വാരണാസി: പിതാവിന് മര്‍ദ്ദനമേറ്റതില്‍ പ്രകോപിതരായി രണ്ട് പെണ്‍കുട്ടികള്‍ റോഡരികിലെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. വാരണാസിയിലാണ് സംഭവം
നവംബർ നാലിന് നവരാത്രി ദിനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പെണ്‍കുട്ടികളുടെ പിതാവിന് ക്രൂരമര്ദ്ദനമേല്ക്കുകയായിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിൽ പ്രകോപിതരായ പെൺകുട്ടികൾ സ്കൂട്ടറിലെത്തി കട അടിച്ചുതകർക്കുകയായിരുന്നു. യുവതികളില്‍ ഒരാള്‍ ഹോട്ടല്‍ പരിസരം മൊബൈലില്‍ പകര്‍ത്തുന്നതും, പെട്ടെന്ന് മറ്റേ യുവതി ഹോട്ടലിലേക്ക് പാഞ്ഞെത്തി മാവ് നിറച്ച പാത്രം മറിച്ചിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജീവനക്കാരന്റെ മേല്‍ വെള്ളം ഒഴിച്ച് 'കട അടച്ചുപൂട്ടൂ' എന്ന് ആക്രോശിച്ചുകൊണ്ട് അവര്‍ പാത്രങ്ങളും സാധനങ്ങളും അടിച്ചുതകര്‍ത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം അന്വേഷണം നടത്തിവരികയാണ്.