റിക്കാർഡുകളുടെ പൊൻതിളക്കവുമായി കറുത്ത പൊന്നിന്റെ പ്രയാണം തുടരുന്നു. രാജ്യാന്തര വിപണിയിൽ വെളിച്ചെണ്ണ ചൂടു പിടിച്ചു. ആഭ്യന്തരതലത്തിൽ ഈ ചൂട് പ്രതിഫലിക്കുമോ? ടയർ ലോബി മസിൽ ഉരുട്ടി റബർ വിപണിയെ ഭീതിയിലാക്കി.
ആഭ്യന്തര തലത്തിൽ കുരുമുളകിന്റെ ലഭ്യതക്കുറവ് വിപണിയുടെ കുതിച്ചുചാട്ടത്തിന് വേഗം പകർന്നു. കനത്ത തോതിൽ ചരക്ക് ആവശ്യമുള്ള വ്യവസായികൾ ലഭ്യമാകുന്ന എല്ലാ മാർഗങ്ങളും ആരായുന്നുണ്ട്. അവരുടെ സജീവ സാന്നിധ്യത്തിൽ ഇന്ത്യൻ കുരുമുളക് വില കിലോയ്ക്ക് 75,200 രൂപയെന്ന റിക്കാർഡ് നിലവാരത്തിലെത്തി. ഗാർബിൾഡ് മുളകിന്റെ വില 77,200 രൂപയാണ്.
ഇതിനിടെ, വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 94.23ലേക്ക് ദുർബലമായത് രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളറിലേക്ക് നീങ്ങാൻ ഇടയാക്കി. കൊച്ചിയിൽ 183 ടണ്‍ മുളക് വിൽപനയ്ക്കെത്തി. തൊട്ടു മുൻവാരത്തേക്കാൾ പത്ത് ടണ്‍ കൂടുതലാണിത്. നാടൻ മുളക് കാർഷിക മേഖലകളിൽനിന്ന് കാര്യമായി ഇറങ്ങുന്നില്ല. ഒരു പരിധിവരെ ഉയർന്ന വിലയ്ക്കിടയിൽ പലരും വിറ്റുമാറി.
അന്താരാഷ്്ട്ര വിപണിയിൽ വിയറ്റ്നാമിന്റെയും ബ്രസീലിന്റെയും കയറ്റുമതി നീക്കങ്ങൾ ശ്രദ്ധേയമാണ്. നടപ്പുവർഷം ആദ്യ പത്ത് മാസം വിയറ്റ്നാം 2.37 ലക്ഷം ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. 2025നെ അപേക്ഷിച്ച് കയറ്റുമതിയിൽ 15 ശതമാനം വർധന. ഈ വർഷത്തെ അവരുടെ കുരുമുളക് കയറ്റുമതി വരുമാനം 153 കോടി ഡോളറിലെത്തി.
ഇന്ത്യൻ കുരുമുളക് റിക്കാർഡിൽ
ബ്രസീലിൽ ലഭ്യമായ അനുകൂല കാലാവസ്ഥ കൃഷിവികസനത്തിന് പ്രയോജനപ്പെടുത്തിയതോടെ കുരുമുളക് ഉത്പാദനം ഉയർന്നതായി അവർ വ്യക്തമാക്കുന്നു. നടപ്പുവർഷം മികച്ച വിളവെടുപ്പാണ് അവിടെ പ്രതീക്ഷിക്കുന്നത്. ബ്രസീലിന്റെ കുരുമുളക് കയറ്റുമതി ജനുവരി–ഒക്ടോബർ കാലയളവിൽ 72,364 ടണ്ണിലെത്തിയതായാണ് വിവരം. ബ്രസീലിൽനിന്ന് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ ഇറങ്ങുന്നത് രാജ്യാന്തര വിപണിയിൽ വിയറ്റ്നാമിന് കടുത്ത വെല്ലുവിളിയായി.
രാജ്യാന്തര വിപണിയിലെ ഈ മത്സരങ്ങൾക്കിടയിലും ഇന്ത്യൻ കുരുമുളക് സർവകാല റിക്കാർഡിലേക്ക് ചുവടുവച്ചത് ഏറെ ശ്രദ്ധേയം. ആഭ്യന്തര ഡിമാൻഡ് ശക്തമാണെങ്കിലും ബ്രസീലിന്റെ നീക്കം ആഗോളതലത്തിൽ ഉൽപന്നവിലയിൽ സാങ്കേതിക തിരുത്തലുകൾക്ക് ഇടയാക്കാം. ക്രിസ്മസ് ബയിംഗ് ഏതാണ്ട് അവസാനഘട്ടത്തിലാണ്. യുഎസ, യൂറോപ്യൻ ബയർമാർ ബയിംഗ് പൂർത്തിയാക്കി ഈ വാരമോ, അടുത്ത വാരത്തോടെയോടെ താത്കാലികമായി രംഗം വിടും. അവരുടെ പിന്മാറ്റം ആഗോള വിപണിയിൽ ചെറിയ മ്ലാനത പരത്താം.
വിളവെടുപ്പ് പുരോഗമിക്കുന്ന ബ്രസീൽ 5550 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ഇന്തോനേഷ്യ 6750 ഡോളറിനും ശ്രീലങ്ക 7300 ഡോളറിനും മലേഷ്യ 9100 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു
ക്രിസ്മസ്–പുതുവത്സര ഓർഡറുകൾ രാജ്യാന്തര വെളിച്ചെണ്ണവിപണിയിൽ ചൂടുപിടിക്കാൻ അവസരമൊരുക്കി. ഉത്സവാഘോഷങ്ങൾ മുന്നിൽക്കണ്ട് യൂറോപ്യൻ വാങ്ങലുകാര്‍ വെളിച്ചെണ്ണയിൽ പിടിമുറുക്കിയതോടെ നിരക്ക് ടണ്ണിന് 2125 ഡോളർ വരെ ഉയർന്നു. ഇതിന്റെ പ്രതിഫലനം രാജ്യാന്തര തലത്തിൽ കൊപ്രയ്ക്കും പുതുജീവൻ സമ്മാനിക്കാം. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ കൊപ്രലഭ്യത വരും ആഴ്ചകളിൽ ആഗോള വിപണിയുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കും.
നമ്മുടെ വെളിച്ചെണ്ണ വില ടണ്ണിന് 2723 ഡോളറാണ്. ദക്ഷിണേന്ത്യയിൽ നാളികേരം സംസ്കരിച്ച് കൊപ്രയാട്ടുന്നതിൽ അനുവർത്തിക്കുന്ന കർശന നിയന്ത്രണങ്ങൾ തന്നെയാണ് നമ്മുടെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉയർത്തുന്നത്. നമ്മുടെ എണ്ണയുമായി താരതമ്യം ചെയ്യുന്പോൾ ഫിലിപ്പീൻസ് എണ്ണ ഏറെ പിന്നിലാണ്. തമിഴ്നാട്ടിൽ കൊപ്ര ക്വിന്റലിന് 14,900 രൂപയിലും കൊച്ചിയിൽ 15,600 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 25,000 രൂപയാണ്. ദീപാവലി വേളയിൽ പ്രകാശം പരാത്താനാവാഞ്ഞ നമ്മുടെ വിപണിക്ക് അന്താരാഷ്്ട്ര വിപണിയിലെ പുതിയ ചലനങ്ങൾ പുതുജീവൻ പകരുമോ?
തേയിലയ്ക്കു കടുപ്പം കൂടും
വരൾച്ചാ ദിവസങ്ങൾ അവസാനിച്ചതോടെ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി. പ്രതികൂല കാലാവസ്ഥയിൽ സെപ്റ്റംബറിൽ ദക്ഷിണേന്ത്യൻ മേഖലയിലെ തേയില ഉത്പാദനം 15 ശതമാനം കുറഞ്ഞു. ഉയർന്ന പകൽച്ചൂടും മണ്‍സൂണ്‍ ദുർബലമായതും തമിഴ്നാട്ടിലെ കൂനൂർ അടക്കമുള്ള മേഖലകളിൽ കൊളുന്തുനുള്ളലിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ, നവംബറിൽ തണുപ്പിന് കട്ടി കൂടിയതോടെ തോട്ടങ്ങളിൽ തൊഴിലാളികൾ പരമാവധി കൊളുന്ത് നുള്ളാൻ ഉത്സാഹിക്കുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായാൽ വീണ്ടും തിരിച്ചടിക്കു സാധ്യതയുമുണ്ട്. രാത്രി കൊടുംതണുപ്പും പകൽ ഉയർന്ന താപനിലയും തുടർന്നാൽ കൊളുന്ത് കരിയാൻ ഇടയാകും.
ദക്ഷിണേന്ത്യൻ ലേലകേന്ദ്രങ്ങളിൽ തേയിലവിലയിൽ വാർഷിക മുന്നേറ്റമുണ്ടായി. കൊച്ചിയിൽ ശരാശരി വില കിലോയ്ക്ക് 160 രൂപയും കോയന്പത്തൂരിൽ 139 രൂപയും കൂനൂരിൽ 124 രൂപയുമാണ്. ക്രിസ്മസ് ഡിമാൻഡിനൊപ്പം ശൈത്യകാല ആവശ്യവും ഉയരുന്നത് ലേലത്തിൽ തേയിലയുടെ കടുപ്പം വർധിപ്പിക്കാം. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷം മൂലം ഏതാനും മാസങ്ങളായി ഗൾഫ് മേഖലയിലേക്കുള്ള തേയില കയറ്റുമതിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.
റബറിന് ചാഞ്ചാട്ടം
ഏഷ്യൻ റബർ അവധിവ്യാപാര കേന്ദ്രങ്ങളിൽ പിന്നിട്ട വാരത്തിലും ചാഞ്ചാട്ടം. കഴിഞ്ഞ നാലാഴ്ചത്തെ ഇടിവിനുശേഷം ജപ്പാൻ ഒസാക്കയിൽ റബർ വില ഉയർന്നു. റബർ ഏപ്രിൽ കരാർ കിലോയ്ക്ക് 441 യെന്നിലാണ് വെള്ളിയാഴ്ച. പിന്നിട്ട വാരത്തിൽ വില നാല് ശതമാനം മുന്നേറി. യെന്നിന്റെ വിനിമയമൂല്യം ദുർബലമായത് ജപ്പാൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിച്ചു.
ഉത്പാദന മേഖലകളിൽ കാലാവസ്ഥ മെച്ചപ്പെട്ടതും തായ്ലൻഡിൽ ടാപ്പിംഗ് രംഗം സജീവമാകുമെന്നതും വിപണിക്ക് വെല്ലുവിളിയാണ്. ചൈനീസ് ടയർ മേഖലയിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് സമ്മർദം ഉളവാക്കാം. ഒസാക്ക വിപണിയിൽ 445 യെന്നിലെ പ്രതിരോധം നിർണായകമാവും.
ടയർ നിർമാതാക്കൾ ഇന്ത്യൻ വിപണിയെ പിടിച്ചുകെട്ടി. നാലാം ഗ്രേഡിനെ മാസാരംഭത്തിൽ 300 രൂപയിലേക്ക് ഉയർത്തിയ അവർ കഴിഞ്ഞ വാരം റബർ വില 283 രൂപയിലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 280 രൂപയിലും ലാറ്റക്സ് 175 രൂപയിലുമാണ്.