അമിതാഭ് ബച്ചൻ
വർഷങ്ങളായി തുടർന്നുപോരുന്ന ഞായറാഴ്ചകളിലെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമിതാഭ് ബച്ചൻ വന്നത് പുതിയ സുരക്ഷാ ക്രമീകരണങ്ങളോടെ. പൂർണമായും സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എൻക്ലോസറിലാണ് താരം ആരാധകരെ കാണാൻ വസതിക്ക് പുറത്ത് എത്തിയത്.
മുംബൈയിലെ വസതി 'ജൽസ'യ്ക്ക് പുറത്താണ് തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ അഭിവാദ്യം ചെയ്യാൻ താരം വന്നത്.
സാധാരണയായി ഞായറാഴ്ചകളിൽ ആരാധകരെ വ്യക്തമായി കാണുന്നതിനായി വസതിക്ക് മുന്നിലെ ഉയരമുള്ള പ്രത്യേക പ്ലാറ്റ്ഫോമിൽ നിന്നാണ് താരം കൈവീശി കാണിക്കാറുള്ളത്. എന്നാൽ ഇത്തവണ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിലാണ് താരം നിലയുറപ്പിച്ചത്.
ബിഗ് ബിക്കൊപ്പം മകനും നടനുമായ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. പിതാവ് ആരാധകരെ കൈവീശി കാണിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അഭിഷേകും സമീപത്തുണ്ടായിരുന്നു. അതേസമയം, ഇത് മുംബൈ പൊലിസിന്റെ നിർദ്ദേശപ്രകാരമുള്ള നടപടിയാണോ അതോ താരത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Aww ? What's happening here ❓ #AmitabhBachchan greeting his fans today, by covering him inside a bullet proof glass ⚠️ https://t.co/MniCEp2WyO
— Always Bollywood (@AlwaysBollywood) November 1, 2026
കഴിഞ്ഞ ഒക്ടോബറിൽ അമിതാഭിന്റെ വസതി ഉൾപ്പെടെയുള്ള മുംബൈയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മുംബൈ പൊലിസും സുരക്ഷാ ഏജൻസികളും നടന്റെ വസതിക്ക് ചുറ്റും ജാഗ്രത ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടൻ ടൈഗർ ഷ്രോഫിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം ഉണ്ടായതും അക്രമികളുടെ ലക്ഷ്യത്തിൽ മറ്റ് പ്രമുഖ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും ബോളിവുഡ് ചലച്ചിത്ര ലോകത്ത് വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിഗ് ബി പ്രത്യേക മുൻകരുതൽ സ്വീകരിച്ചത്.
Tags : BigB Amithabh bachan Security Bulletproof CINEMA BOLLYWOOD