ന്യൂഡൽഹി: എഫ്സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി. ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്.
എല്ലാ പാർലമെന്റ് അംഗങ്ങൾക്കു നിവേദനം നൽകി. ബില്ല് നാളെ ലോക്സഭയിൽ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്നാണ് സിബിസിഐ നിലപാട്.
ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി.