Kerala
കൊച്ചി: ഷംഷാബാദ് ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ബിഷപ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ ഉരസിയെന്നു പറഞ്ഞായിരുന്നു ആക്രമണം.
പ്രതികൾ ബിഷപ് സഞ്ചരിച്ച കാറിന്റെ ഹെഡ് ലൈറ്റും പിന്നിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
National
ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിലാണ് സീറോ മലബാർ ബിഷപ്പുമാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ടേക്കും.
Kerala
വത്തിക്കാൻ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകള്‍ക്കായി യുകെയിലെ സഭാതല കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ഡോ. കുര്യാക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി.
നിയമന വാര്‍ത്തയുടെ പ്രസിദ്ധീകരണം റോമിലും തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നപ്പോള്‍ അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുപ്രധാനമായ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
പ്രഖ്യാപനത്തിനുശേഷം നിയുക്ത മെത്രാന്മാരെ കാതോലിക്കാ ബാവ വിരലില്‍ മോതിരം അണിയിച്ചു. നിയുക്ത മെത്രാന് മോണ്‍. ഡോ. കുര്യാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ സാമുവേല്‍ മോര് ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മോര് കൂറിലോസ് കുരിശുമാലയും അണിയിച്ചു.
നിയുക്ത മെത്രാന് മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനെ മാവേലിക്കര ഭദ്രാസന മുന്‍ അധ്യക്ഷന്‍ ജോഷ്വാ മോര് ഇഗ്നാത്തിയോസ് ഇടക്കെട്ടും ബത്തേരി ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മോര് തോമസ് കറുത്ത കുപ്പായവും പാറശാല ഭദ്രാസനാധ്യക്ഷന തോമസ് മോര് യൗസേബിയോസ് കുരിശുമാലയും അണിയിച്ചു.
വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആര്. ബൈജുവും, മദേഴ്സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നല്കി ആശംസകള്‍ അറിയിച്ചു. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
മോണ്‍. ഡോ. കുര്യാക്കോസ് തടത്തില്‍
കോട്ടയം ജില്ലയില്‍ അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാര്‍ച്ച് 27-ന് ജനിച്ച നിയുക്ത മെത്രാന് ബഹു. കുര്യാക്കോസ് തടത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ഇടവകാംഗമാണ്.
1987-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായാല്‍ തിരുവല്ല അതിഭദ്രാസന വൈദികനായി അഭിഷിക്തനായ കുര്യാക്കോസ് തടത്തില്‍ അച്ചന് 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ സഭാതല കോര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരുന്നു.
വൈദിക പരിശീലനം തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലും പ്രീഡിഗ്രി പഠനം ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജിലും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി. അജപാലന ശുശ്രൂഷയോടൊപ്പം തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നും ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടി.
റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. കേരളത്തില്‍ കാനം, നെടുമാവ്, ചുമന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവല്‍വണ്ടൂര്‍, ചെങ്ങരൂര്‍ എന്നീ ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചു.
2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട തടത്തില്‍ അച്ചന് 2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായും സേവനം നിര്‍വഹിച്ചു.
തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന് സെക്രട്ടറി, 2001 മുതല്‍ 2020 വരെ സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയും സ്തുത്യര്‍ഹമായ സേവന ശുശ്രൂഷ നിര്‍വഹിച്ച നിയുക്ത മെത്രാന് ആരാധനക്രമ ദൈവശാസ്ത്രത്തില്‍ പണ്ഡിതനും ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ അവഗാഹം ഉള്ള വ്യക്തിയുമാണ്.
ഇപ്പോള്‍ യുകെയിലെ കവന്ററി, പ്ളിമോത്ത് ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന നിയുക്ത മെത്രാന് മാത്തുക്കുട്ടി, സാബു എന്ന രണ്ടു സഹോദരന്മാരും മിനി എന്ന സഹോദരിയുമുണ്ട്.
മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കിഴക്കേത്തെരുവില്‍ കുറ്റിയില്‍ പരേതനായ രാജന്റെയും ഓമനയുടെ മകനായി 1982 മേയ് 30-ന് ജനിച്ച നിയുക്ത സഹായമെത്രാന്‍ ഡോ. ജോണ്‍ കുറ്റിയില്‍ അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായില്‍ നിന്നും 2008-ല്‍ പൗരോഹിത്യം സ്വീകരിച്ച് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ വൈദികനായി.
പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളില്‍ നടത്തി. വൈദിക പഠനം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലും പൂര്‍ത്തിയാക്കി. തദവസരത്തില്‍ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി.
കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിട്ടാണ് പ്രാഥമിക നിയമനം. തുടര്‍ന്ന് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാനിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 2015-ല്‍ മേജര്‍ അതിഭദ്രാസനത്തില്‍ തിരികെയെത്തിയ ബഹുമാനപ്പെട്ട കുറ്റിയില്‍ അച്ചന് ചാല, കരമന, പാറോട്ടുകോണം, പാളയം സമാധാന രാജ്ഞി ബസിലിക്കാ എന്നി ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അജപാലന സമിതി വൈദിക സെക്രട്ടറിയും ശുശ്രൂഷ ചെയ്തിട്ടുള്ള നിയുക്ത മെത്രാന് ഇപ്പോള്‍ മേജര്‍ അതിഭദ്രാസന ചാന്‍സലറായും സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണിസ് ആയും സേവനമനുഷ്ഠിച്ചു വരുന്നു.
തിരുവനന്തപുരം മേജര്‍ മലങ്കര സെമിനാരിയില്‍ സഭാനിയമ അധ്യാപകനായി ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട അച്ചന് ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. തിരുവനന്തപുരത്ത് മണ്ണന്തലയില്‍ വിശുദ്ധ ജോണ്‍ പോള്‍ മലങ്കര സുറിയാനി കത്തോലിക്ക ഇടവകയുടെയും ഉളിയാഴിത്തറ തിരുഹൃദയ ഇടവകയുടെയും വികാരിയായും മലങ്കര സഭയുടെ ദൈവവിളി കമ്മീഷന് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയോഗം.
പ്രഭാഷകനും ഗ്രന്ഥകാരനുമായ നിയുക്ത മെത്രാന് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവാകാംഗമാണ്. അധ്യാപകനായ രാജീവ് ഏക സഹോദരനാണ്.
Kerala
കാക്കനാട്: സീറോ മലബാർസഭയിൽ നാല് രൂപതകളെ അതിരൂപതകളായും നാല് ബിഷപ്പുമാരെ ആർച്ച്ബിഷപ്പുമാരായും നിയമിച്ചു.
ഫരീദാബാദ്, ഉജ്ജയ്ൻ, കല്യാൺ, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയർത്തിയത്. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയാണ് ആർച്ച്ബിഷപ്പുമാരാക്കിയത്.
മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഫരീദാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, ഉജ്ജയിൻ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി മാർ സെബാസ്റ്റ്യൻ വടക്കേലിനെ ചുമതലപ്പെടുത്തി. മാർ തോമസ് ഇലവനാലിന് പകരം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് കല്യാണിലെ പുതിയ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, മാർ പ്രിൻസ് ആന്റണി പാണങ്ങാടനാണ് ഷംഷാബാദ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്.
ബൽത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പാട്ടശേരിയിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കൂടാതെ, കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിർത്തി പുനർ നിർണയിക്കുകയും ചെയ്തു.
സീറോമലബാർ സഭാകേന്ദ്രത്തിൽ ഓഗസ്റ്റ് 18ന് ആരംഭിച്ച 33-ാം മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ മെത്രാന്മാരെയും രൂപതകളുടെ അതിർത്തിത്തി പുനർനിർണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
പന്ത്രണ്ട് എപ്പാർക്കികളുടെ (ആദിലാബാദ്, ബിജ്നോർ, ചന്ദ, ഗോരഖ്പൂർ, കല്യാൺ, ജഗ്ദൽപൂർ, രാജ്കോട്ട്, സാഗർ, സത്ന, ഷംഷാബാദ്, ഉജ്ജയിൻ, ഹോസൂർ) അതിർത്തികൾ പുനഃസംഘടിപ്പിച്ചു.
മുൻപ് ഷംഷാബാദ് എപ്പാർക്കിയുടെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മറ്റ് പതിനൊന്ന് എപ്പാർക്കികൾക്ക് പുനർവിതരണം ചെയ്തു. തൃശൂർ അതിരൂപതയുടെ സഫ്രഗൻ എപ്പാർക്കിയായി ഹോസൂർ എപ്പാർക്കിയെ പുതിയതായി ഉൾപ്പെടുത്തി. സിനഡ് തീരുമാനങ്ങൾക്കൾക്ക് വത്തിക്കാൻ അംഗീകാരം നൽകുകയും ചെയ്തു.