Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharathiraja

ഭാ​ര​തി​രാ​ജ... ഭാ​ര​തീ​യ സി​നി​മ​ക​ളു​ടെ രാ​ജാ​വ്

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യെ പ്ര​ത്യേ​കി​ച്ച് ത​മി​ഴ് സി​നി​മ​യെ സ്റ്റു​ഡി​യോ​ക​ളു​ടെ കൃ​ത്രി​മ​ത്വം നി​റ​ഞ്ഞ നാ​ലു​ചു​വ​രു​ക​ളി​ൽ നി​ന്നും ഗ്രാ​മീ​ണ​ത​യു​ടെ മ​ണ്ണി​ലേ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും ഇ​റ​ക്കി​ക്കൊ​ണ്ടു​വ​ന്ന് ത​മി​ഴ്ക​ത്ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ വെ​ള്ളി​ത്തി​ര​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഭാ​ര​തി​രാ​ജ.

സ്റ്റു​ഡി​യോ സെ​റ്റു​ക​ളു​ടെ ഫ്രെ​യി​മു​ക​ൾ മാ​ത്രം കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്തി​രു​ന്ന ത​മി​ഴ് സി​നി​മ​യെ ഭാ​ര​തി​രാ​ജ ഔ​ട്ട്ഡോ​ർ ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് പ​റി​ച്ചു ന​ട്ടു. പ​ച്ച​യാ​യ മ​നു​ഷ്യ​ർ, ഗ്രാ​മീ​ണ ഭാ​ഷാ​ശൈ​ലി, നാ​ട്ടു​വി​ശ്വാ​സ​ങ്ങ​ൾ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളു​ടെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​ങ്ങ​ളാ​യി.

ത​മി​ഴ്നാ​ടി​ന്‍റെ ഗ്രാ​മ ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഭാ​ര​തീ​രാ​ജ ത​ന്‍റെ കാ​മ​റ തി​രി​ച്ചു വ​ച്ച​ത്. അ​പ്പോ​ൾ അ​തി​ൽ പ​തി​ഞ്ഞ​ത് ത​മി​ഴ് സി​നി​മ അ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത, എ​ന്നാ​ൽ അ​വ​ർ​ക്ക് ചി​ര​പ​രി​ചി​ത​മാ​യ, ത​മി​ഴ്നാ​ടി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് പു​തു​മ​യു​ള്ള കാ​ഴ്ച​യു​ടെ വ​സ​ന്ത​മാ​യി​രു​ന്നു.

ചു​വ​ന്ന മ​ണ്ണും, പ​ച്ച​നി​റ​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളും, മ​ഴ​യും, അ​രു​വി​ക​ളും, ത​മി​ഴ്നാ​ട് ഗ്രാ​മ​ത്തി​ന്‍റെ ഭം​ഗി​യു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളു​ടെ ഫ്രെ​യി​മു​ക​ളി​ൽ നി​റ​ഞ്ഞു. പു​തി​യ ലൊ​ക്കേ​ഷ​നു​ക​ൾ കാ​മ​റാ​മാ​ൻ​മാ​ർ​ക്കും ത​ങ്ങ​ളു​ടെ മി​ക​വ് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി.

ഭം​ഗി​യു​ള്ള വി​ഷ്വ​ലു​ക​ളും ശ​ക്ത​മാ​യ ക​ഥ​യും ഭാ​ര​തി രാ​ജ​യു​ടെ സി​നി​മ​ക​ൾ​ക്ക് ത​മി​ഴ​ക​ത്ത് മാ​ത്ര​മ​ല്ല ഇ​ന്ത്യ​യൊ​ട്ടാ​കെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​ക്കൊ​ടു​ത്തു. ത​മി​ഴ് സി​നി​മ​ക​ളി​ൽ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ത്ര​യും പ​വ​ർ​ഫു​ൾ ആ​യി വ​ന്നി​ട്ടു​ള്ള​ത് ഭാ​ര​തീ രാ​ജ​യു​ടെ സി​നി​മ​ക​ളി​ലാ​യി​രു​ന്നു.

നാ​യ​ക​ന്‍റെ വെ​റും നി​ഴ​ലാ​യി നി​ൽ​ക്കേ​ണ്ട​വ​ള​ല്ല നാ​യി​ക എ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ചു വി​ശ്വ​സി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും നാ​യ​ക​നു മു​ക​ളി​ൽ​നി​ന്നു എ​ന്നു പ​റ​യാം.

