വർഷങ്ങളായി തുടർന്നുപോരുന്ന ഞായറാഴ്ചകളിലെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമിതാഭ് ബച്ചൻ വന്നത് പുതിയ സുരക്ഷാ ക്രമീകരണങ്ങളോടെ. പൂർണമായും സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എൻക്ലോസറിലാണ് താരം ആരാധകരെ കാണാൻ വസതിക്ക് പുറത്ത് എത്തിയത്.
മുംബൈയിലെ വസതി 'ജൽസ'യ്ക്ക് പുറത്താണ് തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ അഭിവാദ്യം ചെയ്യാൻ താരം വന്നത്.
സാധാരണയായി ഞായറാഴ്ചകളിൽ ആരാധകരെ വ്യക്തമായി കാണുന്നതിനായി വസതിക്ക് മുന്നിലെ ഉയരമുള്ള പ്രത്യേക പ്ലാറ്റ്ഫോമിൽ നിന്നാണ് താരം കൈവീശി കാണിക്കാറുള്ളത്. എന്നാൽ ഇത്തവണ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിലാണ് താരം നിലയുറപ്പിച്ചത്.
ബിഗ് ബിക്കൊപ്പം മകനും നടനുമായ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. പിതാവ് ആരാധകരെ കൈവീശി കാണിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അഭിഷേകും സമീപത്തുണ്ടായിരുന്നു. അതേസമയം, ഇത് മുംബൈ പൊലിസിന്റെ നിർദ്ദേശപ്രകാരമുള്ള നടപടിയാണോ അതോ താരത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.