ഹാജരായി.
ജാതിസര്‍വേ നടത്തുന്നതിനോ പിന്നാക്കവിഭാഗ പട്ടിക പുതുക്കുന്നതിനോ ഡയറക്ടര്‍ ക്കു സ്വതന്ത്രമായ അധികാരമില്ലെന്നും വകുപ്പ് സെക്രട്ടറിയും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി സത്യവാങ്മൂലവും ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് വകുപ്പ് സെക്രട്ടറിയെ കക്ഷി ചേര്‍ത്താണു സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
തെലുങ്കാന സര്‍ക്കാര്‍ വീടുവീടാന്തരം നടത്തുന്ന സമഗ്ര ജാതി സര്‍വേക്കായി പുറപ്പെടുവിച്ച ഉത്തരവ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പരിശോധിക്കണമെന്നും കേരളത്തിലും സമാനമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടോയെന്നതു പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും നവംബര്‍ അഞ്ചിനു പരിഗണിക്കാന്‍ മാറ്റി.