കൃ​ത്യ​മാ​യി വോ​യി​സ് ഉ​ള്ള നി​ല​പാ​ടു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വ്യ​വ​സ്ഥി​തി​ക​ളോ​ടും ച​ട്ട​ക്കൂ​ടു​ക​ളോ​ടും പ്ര​തി​ക​രി​ക്കാ​ൻ ത​ന്റേ​ടം കാ​ണി​ക്കു​ന്ന സ്ത്രീ​ക​ളാ​യി​രു​ന്നു അ​ത്.

ഇ​തി​നെ​ല്ലാം പു​റ​മേ സം​ഗീ​ത​ത്തെ ത​ന്‍റെ സി​നി​മ​ക​ളി​ൽ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് വ്യ​ക്ത​മാ​യ ബോ​ധ​മു​ള്ള സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഭാ​ര​തീ രാ​ജ. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളു​ടെ ആ​ത്മാ​വാ​യി ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​തം കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ പാ​ർ​ട്ടി ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തു ഭാ​ഷ​ക്കാ​ർ​ക്കും പാ​ടി ന​ട​ക്കാ​ൻ ഒ​രു​പാ​ട് ന​ല്ല ഗാ​ന​ങ്ങ​ൾ കി​ട്ടി.

ത​ന്‍റെ സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം എ​ന്ന​തു​കൊ​ണ്ട് ത​ന്നെ താ​ര​ങ്ങ​ളെ​യോ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ​യോ അ​ല്ല ന​ല്ല അ​ഭി​നേ​താ​ക്ക​ളെ​യാ​ണ് ഭാ​ര​തീ രാ​ജ ത​ന്‍റെ സി​നി​മ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥി​രം അ​ഭി​നേ​താ​ക്ക​ളെ വി​ട്ട് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ധൈ​ര്യം കാ​ണി​ച്ചു. ആ ​ധൈ​ര്യ​ത്തി​ന്‍റെ മി​ക​വി​ൽ വെ​ള്ളി​ത്തി​ര​യി​ൽ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​വ​ർ പി​ന്നീ​ട് ത​മി​ഴ് ഫി​ലിം ഇ​ൻ​ഡ​സ്ട്രി ഭ​രി​ക്കു​ന്ന കാ​ഴ്ച​യും ത​മി​ഴ​കം ക​ണ്ടു.

ക​മ​ൽ ഹാ​സ​ൻ, ര​ജ​നീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രെ പു​തി​യ ഭാ​വ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നൊ​പ്പം ഭാ​ഗ്യ​രാ​ജ്, രാ​ധി​ക, കാ​ർ​ത്തി​ക്, രാ​ധ, രേ​വ​തി തു​ട​ങ്ങി തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക്ക്‌ വ​ലി​യൊ​രു താ​ര​നി​ര​യെ സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്.

16 വ​യ​തി​നി​ലേ എ​ന്ന സി​നി​മ​യി​ലൂ​ടെ ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച്, ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ അ​ദ്ദേ​ഹം പി​ടി​ച്ചു​പ​റ്റി.

മ​യി​ൽ എ​ന്ന ഒ​രു ഗ്രാ​മീ​ണ പെ​ൺ​കു​ട്ടി​യു​ടെ പ​തി​നാ​റാ​മ​ത്തെ വ​യ​സ്സി​ലെ മാ​ന​സി​കാ​വ​സ്ഥ​ക​ളും, അ​വ​ൾ നേ​രി​ടു​ന്ന പ്ര​ണ​യ​വും വ​ഞ്ച​ന​യു​മാ​ണ് ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​ത്.

ച​പ്പാ​നി എ​ന്ന നി​ഷ്ക​ള​ങ്ക​നാ​യി ക​മ​ൽ ഹാ​സ​നും, പ​ര​ട്ടൈ എ​ന്ന വി​ല്ല​നാ​യി ര​ജ​നീ​കാ​ന്തും, മ​യി​ലാ​യി ശ്രീ​ദേ​വി​യും വെ​ള്ളി​ത്തി​ര​യി​ൽ അ​ത്ഭു​ത​മാ​യി നി​റ​ഞ്ഞു.

