ന്യൂഡല്‍ഹി: ജനന-മരണ രജിസ്ട്രേഷന് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ ഒക്ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ രജിസ്ട്രേഷന് ഓഫ് ബര്‍ത്ത്സ് ആന്‍ഡ് ഡെത്ത്സ് (ഭേദഗതി) ബില്ലിനു കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ജനന-മരണങ്ങള് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണ് ഈ ഭേദഗതി.
പുതിയ നിയമപ്രകാരം, ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെ വൈകിയുള്ള രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അല്ലെങ്കില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടു വര്‍ഷത്തിനു ശേഷമുള്ള രജിസ്ട്രേഷനു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിര്‍ബന്ധമാക്കി.