തിരുവനന്തപുരം: തിരുവനന്തപുരത്ത് എഡിജിപി ഓഫീസിലുണ്ടായ തേനീച്ച ആക്രമണത്തിൽ നാല് പോലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. പേരൂർക്കട എസ്എപി ക്യാമ്പിന് അടുത്തുള്ള എഡിജിപി ക്രമസമാധാന വിഭാഗത്തിന്റെ ഓഫീസിലാണ് സംഭവം.
ഓഫീസിന് മുന്നിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ഉൾപ്പെടെയാണ് പരിക്കേറ്റത്. ഓഫീസിന് മുകളിൽ കെട്ടിടത്തിന്റെ പുറംചുവരിലുണ്ടായിരുന്ന തേനീച്ച കൂട്ടിൽ നിന്നാണ് ആക്രമണമുണ്ടായത്.
നേരത്തെ ഈ തേനീച്ച കൂട് നീക്കം ചെയ്തിരുന്നു. എന്നാൽ വീണ്ടും തേനീച്ചകൾ ഇവിടെ തന്നെ കൂടുണ്ടാക്കി. ചൊവ്വാഴ്ച വൈകിട്ട് കൂടിളകി വന്ന തേനീച്ചകൾ പോലീസുകാരെയും ഓഫീസിന് മുന്നിലൂടെ പോയ സ്ത്രീ അടക്കമുള്ളവരെയും ആക്രമിക്കുകയായിരുന്നു.
തേനീച്ച ആക്രമണത്തിന് പിന്നാലെ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വ്യക്തതയില്ല.