നാ​ട​കീ​യ​ത വ​ല്ലാ​തെ നി​റ​ഞ്ഞ ത​മി​ഴ് സി​നി​മ​യു​ടെ ഡ്ര​മാ​റ്റി​ക് കാ​ല​ഘ​ട്ടം അ​വി​ടെ അ​വ​സാ​നി​ക്കു​ക​യും ത​മി​ഴി​ൽ റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ യു​ഗ​ത്തി​ന് ഇ​ത് ആ​രം​ഭം കു​റി​ക്കു​ക​യും ചെ​യ്തു.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​തി​വ്യ​വ​സ്ഥ​യ്ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ വി​ര​ൽ​ചൂ​ണ്ടി​യ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​കാ​വ്യ​മാ​യി​രു​ന്നു കി​ഴ​ക്കേ പോ​കും റെ​യി​ൽ എ​ന്ന സി​നി​മ.

റെ​യി​ൽ​വേ സ്റ്റേ​ഷ​നും തീ​വ​ണ്ടി​യും ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​യി വ​രു​ന്ന സി​നി​മ അ​തി​ന്‍റെ ടൈ​റ്റി​ലി​നോ​ട് ചേ​ർ​ന്നു​നി​ന്നു. പ്ര​ണ​യ​ത്തി​ന്‍റെ ഏ​റ്റ​വും തീ​വ്ര​മാ​യ ആ​വി​ഷ്കാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​സി​നി​മ.

എ​ന്നും ഒ​രേ പാ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഭാ​ര​തി രാ​ജ. സി​വ​പ്പു റോ​ജാ​ക്ക​ൾ എ​ന്ന സി​നി​മ അ​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ഗ്രാ​മീ​ണ സി​നി​മ കാ​ഴ്ച​ക​ളി​ൽ നി​ന്ന് മാ​റി സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള സി​നി​മ​യാ​യി​രു​ന്നു ഇ​ത്.

സ്ത്രീ​ക​ളെ വെ​റു​ക്കു​ന്ന, അ​വ​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു സൈ​ക്കോ​പാ​ത്തി​ന്‍റെ ചി​ത്രം. ക​മ​ൽ ഹാ​സ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്ന്. ഭാ​ര​തി​രാ​ജ​യ്ക്ക് ഗ്രാ​മീ​ണ പ്ര​ണ​യ​ക​ഥ​ക​ൾ മാ​ത്ര​മ​ല്ല, ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ത്രി​ല്ല​റു​ക​ളും വ​ഴ​ങ്ങു​മെ​ന്ന് ഈ ​ചി​ത്രം തെ​ളി​യി​ച്ചു.

ത​മി​ഴ് സി​നി​മ ച​ർ​ച്ച ചെ​യ്യാ​നും പ​റ​യാ​നും മ​ടി​ച്ച മ​ത​ത്തി​ന്‍റേ​യും ജാ​തി​യു​ടെ​യും വേ​ർ​തി​രി​വു​ക​ളും അ​തി​നി​ട​യി​ലെ പ്ര​ണ​യ​വും അ​വ​ത​രി​പ്പി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച അ​ലൈ​ക​ൾ ഓ​യ് വ​തി​ല്ലൈ ഇ​ന്നും ത​മി​ഴ് സി​നി​മ​യു​ടെ പാ​ഠ​പു​സ്ത​കം ആ​ണ്.

കാ​ർ​ത്തി​ക്, രാ​ധ എ​ന്നി​വ​രു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ക​ടു​ത്ത യാ​ഥാ​സ്ഥി​തി​ക സ​മൂ​ഹ​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ പ്ര​ണ​യി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് സി​നി​മ കാ​ണി​ച്ചു​ത​ന്ന​ത്. ക്ലൈ​മാ​ക്സി​ലെ വി​പ്ല​വാ​ത്മ​ക​മാ​യ തീ​രു​മാ​നം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

ഗ്രാ​മ​ത്തി​ലെ ആ​ചാ​ര​ങ്ങ​ളും നാ​ട്ടു​ക്കൂ​ട്ട​ത്തി​ന്റെ തീ​രു​മാ​ന​ങ്ങ​ളും എ​ങ്ങ​നെ വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന് വ്യ​ക്ത​മാ​യി കാ​ണി​ച്ചു ത​രു​ന്ന ഗ്രാ​മീ​ണ മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള മ​ൺ വാ​സ​നൈ ഭാ​ര​തി രാ​ജ​യു​ടെ മ​റ്റൊ​രു തു​റ​ന്നു പ​റ​ച്ചി​ലാ​യി.

ത​മി​ഴ്നാ​ട്ടി​ലെ ഗ്രാ​മീ​ണ സം​സ്കാ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തോ​ടൊ​പ്പം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന ആ​ചാ​ര​ങ്ങ​ളും അ​ഭി​മാ​ന പ്ര​ശ്ന​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും ഈ ​ചി​ത്രം ച​ർ​ച്ച ചെ​യ്തു. ഭാ​ര​തി​രാ​ജ​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ലെ മാ​സ്റ്റ​ർ​പീ​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ചി​ത്ര​മാ​ണ് മു​ത​ൽ മ​ര്യാ​ദൈ.

പ്രാ​യം ചെ​ന്ന ഒ​രു ഗ്രാ​മീ​ണ നാ​ട്ടു പ്ര​മാ​ണി​യും താ​ഴേ​ക്കി​ട​യി​ലു​ള്ള ഒ​രു തോ​ണി​ക്കാ​ര​ന്‍റെ മ​ക​ളും ത​മ്മി​ലു​ള്ള പ​വി​ത്ര​വും എ​ന്നാ​ൽ സ​മൂ​ഹം അം​ഗീ​ക​രി​ക്കാ​ത്ത​തു​മാ​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ.

ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഭാ​വ​ങ്ങ​ൾ ഭാ​ര​തി​രാ​ജ ഈ ​ചി​ത്ര​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. രാ​ധ​യാ​യി​രു​ന്നു തോ​ണി​ക്കാ​ര​ന്‍റെ മ​ക​ളു​ടെ വേ​ഷ​ത്തി​ൽ തി​ള​ങ്ങി​യ​ത്. സ​ദാ​ചാ​രം പോ​ലീ​സി​നെ കു​റി​ച്ച് ഭാ​ര​തീ രാ​ജ അ​ന്നേ പ​റ​ഞ്ഞു വ​ച്ചി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ നി​ല​നി​ന്നി​രു​ന്ന ജാ​തി വ്യ​വ​സ്ഥ​യു​ടെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് നെ​ഞ്ചു​വി​രി​ച്ച് ക​ട​ന്നു​ചെ​ന്ന് തെ​റ്റി​നെ തെ​റ്റെ​ന്ന് വി​ളി​ച്ചു പ​റ​യാ​ൻ ഭാ​ര​തീ രാ​ജ കാ​ണി​ച്ച ച​ങ്കൂ​റ്റ​ത്തി​ന്‍റെ തെ​ളി​വാ​ണ് വേ​ദം പു​തി​യ​ത് എ​ന്ന സി​നി​മ.

ജാ​തി​വ്യ​വ​സ്ഥ​യ്ക്കും ബ്രാ​ഹ്മ​ണ്യ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ച്ച ഒ​രു സാ​മൂ​ഹി​ക വി​മ​ർ​ശ​ന ചി​ത്രം. സ​ത്യ​രാ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു.

യു​ക്തി​ചി​ന്ത​യും മാ​ന​വി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഡ​യ​ലോ​ഗു​ക​ളും, ജാ​തി​യു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളും ചി​ത്ര​ത്തെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി.

ഇ​ത്ത​ര​ത്തി​ൽ ഏ​തു ചി​ത്ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ കൈ​മു​ദ്ര പ​തി​ഞ്ഞ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളാ​യി​രു​ന്നു. ത​മി​ഴ് സി​നി​മ​യെ വി​ണ്ണി​ൽ നി​ന്നും മ​ണ്ണി​ലേ​ക്ക് ഇ​റ​ക്കി കൊ​ണ്ടു​വ​ന്ന സം​വി​ധാ​യ​ക​ൻ. അ​മാ​നു​ഷി​ക​ർ​ക്ക് പ​ക​രം മ​നു​ഷ്യ​രെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​യ​ക​ൻ.

സ്ത്രീ ​അ​ബ​ല​യ​ല്ല എ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​റ​പ്പി​ച്ച സം​വി​ധാ​യ​ക​ൻ​സി​നി​മാ​റ്റി​ക് ആ​ഡം​ബ​ര​ങ്ങ​ളെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തി മ​നു​ഷ്യ​ത്വ​വും പ്ര​കൃ​തി​യും കാ​ണാ​നാ​യി സി​നി​മ​യു​ടെ ജാ​ല​ക​ങ്ങ​ൾ തു​റ​ന്നി​ട്ട സം​വി​ധാ​യ​ക​ൻ.

ശ​രി​ക്കും ഭാ​ര​തി​രാ​ജ ഭാ​ര​തീ​യ സി​നി​മ​ക​ളു​ടെ രാ​ജാ​വ് ത​ന്നെ​യാ​ണ്.

Latest News

Corehub Up